ദില്ലി: പുതിയ ഓഫറുകളുമായി ഐഡിയ സെല്ലുലാര്‍ രംഗത്ത്. ജിയോയുടെ ന്യൂഇയർ ഓഫറുകളെ മറികടക്കാൻ ലക്ഷ്യമിട്ട് 198, 199 എന്നീ രണ്ടു പ്ലാനുകളാണ് ഐഡിയ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വോഡഫോണും 198 രൂപയുടെ പ്ലാൻ അവതരിപ്പിച്ചിരുന്നു. ജിയോയുടെ പ്ലാൻ 199 രൂപയാണ്.

ഐഡിയയുടെ പുതിയ ഓഫർ പ്രകാരം 198 രൂപയ്ക്ക് 28 ദിവസത്തേക്ക് 28 ജിബി ഡേറ്റ ഉപയോഗിക്കാം. ഐഡിയ ഇത് ആദ്യമായാണ് ഇത്രയും കുറഞ്ഞ നിരക്കിൽ ദിവസം ഒരു ജിബി നിരക്കല്‍ ഡേറ്റ നൽകുന്നത്. ഡേറ്റയ്ക്ക് പുറമെ ലോക്കൽ, എസ്ടിഡി കോളുകൾ പരിധിയില്ലാതെ വിളിക്കാം. 

എന്നാൽ 199 പ്ലാനിൽ ദിവസം ഒരു ജിബി ഡേറ്റയ്ക്ക് പുറമെ 100 എസ്എംഎസുകള്‍ അധികമായി നൽകുന്നുണ്ട്. ഇതിന്‍റെ കാലാവധിയും 28 ദിവസമാണ്. 357 രൂപയുടെ പ്ലാനിൽ 28 ദിവസത്തേക്ക് 56 ജിബി ഡേറ്റയാണ് നൽകുന്നത്. ആദ്യം ഹിമാചല്‍ പ്രദേശ് സര്‍ക്കിളിലാണ് ഈ ഓഫര്‍ ആദ്യം എത്തുക എന്നാണ് റിപ്പോര്‍ട്ട് തുടര്‍ന്ന് മറ്റ് സര്‍ക്കിളുകളില്‍ എത്തും.