വിക്കിലീക്സ് എന്നാല്‍ എന്താണെന്ന് ലോകത്തില്‍ വലിയോരു വിഭാഗത്തിനും സുപരിചിതമാണ്. അമേരിക്ക അടക്കമുള്ള ലോക രാജ്യങ്ങളിലെ രഹസ്യ വിവരങ്ങളാണ്  ജൂലിയന്‍ അസാഞ്ചിന്‍റെ നേതൃത്വത്തിലുള്ള സംഘം ലോകത്തിന് മുന്നില്‍ പരസ്യമാക്കിയത്. ഇത് ഉണ്ടാക്കിയ രാഷ്ട്രീയ മാധ്യമ മാറ്റങ്ങള്‍ ഏറെയാണ്. ഇപ്പോള്‍ വിക്കിലീക്സിന് ഒപ്പം വയ്ക്കാവുന്ന ഒരു സംഘം ഹാക്കര്‍മാര്‍  ഇന്ത്യയിലും ഉദയം കൊണ്ടുവെന്നാണ് പുതിയ വാര്‍ത്ത, ലീജിയന്‍ എന്ന ഹാക്കര്‍‌ ഗ്രൂപ്പിനെ ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. 

വിജയ് മല്യയുടെ ട്വിറ്റര്‍ അക്കൌണ്ട് ഹാക്ക് ചെയ്ത് സുപ്രധാന വിവരങ്ങള്‍ പുറത്തുവിട്ടതോടെയാണ് ഇവരെ രാജ്യം ശ്രദ്ധിച്ചു തുടങ്ങിയത്. പിന്നീട് രാഹുല്‍ ഗാന്ധിയുടെ അക്കൌണ്ട് ഹാക്ക് ചെയ്തതിന് പിന്നില്‍ ഞങ്ങളാണ് എന്ന് ഇവര്‍ അവകാശപ്പെട്ടു. ഇതിന് പുറമേ മാധ്യമപ്രവര്‍ത്തകരായ ബര്‍ക്കാദത്ത്, രവീഷ് കുമാര്‍ വ്യവസായി ലളിത് മോദി ഇങ്ങനെ ഹാക്ക് ചെയ്തവരുടെ പ്രോഫൈലുകള്‍ വലുതാണ് വലിയ വാര്‍ത്തകളാണ് ഇവര്‍ ഉണ്ടാക്കുക എന്നാണ് ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളുടെ കണക്കുകൂട്ടല്‍. അതിനാല്‍ തന്നെ ഇവരുടെ അഭിമുഖം വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നു.

ലീജിയന്‍റെ ലക്ഷ്യങ്ങള്‍

വരാന്‍ പോകുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് അന്ന് അവര്‍ സൂചന നല്‍കിയിരുന്നു. പ്രത്യേകിച്ച് ഒരു രാഷ്ട്രീയ ലക്ഷ്യവും തങ്ങള്‍ക്ക് ഇല്ലെന്ന് വ്യക്തമാക്കുന്ന അവര്‍ ജനങ്ങളില്‍ നിന്ന് ഒളിച്ചുവെക്കുന്ന പരമാവധി രഹസ്യങ്ങള്‍ പരസ്യമാക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ തങ്ങള്‍ക്കുള്ളൂവെന്ന് പറയുന്നു. എന്നാല്‍ തങ്ങള്‍ നിരുപദ്രവകാരികളായ ഹാക്കര്‍മാരാണെന്ന് കരുതേണ്ടെന്നും ഇവര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. 

കുറ്റകൃത്യങ്ങളിലും മയക്കുമരുന്നിലും ആനന്ദം കണ്ടെത്തുന്ന ഒരു സംഘമെന്നാണ് ലീജിയന്‍ സ്വയം വിശേഷിപ്പിക്കുന്നത് തന്നെ. ഇന്ത്യയിലെ 40,000ല്‍ അധികം സെര്‍വറുകളില്‍ നിന്ന് തങ്ങള്‍ വിവരങ്ങള്‍ മോഷ്ടിച്ചിട്ടുണ്ടെന്നും പലരുടെയും ടെലിഫോണ്‍, ഇ-മെയില്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. 

രാജ്യത്തെ ഏറ്റവും വലിയ ആശുപത്രി ശൃംഖലകളിലൊന്നായ അപ്പോളോയുടെ നെറ്റ്‍വര്‍ക്കില്‍ നിന്നും സുപ്രധാന വിവരങ്ങള്‍ മോഷ്ടിച്ചിട്ടുണ്ടെന്നും ലീജിയന്‍ പറയുന്നു. ഒരു ടെറാബൈറ്റ് വരുന്ന വിവരങ്ങള്‍ ഉടനെ ജനങ്ങള്‍ക്ക് മുന്നില്‍ പരസ്യപ്പെടുത്തുമെന്നും അവര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

വിമര്‍ശനങ്ങള്‍

ഇപ്പോള്‍ ഹാക്ക് ചെയ്യപ്പെട്ട വിവരങ്ങളാണ് വിമര്‍ശനത്തിന് പ്രധാന കാരണം. കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാറിന് എതിരെ തിരിഞ്ഞ മാധ്യമ പ്രവര്‍ത്തകരെയാണ് ഇപ്പോള്‍ ഇവര്‍ ഹാക്ക് ചെയ്തിരിക്കുന്നത്. അതില്‍ തന്നെ കാര്യമായി ഒന്നും ഇവര്‍ കണ്ടെത്തിയെന്ന് പറയാന്‍ സാധിക്കില്ല. അതോടൊപ്പം വിജയ് മല്യ, ലളിത് മോദി എന്നിവരുമായി ബന്ധപ്പെട്ട ഹാക്കിംഗ് സൂചനകള്‍ കോണ്‍ഗ്രസിലേക്കാണ് നയിക്കുന്നത് എന്ന രീതിയില്‍ വാര്‍ത്തകളും വന്നു. അതിനാല്‍ തന്നെ ഭരണകക്ഷികള്‍ സ്പോണ്‍സറിംഗ് ഹാക്കിംഗ് ഗ്രൂപ്പാണ് എന്നാണ് പ്രധാന വിമര്‍ശനം.

എന്നാല്‍ ലീജിയന്‍ അംഗങ്ങള്‍ ഫാക്ടര്‍ ഡെയ്ലിക്ക് നല്‍കിയ അഭിമുഖത്തില്‍ തങ്ങള്‍ക്ക് രാഷ്ട്രീയ ചായ്വുകള്‍ ഇല്ലെന്ന് വ്യക്തമാക്കുന്നു. വാഷിംഗ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ രാഷ്ട്രീയ വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ താല്‍പ്പര്യമില്ലെന്ന് ഇവര്‍‌ പറയുന്നു. ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയോട് എന്തെങ്കിലും അനുഭാവം ലീജിയന് ഇല്ല, ബിജെപി അംഗങ്ങളുടെ വിവരങ്ങള്‍ സ്വന്തമാക്കുവാനും ഞങ്ങള്‍ക്ക് സാധിക്കും, പക്ഷെ ഇത്തരം വിവരങ്ങള്‍ ലഭിച്ചാല്‍ അതിന്‍റെതായ സമയത്ത് ഞങ്ങള്‍ പുറത്തുവിടും, ലീജിയന്‍ പറയുന്നു.

ഇതിനകം ചെയ്തത്

ഇപ്പോള്‍ തന്നെ വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും, സര്‍ക്കാറിന്‍റെയും അടക്കം ടെറബൈറ്റുകള്‍ വരുന്ന വിവരം ഇതിനകം ശേഖരിച്ചു കഴിഞ്ഞു, അത് ചില വ്യക്തികള്‍ വാര്‍ത്ത പ്രധാന്യത്തില്‍ എത്തുന്നതോടെ പുറത്തുവിടാന്‍ ആണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് വാഷിംഗ്ടണ്‍ പോസ്റ്റ് അഭിമുഖത്തില്‍ ലീജിയന്‍ അംഗം പറയുന്നു. 

ഇന്ത്യയില്‍ പ്രശസ്തമായ ഒരു ഇ-മെയില്‍ സേവനത്തിലെ 5 ലക്ഷം കോപ്പറേറ്റ് ഉപയോക്താക്കളുടെ വിവരങ്ങള്‍, ഇന്ത്യയിലെ തന്നെ പ്രിമീയം ആശുപത്രി ശൃംഖലയായ അപ്പോളയുടെ സര്‍വറിലെ വിവരങ്ങള്‍ എന്നിവ തങ്ങളുടെ കയ്യിലുണ്ടെന്നാണ് ഇവരുടെ വിവരം. ഇന്ത്യയിലെ ബാങ്കിംങ്ങ് മേഖലയില്‍ വലിയ പ്രശ്നങ്ങളാണ് നിലനില്‍ക്കുന്നത് എന്ന് ഇവര്‍ പറയുമ്പോള്‍, ക്യാഷ് ലെസ് ഇക്കോണമി പറയുന്ന കാലത്ത് വലിയ വെല്ലുവിളിയാണ് ഉണ്ടാക്കുന്നത്.

മയക്കുമരുന്ന് അടിമകളോ?

അതീവ സുരക്ഷിതമായി വിവിധ സര്‍വറുകളില്‍ കടന്ന് ആക്രമണം നടത്തുന്ന സംഘത്തെ മുന്നോട്ട് നയിക്കുന്നത് ലഹരിമരുന്നാണ് എന്നാണ് ഫാക്ടര്‍ ഡെയ്ലിയുമായുള്ള അഭിമുഖത്തില്‍ ഇവര്‍ തന്നെ പറയുന്നത്.