ദില്ലി : വാര്‍ത്ത ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് പാക് ചാരസംഘടന ഇന്ത്യന്‍ പ്രതിരോധ സൈനികരില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. ഐഎസ്‌ഐ, ഇന്ത്യന്‍ സേന ന്യൂസ്, ഭാരതീയ സേന ന്യൂസ്, ഇന്ത്യന്‍ ഡിഫന്‍സ് ന്യൂസ് എന്നീ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ചോര്‍ത്താന്‍ ശ്രമിച്ചത്. ദേശീയ മാധ്യമമായ ന്യൂസ് 18 ആണ് ഇതുസംബന്ധിച്ച വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

സംശയകരമായ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷമാണ് ഒരു പാകിസ്ഥാന്‍ ഐപി അഡ്രസ് ഇന്റലിജന്‍സ് ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് എത്തിക്കല്‍ ഹാക്കര്‍മാരുടെ സഹായത്തോടെ സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ ഇത് പാക് ചാരസംഘടനയായ ഐഎസ്‌ഐയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഇതിലൂടെ 40,000 ത്തോളം ഇന്ത്യക്കാരുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അവര്‍ കൈക്കലാക്കിയെന്നും കണ്ടെത്തിയിരുന്നു. 

ഈ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ അറിയാതെ അവരുടെ കമ്പ്യൂട്ടറിന്റെയോ മൊബൈല്‍ ഫോണിന്റെയോ നിയന്ത്രണം കൈക്കലാക്കിയാണ് വിവരങ്ങള്‍ ചോര്‍ത്തിയിരുന്നത്. 

നിര്‍ത്തലാക്കുന്നതിന് മുമ്പ് സൈന്യവുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള 1200 പേര്‍ ഇന്ത്യന്‍ ഡിഫന്‍സ് ന്യൂസും 3,300 പേര്‍ ഭാരതീയ സേന ന്യൂസും പിന്തുടര്‍ന്നിരുന്നു. എന്നാല്‍ പിടിക്കപ്പെടും എന്നുറപ്പായപ്പോള്‍ ഈ മൂന്ന് ആപ്ലിക്കേഷനുകളും പിന്‍വലിക്കപ്പെട്ടു.