ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) സുരക്ഷയ്ക്കായി ഇന്ത്യയുടെ രീതി ലോകരാജ്യങ്ങളിൽ നിന്നും വ്യത്യസ്‍തമാണെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് മന്ത്രി അശ്വിനി വൈഷ്‍ണവ്
ദില്ലി: ലോകത്തിലെ മറ്റ് പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) സുരക്ഷയിൽ വ്യത്യസ്‌തമായ പാതയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് മന്ത്രി അശ്വിനി വൈഷ്‍ണവ്. നിരവധി രാജ്യങ്ങൾ എഐ സുരക്ഷയെ പ്രധാനമായും നിയമപരമായ വെല്ലുവിളിയായി കാണുമ്പോൾ, ഇന്ത്യ ഒരു സാങ്കേതിക-നിയമ സമീപനമാണ് പിന്തുടരുന്നതെന്ന് മന്ത്രി വിശദീകരിച്ചു. നീതി ആയോഗ് സംഘടിപ്പിച്ച എഐ വികസന പദ്ധതി പരിപാടികളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അശ്വിനി വൈഷ്‍ണവ്.
എഐയില്‍ ഇന്ത്യക്ക് വ്യത്യസ്‌ത സമീപനം
എഐ മേഖലയിൽ കർശനമായ നിയന്ത്രണങ്ങളെക്കാൾ നവീകരണത്തിനാണ് ഇന്ത്യ മുൻഗണന നൽകുന്നതെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രി അശ്വിനി വൈഷ്‍ണവ് വ്യക്തമാക്കി. നിയമങ്ങളിലും നിയന്ത്രണ സ്ഥാപനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന യൂറോപ്പിലും ലോകത്തിന്‍റെ മറ്റ് പല ഭാഗങ്ങളിലും നിന്ന് വ്യത്യസ്‌തമായ സമീപനമാണിത്. മികച്ച പ്രാവീണ്യം, ചില നിർണായക സാങ്കേതികവിദ്യകളിൽ ശക്തമായ ആത്മവിശ്വാസം എന്നിവ ഇല്ലെങ്കിൽ ഒരു രാജ്യത്തിനും വികസിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ലെന്നും അദേഹം പറഞ്ഞു. ടെലികോം, സെമികണ്ടക‌്‌ടറുകൾ, ഇലക്‌ട്രോണിക് വാഹനങ്ങൾ, ബയോടെക്നോളജി, അഡ്വാൻസ്‌ഡ് എഞ്ചിനുകൾ, ക്വാണ്ടം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നുവെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി, ഈ സാങ്കേതികവിദ്യകളുടെ കൂട്ടത്തിൽ ചേർത്ത ഏറ്റവും പ്രധാനപ്പെട്ട പുതിയ ഘടകം എഐ ആണെന്ന് അശ്വനി വൈഷ്‍ണവ് വ്യക്തമാക്കി. നമ്മുടെ എല്ലാ കാര്യങ്ങളിലും ഇന്‍റർനെറ്റ് മാറ്റം വരുത്തിയതുപോലെ, നമ്മൾ ജോലി ചെയ്യുന്ന രീതി, ജീവിക്കുന്ന രീതി, ഉപഭോഗം ചെയ്യുന്ന രീതി, കുട്ടികളെ പഠിപ്പിക്കുന്ന രീതി, ആരോഗ്യ സംരക്ഷണം നൽകുന്ന രീതി തുടങ്ങി എല്ലാത്തിലും എഐ അടിസ്ഥാനപരമായി മാറ്റം വരുത്തും എന്നും അശ്വിനി വൈഷ്‍ണവ് കൂട്ടിച്ചേര്‍ത്തു.
എഐ വികസനം പ്രധാന
ഇന്ത്യ എഐ സാങ്കേതികവിദ്യയിലും എഐയുടെ വികസനത്തിലും ഉപയോഗത്തിലും മുൻപന്തിയിലാണെന്ന് ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാാണെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്‍ണവ് പറഞ്ഞു. എഐ സാങ്കേതികവിദ്യക്ക് അഭിഭാജ്യമായ 10,000 ഗ്രാഫിക്‌സ് പ്രോസസിംഗ് യൂണിറ്റിന്‍റെ സ്ഥാനത്ത് ഇന്ത്യയിൽ എല്ലാവർക്കുമായി 38,000 ജിപിയുകൾ ലഭ്യമാണ് എന്നും അശ്വനി വൈഷ്‍ണവ് പറഞ്ഞു.



