ഇന്ത്യൻ യാത്രക്കാർക്ക് ഡിജിറ്റൽ അനുഭവം മെച്ചപ്പെടുത്തുകയും യുപിഐയെ ആഗോളതലത്തിൽ വിശ്വസനീയമായ ഒരു പേയ്‌മെന്‍റ് സംവിധാനമാക്കി മാറ്റുകയും ചെയ്യുക എന്നതാണ് എന്‍പിസിഐയുടെ ലക്ഷ്യം
KNOW
ടോക്യോ: ജപ്പാനിൽ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഡിജിറ്റൽ പേയ്‌മെന്‍റുകൾ സുഗമമാക്കുന്നതിനായി നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) അന്താരാഷ്ട്ര വിഭാഗമായ എൻപിസിഐ ഇന്‍റർനാഷണൽ പേയ്‌മെന്‍റ്‌സ് ലിമിറ്റഡ് (എൻഐപിഎൽ), പ്രമുഖ ജാപ്പനീസ് ഐടി, ബിസിനസ് സേവന കമ്പനിയായ എൻടിടി ഡാറ്റ ജപ്പാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇന്ത്യൻ ഡിജിറ്റൽ പേയ്‌മെന്‍റുകൾ കൂടുതൽ അന്താരാഷ്ട്ര തലത്തിലേക്ക് മാറ്റുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്‌പിന്‍റെ ഭാഗമായിട്ടാണ് ഈ നീക്കം.
യുപിഐ ജപ്പാനിലേക്കും
ഈ പങ്കാളിത്തത്തെത്തുടർന്ന്, ജപ്പാനിലെ എൻടിടി ഡാറ്റയുടെ പരിധിയില്‍ വരുന്ന വ്യാപാര സ്ഥലങ്ങളിൽ യുപിഐ ആപ്പുകൾ ഉപയോഗിച്ച് ക്യുആർ കോഡുകൾ സ്‌കാൻ ചെയ്‌തുകൊണ്ട് ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് പേയ്‌മെന്‍റുകൾ നടത്താൻ കഴിയും എന്ന് എൻപിസിഐ പറഞ്ഞു. ഇത് ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് പേയ്‌മെന്‍റ് അനുഭവം എളുപ്പവും ലളിതവുമാക്കും. ഈ കരാർ ഒരു തന്ത്രപരമായ പങ്കാളിത്തത്തിന് അടിത്തറയിടുന്നുവെന്നും കൂടാതെ ജാപ്പനീസ് വിപണിയിൽ യുപിഐ സ്വീകാര്യതയിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണെന്നും ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഡിജിറ്റൽ പേയ്‌മെന്‍റ് അനുഭവം മെച്ചപ്പെടുത്തുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം എന്നും എൻപിസിഐ വ്യക്തമാക്കി.
ഈ പങ്കാളിത്തം ഇന്ത്യൻ യാത്രക്കാർക്ക് ജപ്പാനിലെ ഏത് കടയിലോ റസ്റ്റോറന്‍റിലോ ഒരു ക്യുആർ കോഡ് സ്‍കാൻ ചെയ്യാനും യുപിഐ ഉപയോഗിച്ച് നേരിട്ട് പണമടയ്ക്കാനും അനുവദിക്കും. ഇത് ഇന്ത്യക്കാർക്ക് വിദേശ യാത്ര എളുപ്പമാക്കുക മാത്രമല്ല, ജാപ്പനീസ് ബിസിനസുകൾക്ക് പുതിയ ഉപഭോക്താക്കളെ നൽകുകയും ചെയ്യും. ജപ്പാനിൽ യുപിഐ സ്വീകാര്യതയിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് ഈ പങ്കാളിത്തം എന്ന് എൻഐപിഎൽ എംഡിയും സിഇഒയുമായ റിതേഷ് ശുക്ല പറഞ്ഞു. ഇന്ത്യൻ യാത്രക്കാർക്ക് ഡിജിറ്റൽ അനുഭവം മെച്ചപ്പെടുത്തുകയും യുപിഐയെ ആഗോളതലത്തിൽ വിശ്വസനീയമായ ഒരു പേയ്‌മെന്‍റ് സംവിധാനമാക്കി മാറ്റുകയും ചെയ്യുക എന്നതാണ് ലക്ഷ്യം എന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ നിന്ന് എത്തുന്ന യാത്രക്കാർക്കായി തങ്ങളുടെ പേയ്‌മെന്‍റ് ഓപ്ഷനുകൾ വിപുലീകരിക്കുകയാണെന്ന് എൻടിടി ഡാറ്റ ജപ്പാനിലെ പേയ്‌മെന്‍റ്‌സ് മേധാവി മസനോരി കുരിഹാര പറഞ്ഞു. ഈ സഹകരണം ഇരു രാജ്യങ്ങളുടെയും ബിസിനസ്, ടൂറിസം മേഖലകൾക്ക് പുതിയ ഉത്തേജനം നൽകും എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ജപ്പാൻ ടൂറിസം ഏജൻസിയുടെ കണക്കുകൾ പ്രകാരം, 2025 ജനുവരി മുതൽ ഓഗസ്റ്റ് വരെ 280,000-ത്തിലധികം ഇന്ത്യക്കാർ ജപ്പാൻ സന്ദർശിച്ചു. ഇത് 2024-നെ അപേക്ഷിച്ച് 36% വർധനവ്. യുപിഐ പേയ്‌മെന്‍റുകൾ നിലവിൽ വരുന്നതോടെ, ഈ എണ്ണം കൂടുതൽ വേഗത്തിൽ വളരുമെന്ന് പ്രതീക്ഷിക്കുന്നു. സുരക്ഷിതവും വേഗതയേറിയതും താങ്ങാനാവുന്നതുമായ ഡിജിറ്റൽ പേയ്‌മെന്‍റ് സംവിധാനത്തിലൂടെ ലോകത്തെ ബന്ധിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ കാഴ്‌ചപ്പാടിനെ ഈ കരാർ കൂടുതൽ ശക്തിപ്പെടുത്തുന്നു.
യുപിഐ സേവനം ലഭ്യമായ രാജ്യങ്ങള്‍
ഇന്ത്യയുടെ യുപിഐ ഇപ്പോൾ 10 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ഖത്തർ, ഫ്രാൻസ്, സിംഗപ്പൂർ, ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക, മൗറീഷ്യസ്, ടൊബാഗോ, ട്രിനിഡാഡ് എന്നീ രാജ്യങ്ങളുടെ പട്ടികയിലേക്കാണ് ഇപ്പോൾ ജപ്പാനും ചേർന്നിരിക്കുന്നത്.



