അമേരിക്കന്‍ ടെക് കമ്പനിയായ ഐബിഎം യുഎസില്‍ 2700 ജീവനക്കാരെ ഒഴിവാക്കുന്നു. മറ്റ് ടെക് ഭീമന്‍മാരായ ആമസോണും മെറ്റയും പിരിച്ചുവിടല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഐബിഎമ്മും ലേഓഫ് പ്രഖ്യാപിച്ചത്.
ന്യൂയോര്‍ക്ക്: ആമസോണിനും മെറ്റയ്‌ക്കും പിന്നാലെ മറ്റൊരു ടെക് ഭീമനായ ഐബിഎമ്മും പിരിച്ചുവിടല്‍ നടപടിയിലേക്ക് കടക്കുന്നു. അമേരിക്കയില്‍ ഏകദേശം 2700 ജീവനക്കാരെ ഐബിഎം പിരിച്ചുവിടും എന്നാണ് മണികണ്‍ട്രോളിന്‍റെ റിപ്പോര്‍ട്ട്. ഐബിഎമ്മിന്‍റെ ആഗോള ജീവനക്കാരില്‍ ഏതാണ്ട് ഒരു ശതമാനം പേര്‍ക്കാണ് തൊഴില്‍ നഷ്‌ടപ്പെടുക. കമ്പനിയുടെ പുനഃക്രമീകരണത്തിന്‍റെ ഭാഗമായാണ് ഐബിഎം പിരിച്ചുവിടല്‍ നടത്തുന്നതെന്ന് വാര്‍ത്തയില്‍ വിശദീകരിക്കുന്നു. പിരിച്ചുവിടല്‍ വാര്‍ത്ത ഐബിഎം സ്ഥിരീകരിച്ചുവെങ്കിലും, ചെറിയൊരു ശതമാനം ജീവനക്കാരെ മാത്രമേ ബാധിക്കൂവെന്നാണ് കമ്പനിയുടെ പ്രതികരണം.
ഐബിഎം കമ്പനിയും പിരിച്ചുവിടല്‍ പാതയില്‍
ആഗോള ടെക് ഭീമന്‍മാരിലൊന്നായ ഐബിഎം കമ്പനി അമേരിക്കയിലെ ജോലിക്കാരുടെ എണ്ണത്തിലാണ് കുറവ് വരുത്തുന്നത്. ആഗോളതലത്തില്‍ ഏകദേശം 270,000 ജീവനക്കാരാണ് ഐബിഎമ്മിനുള്ളത്. ഇവരിലെ ഏതാണ്ട് ഒരു ശതമാനം അഥവാ 2700 ജീവനക്കാരെയാണ് ഇപ്പോഴത്തെ പിരിച്ചുവിടല്‍ ബാധിക്കുക. 2025 അവസാനത്തോടെ പിരിച്ചുവിടല്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ഐബിഎം പദ്ധതിയിടുന്നു. അമേരിക്കയിലെ ജീവനക്കാരിലെ ചെറിയൊരു ശതമാനം പേരെ മാത്രമാണ് ഇപ്പോഴത്തെ നടപടി ബാധിക്കുകയെന്ന് ഐബിഎം അധികൃതര്‍ അവകാശപ്പെടുന്നു.
വന്‍കിട ടെക് കമ്പനികള്‍ ജീവനക്കാരുടെ എണ്ണം കുറച്ച് പ്രവര്‍ത്തന ചിലവ് കുറയ്‌ക്കുകയും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സില്‍ കൂടുതലായി ശ്രദ്ധിക്കുകയും ചെയ്യുന്ന ആഗോള ട്രെന്‍ഡിന്‍റെ തുടര്‍ച്ചയാണ് ഐബിഎമ്മിലെ പിരിച്ചുവിടലുമെന്ന് വിപണി വിദഗ്‌ധര്‍ പറയുന്നു. ജീവനക്കാരുടെ എണ്ണം കുറയ്‌ക്കുമ്പോഴും ഉത്പാദനക്ഷമതയില്‍ വീഴ്‌ച വരാതിരിക്കാന്‍ കമ്പനികള്‍ ശ്രദ്ധിക്കുന്നു. സോഫ്റ്റ്‌വെയര്‍ വരുമാനത്തില്‍ 10 ശതമാനം വളര്‍ച്ച അടുത്തിടെ രേഖപ്പെടുത്തിയപ്പോഴാണ് ഐബിഎം പുനഃക്രമീകരണത്തിന് മുതിരുന്നത് എന്നതാണ് ശ്രദ്ധേയം. വിപണിയുടെ പുത്തന്‍ രീതികള്‍ക്കനുസരിച്ച് മാറുന്നതിന്‍റെയും പുത്തന്‍ സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിന്‍റേയും ഭാഗമായാണ് ഐബിഎമ്മിലെ തൊഴില്‍ പുനഃക്രമീകരണമെന്ന് വിലയിരുത്തപ്പെടുന്നു.
ആമസോണും മെറ്റയും പിരിച്ചുവിട്ടവര്‍
ഇക്കഴിഞ്ഞ ഒക്‌ടോബര്‍ മാസത്തില്‍ ആമസോണ്‍ 14,000 ജോലികള്‍ വെട്ടിക്കുറച്ചിരുന്നു. അതേസമയം, മെറ്റ അവരുടെ എഐ വിഭാഗത്തില്‍ നിന്ന് 600 ജീവനക്കാരെയും ഒഴിവാക്കി. മനുഷ്യവിഭവശേഷിയില്‍ ആശ്രയത്വം കുറച്ച് ഓട്ടോമേഷനിലും എഐയിലും ശ്രദ്ധപതിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ടെക് ഭീമന്‍മാര്‍ ഇപ്പോള്‍ അടുത്തവട്ട പിരിച്ചുവിടലുകള്‍ക്ക് തുടക്കമിട്ടിരിക്കുന്നതെന്ന് വിദഗ്‌ധര്‍ വിലയിരുത്തുന്നു.



