ട്രെയിൻ കോച്ചുകൾ കഴുകുന്നതിനായി ഇന്ത്യൻ റെയിൽവേ ഉയർന്ന മർദ്ദമുള്ള ഡ്രോൺ ക്ലീനിംഗ് സംവിധാനങ്ങൾ പരീക്ഷിക്കാൻ തുടങ്ങി. വീഡിയോ എക്‌സില്‍ പങ്കുവെച്ച് റെയില്‍വേ മന്ത്രാലയം. 

ഗുവാഹത്തി: ട്രെയിൻ കോച്ചുകൾ കഴുകുന്നതിനായി ഇന്ത്യൻ റെയിൽവേ ഉയർന്ന മർദ്ദമുള്ള ഡ്രോൺ ക്ലീനിംഗ് സംവിധാനങ്ങൾ പരീക്ഷിക്കാൻ തുടങ്ങി. ഡ്രോണുകളുടെ സഹായത്തോടെ അമൃത് ഭാരത് എക്‌സ്‌പ്രസ് വൃത്തിയാക്കുന്ന വീഡിയോ റെയിൽ‌വേ മന്ത്രാലയം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്‌തു. എന്നാല്‍ ഇതിലും ചിലവ് കുറഞ്ഞ രീതികള്‍ ട്രെയിനുകള്‍ വൃത്തിയാക്കാനുണ്ടെന്ന് കാണിച്ച് ഏറെ വിമര്‍ശനം ഈ വീഡിയോകള്‍ക്ക് താഴെ പ്രത്യക്ഷപ്പെട്ടു. ഇന്ത്യന്‍ റെയില്‍വേയുടെ മുന്‍ഗണനകളെ കുറിച്ചും ശക്തമായ വിമര്‍ശനങ്ങള്‍ ആളുകള്‍ ഉയര്‍ത്തുന്നു. 

ട്രെയിന്‍ കഴുകാന്‍ ഡ്രോണുകള്‍

ഈ പുതിയ ഡ്രോൺ ക്ലീനിംഗ് സംവിധാനം ഉപയോഗിച്ച് ഗുജറാത്തിലെ ഉദ്‌ന-ബ്രഹ്മപൂർ അമൃത് ഭാരത് എക്‌സ്പ്രസ് വൃത്തിയാക്കുന്ന വീഡിയോ ആണ് റെയിൽ‌വേ മന്ത്രാലയം പോസ്റ്റ് ചെയ്‌തത്. ഈ വീഡിയോ വളരെപ്പെട്ടെന്ന് വൈറലുമായി. പരമ്പരാഗത മാനുവൽ സ്‌ക്രബ്ബിംഗിനെ ആശ്രയിക്കുന്നതിനുപകരം ഡ്രോണുകൾ ഉപയോഗിച്ച് ട്രെയിൻ മുഴുവനും കഴുകുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയിൽ. ഡ്രോൺ ട്രെയിനിലേക്ക് വെള്ളം തളിക്കുന്നതും പുറത്തുനിന്ന് വൃത്തിയാക്കുന്നതും വീഡിയോയിൽ കാണാം. 'ഡ്രോൺ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്ലീനിംഗ് അമൃത് ഭാരത് എക്‌സ്പ്രസിന് കളങ്കമില്ലാത്ത തിളക്കം നൽകുന്നു"- എന്ന അടിക്കുറിപ്പോടെയാണ് റെയിൽവേ മന്ത്രാലയം ഈ വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.

ഉയർന്ന മർദ്ദത്തിലുള്ള സ്പ്രേ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത ഡ്രോണുകൾ ആണിത്. അമൃത് ഭാരത് എക്‌സ്പ്രസിന്‍റെ 25 കോച്ചുകളും അര മണിക്കൂർ കൊണ്ട് ഈ ഡ്രോണുകൾ വൃത്തിയാക്കി. മൂന്ന് മണിക്കൂർ വരെ എടുക്കുന്ന സാധാരണ മാനുവൽ പ്രക്രിയയെ അപേക്ഷിച്ച് വളരെ കുറവ് സമയം മാത്രമാണിത്. ഡ്രോണുകൾ കോച്ചുകളുടെ മുകളിലേക്ക് പറക്കുകയും അവിടെ അഴുക്കും പൊടിയും നീക്കം ചെയ്യുന്നതിനായി ഉയർന്ന മർദ്ദത്തിൽ വെള്ളം തളിക്കുകയും ചെയ്യുന്നു. കോച്ചുകൾ വൃത്തിയാക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല ഈ ഡ്രോണുകൾ. റെയിൽവേ സ്റ്റേഷൻ മേൽക്കൂരകൾ ഉൾപ്പെടെ എത്തിപ്പെടാന്‍ പ്രയാസമുള്ള പ്രദേശങ്ങളിലും വൃത്തിയാക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കാം.

Scroll to load tweet…

സൂറത്തിൽ നിന്നുള്ള രണ്ട് യുവ ടെക്കികളാണ് ഈ ഡ്രോൺ സംവിധാനം വികസിപ്പിച്ചെടുത്തത്. മൂന്ന് ലക്ഷം മുതൽ നാല് ലക്ഷം രൂപ വരെയാണ് നിർമ്മാണച്ചെലവ്. ഇത് നൂതനമാണെന്ന് മാത്രമല്ല, സാമ്പത്തികമായി ലാഭകരവുമാണ്. ഈ ഡ്രോൺ ക്ലീനിംഗ് സംവിധാനത്തിന്‍റെ വിപുലമായ നടപ്പാക്കലിനായി റെയിൽവേ ബോർഡിന് ഉദ്യോഗസ്ഥർ ഒരു നിർദ്ദേശം അയച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഈ നിർദ്ദേശത്തിന് അംഗീകാരം ലഭിച്ചാൽ, ഈ സാങ്കേതികവിദ്യ ഉടൻ തന്നെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ഉപയോഗിക്കും. പ്രത്യേകിച്ച് എക്‌സ്‌പ്രസ്, ദീർഘദൂര ട്രെയിനുകളില്‍ ഇതൊരു പതിവ് സവിശേഷതയായി മാറും. ഇത് മനുഷ്യാധ്വാനത്തിന്‍റെ ആവശ്യകത കുറയ്ക്കുന്നതിനൊപ്പം ശുചിത്വം മെച്ചപ്പെടുത്തുകയും ചെയ്യും.

സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണം

അതേസമയം, ഇന്ത്യൻ റെയിൽവേയുടെ ഈ നീക്കത്തിന് പ്രശംസ ലഭിച്ചിട്ടുണ്ടെങ്കിലും സോഷ്യൽ മീഡിയയിൽ സമ്മിശ്ര അഭിപ്രായമാണ് ഉയരുന്നത്. വൈറലായ വീഡിയോ കണ്ട ചില ഉപയോക്താക്കൾ ഇന്ത്യൻ റെയിൽവേയുടെ മുൻഗണനകളെ ചോദ്യം ചെയ്‌തു. ട്രെയിൻ ടോയ്‌ലറ്റുകളിലെ ശുചിത്വത്തിന് കൂടുതൽ അടിയന്തിര ശ്രദ്ധ അർഹിക്കുന്നുവെന്ന് ചിലർ എഴുതി. ആദ്യം ട്രെയിനുകള്‍ കൃത്യസമയത്ത് ഓടിക്കാൻ നോക്കണമെന്ന് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. ഇതെല്ലാം നല്ലതാണെന്നും പക്ഷേ ട്രെയിനുകൾ കൃത്യസമയത്ത് ഓടുകയും അപകടങ്ങൾ കുറയ്ക്കുകയും ചെയ്യുന്നതുവരെ ഈ ശ്രമങ്ങൾ ഉപരിപ്ലവമായി തോന്നുന്നുവെന്നും വേറൊരാൾ എഴുതി. ട്രെയിനുകളിലെയും പ്ലാറ്റ്‌ഫോമുകളിലെയും ടോയ്‌ലറ്റുകൾക്ക് അടിയന്തിര നവീകരണം ആവശ്യമാണെന്നും, മറ്റെന്തിനേക്കാളും മുമ്പ് അവിടെ നിന്ന് മാറ്റങ്ങള്‍ ആരംഭിക്കട്ടേയെന്നും യാത്രക്കാര്‍ എഴുതി.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്