ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചതും ഇന്ത്യന്‍ സൈന്യം വ്യാപകമായി ഇപ്പോള്‍ ഉപയോഗിക്കുന്നതുമായ സംഭവ് സ്‌മാര്‍ട്ട്‌ഫോണിന്‍റെ സവിശേഷതകള്‍ വിശദമായി
ദില്ലി: 2024 ഒക്ടോബറില്‍ ചൈനയുമായി നടന്ന അതിർത്തി ചർച്ചയിൽ സുരക്ഷിതമായ ആശയവിനിമയം ഉറപ്പാക്കാൻ ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചത് തദ്ദേശീയമായി വികസിപ്പിച്ച 'സംഭവ്' (Secure Army Mobile Bharat Version) സ്മാർട്ട്ഫോണുകൾ. രാജ്യസുരക്ഷ മുന്‍നിര്‍ത്തി സംഭവ് ഫോണുകള്‍ കൂടുതല്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോള്‍ നല്‍കിയിരിക്കുകയാണ് എന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പൂര്‍ണമായും എന്‍ക്രിപ്റ്റഡായ സംഭവ് സ്മാര്‍ട്ട്‌ഫോണുകള്‍ 5ജി സാങ്കേതികവിദ്യയിലുള്ളതാണ്.
തദ്ദേശീയമായി വികസിപ്പിച്ചതും കൂടുതല്‍ സുരക്ഷയുള്ളതുമായ 'സംഭവ്' സ്മാർട്ട്ഫോണുകൾ 30,000 സൈനിക ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചുകഴിഞ്ഞു. ഇന്ത്യന്‍ ആര്‍മി രാജ്യത്തെ വ്യവസായ-അക്കാദമിക് സമൂഹവുമായി ചേര്‍ന്ന് വികസിപ്പിച്ച സ്‌മാര്‍ട്ട്ഫോണാണ് സംഭവ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചൈനയുമായുള്ള അതിര്‍ത്തി ചര്‍ച്ചയില്‍ രഹസ്യസ്വഭാവം നിലനിര്‍ത്താന്‍ ഇന്ത്യന്‍ സൈന്യത്തെ സഹായിച്ചത് സംഭവ് ഫോണാണ്. തന്ത്രപ്രധാനമായ വിവരങ്ങളും രേഖകളും ആര്‍മി ഉദ്യോഗസ്ഥര്‍ക്ക് പരസ്പരം കൈമാറാനുള്ള പ്രത്യേക ആപ്ലിക്കേഷനുകള്‍ ഈ ഫോണിലുണ്ട്. വളരെ നൂതനമായ എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യയുള്ള സംഭവ് സ്മാര്‍ട്ട്‌ഫോണുകള്‍ സുരക്ഷിതമായ ആശയവിനിമയം ഉറപ്പുവരുത്തുന്നു.
സംഭവ് തദ്ദേശീയമായ ഉപഗ്രഹ-മാപ്പിംഗ് സംവിധാനം ഉള്‍പ്പെടുന്ന സ്‌മാര്‍ട്ട്ഫോണുകളാണ്. കിറുകൃത്യമായ നാവിഗേഷന്‍ ഉറപ്പുവരുത്തുന്നതിനൊപ്പം തന്ത്രപരമായ നീക്കങ്ങള്‍ക്ക് ഇന്ത്യന്‍ സൈന്യത്തിന് സഹായകമാവുകയും ചെയ്യുന്ന ഫീച്ചറാണിത്. വിവിധ നെറ്റ്‌വര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ തടസമില്ലാത്ത കണക്റ്റിവിറ്റി അതിര്‍ത്തി പ്രദേശങ്ങളിലും ഉള്‍ഗ്രാമങ്ങളിലും പോലും സംഭവ് ഫോണുകള്‍ ഉറപ്പാക്കും. സാധാരണ മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ സെന്‍സിറ്റീവ് വിവരങ്ങള്‍ അപകടത്തിലാക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷിത ആശയവിനിമയം ഉറപ്പുനല്‍കാന്‍ ലക്ഷ്യമിട്ട് തയ്യാറാക്കിയ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് മൊബൈല്‍ ഇക്കോ സിസ്റ്റമാണ് സംഭവ് എന്നാണ് ആര്‍മി വൃത്തങ്ങള്‍ വിശദീകരിച്ചതെന്ന് ഇന്ത്യാ ടുഡേയുടെ വാര്‍ത്തയില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
