ദില്ലി: കാലവര്‍ഷത്തെക്കുറിച്ച് കൃത്യമായി പ്രവചിക്കാന്‍ പുത്തന്‍ സാങ്കേതിക വിദ്യ ഒരുക്കാന്‍ ഇന്ത്യ. ഇതിനായി പുതിയ സൂപ്പര്‍ കംപ്യൂട്ടര്‍ വാങ്ങാനാണ് പദ്ധതി. കാലാവസ്‌ഥ വ്യതിയാനങ്ങളെക്കുറിച്ച് പഠിക്കുന്നതിനും വിവരങ്ങള്‍ നല്‍കുന്നതിനും സഹായകമാകുന്ന സൂപ്പര്‍ കംപ്യൂട്ടര്‍ പദ്ധതിക്ക് നാനൂറ് കോടിയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
കാലവര്‍ഷം രൂപപ്പെടുന്നുന്നതിന്‍റെ ത്രീഡി മാതൃകകള്‍ പുതി കംപ്യൂട്ടര്‍ സിസ്റ്റം വഴി തയ്യാറാക്കുവാന്‍ സാധിക്കും. നിലവിലുള്ള സംവിധാനത്തേക്കാള്‍ പത്തുമടങ്ങ് വേഗതയുള്ളതാകും പുതിയ സാങ്കേതികവിദ്യയെന്ന് ശാസ്‌ത്രജ്‌ഞര്‍ പറയുന്നു. അടുത്ത വര്‍ഷം മുതല്‍ പുതിയ സൗകര്യങ്ങള്‍ ഉപയോഗിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയുടെ കാര്‍ഷിക മേഖലയ്‌ക്ക് സഹായകമാകുന്നതാണ് പുതിയ പദ്ധതിയെന്ന് വിദഗ്‌ധര്‍ പറയുന്നു. വിത്തു വിതയ്‌ക്കല്‍ മുതല്‍ വിളവ് എടുക്കല്‍ വരെ മഴയെ ആശ്രയിച്ചാണെന്നതിനാല്‍ കര്‍ഷകര്‍ക്ക് പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ലഭ്യമാകുന്ന വിവരങ്ങള്‍ ഉപകാരപ്രദമാകും.
എല്ലാം കൃത്യമായി നടന്നാല്‍ 2017 ഓടെ നിലവിലെ സംവിധാനങ്ങള്‍ മാറി കാലാവസ്‌ഥയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്ന പുതിയ സംവിധാനം നിലവില്‍ വരുമെന്ന് ഉദ്യോഗസ്‌ഥര്‍ പറയുന്നു.
