ആപ്പിള്‍ 2026ല്‍ പുറത്തിറക്കുന്ന ഐഫോണ്‍ 18 എയര്‍ അള്‍ട്രാ-സ്ലിം ഫോണില്‍ ഇരട്ട റിയര്‍ ക്യാമറകള്‍ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫോണിന്‍റെ മറ്റ് ചില സ്‌പെസിഫിക്കേഷനുകളും പുറത്തുവന്നു. 

കാലിഫോര്‍ണിയ: ആപ്പിള്‍ കമ്പനി ഐഫോണ്‍ 17 സീരീസിനൊപ്പം പുറത്തിറക്കിയ ഐഫോണ്‍ എയര്‍ വലിയ ചര്‍ച്ചയായിരുന്നു. ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ ഐഫോണ്‍ എന്നതായിരുന്നു ഐഫോണ്‍ എയറിനുള്ള വിശേഷണം. എന്നാല്‍ ഡിസൈനില്‍ അമ്പരപ്പിച്ചപ്പോഴും വിപണിയില്‍ ചലനമുണ്ടാക്കാന്‍ ആദ്യ തലമുറ ഐഫോണ്‍ എയറിനായില്ല. ഇതോടെ ഐഫോണ്‍ എയറിന്‍റെ ഉല്‍പാദനം കുറയ്‌ക്കാന്‍ ആപ്പിള്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എയറിന്‍റെ ആദ്യ മോഡല്‍ വിപണിയില്‍ ശ്രദ്ധിക്കപ്പെടാതെ പോയതോടെ വമ്പന്‍ അപ്‌ഗ്രേഡിന് ഒരുങ്ങുകയാണ് ആപ്പിള്‍ എന്നാണ് പുത്തന്‍ റിപ്പോര്‍ട്ട്. ഐഫോണ്‍ എയര്‍ 2/ഐഫോണ്‍ 18 എയര്‍ എന്നിങ്ങനെ പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്ന അടുത്ത അള്‍ട്രാ-സ്ലിം ഐഫോണില്‍ ഇരട്ട റിയര്‍ ക്യാമറ വരുമെന്ന് ലീക്കുകളില്‍ പറയുന്നു.

ഐഫോണ്‍ 18 എയര്‍

2025 സെപ്റ്റംബറില്‍ പുറത്തിറങ്ങിയ അള്‍ട്രാ-സ്ലിം മോഡലായ ഐഫോണ്‍ എയറിന്‍റെ ആകെ കനം 5.6 മില്ലീമിറ്റര്‍ മാത്രമാണ്. ഐഫോണ്‍ എയറിന്‍റെ ഇന്ത്യയിലെ വിലത്തുടക്കം 1,19,900 രൂപയിലായിരുന്നു. എന്നാല്‍ നേര്‍ത്ത ഡിസൈന്‍ തരംഗമായെങ്കിലും ഐഫോണ്‍ എയര്‍ പണത്തിന് തക്കതായ മൂല്യം നല്‍കുന്നില്ല എന്ന ഉപയോക്താക്കളുടെ പരാതി വിപണിയില്‍ ആപ്പിളിനെ പിന്നോട്ടടിച്ചു. 48 മെഗാപിക്‌സലിന്‍റെ സിംഗിള്‍ റിയര്‍ ക്യാമറയായിരുന്നു ഐഫോണ്‍ എയര്‍ ഉപയോക്താക്കള്‍ ചൂണ്ടിക്കാണിച്ച പ്രധാന ന്യൂനത. ഇതോടെ തുടക്കത്തിലെ ഹൈപ്പിന് ശേഷം ഐഫോണ്‍ എയറിന്‍റെ വില്‍പന ആഗോളതലത്തില്‍ ഇടിഞ്ഞു. ഐഫോണ്‍ എയറിന്‍റെ രണ്ടാം തലമുറ മോഡലില്‍ ഇരട്ട റിയര്‍ ക്യാമറകള്‍ ഉള്‍പ്പെടുത്താന്‍ ആലോചിക്കുകയാണ് ആപ്പിള്‍ എന്നാണ് ഇപ്പോഴത്തെ സൂചനകള്‍. അടുത്ത ഐഫോണ്‍ എയറിന് ക്യാമറ അപ്‌ഗ്രേഡ് ഉണ്ടാവുമെന്ന് ടിപ്‌സ്റ്ററായ ഡിജിറ്റല്‍ ചാറ്റ് സ്റ്റേഷനാണ് വ്യക്തമാക്കിയത്. ഐഫോണ്‍ 18 എയര്‍ എന്നായിരിക്കും വരാനിരിക്കുന്ന എയര്‍ മോഡലിന്‍റെ പേര് എന്ന് പറയപ്പെടുന്നു. 48 മെഗാപിക്‌സലിന്‍റെ പ്രധാന സെന്‍സറിന് പുറമെ 48 എംപിയുടെ അള്‍ട്രാ-വൈഡ് ക്യാമറയും ഈ ഐഫോണ്‍ 18 എയറില്‍ ഉള്‍പ്പെടുത്താനാണ് ആലോചന.

ഐഫോണ്‍ 18 എയര്‍: ഡിസൈന്‍ റെന്‍ഡറും പുറത്ത്

ഐഫോണ്‍ എയര്‍ 2-ന്‍റേത് എന്നവകാശപ്പെടുന്ന ഒരു ഡിസൈന്‍ റെന്‍ഡറും ഡിജിറ്റല്‍ ചാറ്റ് സ്റ്റേഷന്‍ പുറത്തിവിട്ടിട്ടുണ്ട്. റിയര്‍ഭാഗത്ത് രണ്ടാമതൊരു ലെന്‍സ് കൂടി ചേര്‍ക്കപ്പെട്ടു എന്നത് മാറ്റിനിര്‍ത്തിയാല്‍ ഐഫോണ്‍ എയറിന്‍റെ അള്‍ട്രാ-തിന്‍ ഡിസൈനില്‍ മറ്റ് പ്രകടനമായ മാറ്റങ്ങളൊന്നും ഈ ചിത്രത്തില്‍ കാണാനില്ല. പ്രോ-മോഷന്‍ സാങ്കേതികവിദ്യയും ഫേസ്‌ഐഡിയും പിന്തുണയ്‌ക്കുന്ന 6.5 ഇഞ്ച് ഓലെഡ് ഡിസ്‌പ്ലെ അടുത്ത തലമുറ ഐഫോണ്‍ എയറിലും നിലനിര്‍ത്തുമെന്നും ലീക്കുകളില്‍ പറയുന്നു. രണ്ടാമതൊരു ക്യാമറ കൂടി ചേരുമ്പോള്‍ മുന്‍ഗാമിയുടെ 5.6 എംഎം കട്ടിയില്‍ നിന്ന് മാറ്റം ഫോണിനുണ്ടാകുമോ എന്ന് വ്യക്തമല്ല. ഐഫോണ്‍ 18 മോഡലുകള്‍ വരിക എ20, എ20 പ്രോ ചിപ്പുകളിലാണ് എന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്