ഇന്‍സ്റ്റയില്‍ വയലന്‍സ് നിറഞ്ഞ വീഡിയോകളുടെ അതിപ്രസരം, എന്ത് പറ്റിയെന്ന് അറിയാതെ യൂസര്‍മാര്‍, ഒടുവില്‍ പരസ്യമായി മാപ്പ് പറഞ്ഞ് മെറ്റ
കാലിഫോര്‍ണിയ: മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ ഇന്‍സ്റ്റഗ്രാമില്‍ വയലന്‍സ് നിറഞ്ഞ വീഡിയോ ഉള്ളടക്കങ്ങള്‍ ഏറെ കണ്ടതിന്‍റെ ഞെട്ടലിലാണോ നിങ്ങള്‍? എന്താണ് സംഭവിച്ചത് എന്ന് പിടികിട്ടാതെ നിങ്ങളുടെ കിളി പാറിയോ? ഇന്‍സ്റ്റയില്‍ സംഭവിച്ച ഈ പിഴവിന് യൂസര്‍മാരോട് മാപ്പ് ചോദിച്ചിരിക്കുകയാണ് മെറ്റയെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മെറ്റയ്ക്ക് സംഭവിച്ച ഒരു പിഴവ് കാരണമാണ് ഇന്‍സ്റ്റയില്‍ വയലന്‍സ് നിറഞ്ഞ റീല്‍സ് വീഡിയോ ഉള്ളടക്കങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ലോക വ്യാപകമായി നിരവധി ഇന്‍സ്റ്റഗ്രാം യൂസര്‍മാര്‍ പേഴ്‌സണല്‍ റീല്‍സ് ഫീഡില്‍ ഈ പ്രശ്നം അഭിമുഖീകരിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള പരാതികളും സ്ക്രീന്‍ഷോട്ടുകളും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിറഞ്ഞു. സെന്‍സിറ്റീവായ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാനുള്ള സെന്‍സിറ്റീവ് കണ്ടന്‍റ് കണ്‍ട്രോള്‍ (Sensitive Content Control) എന്ന ഓപ്ഷന്‍ എനാബിള്‍ ചെയ്തിട്ടും വയലന്‍സ് ഉള്ളടങ്ങള്‍ റീല്‍സ് ഫീഡിലെത്തി. എന്നാല്‍ എന്താണ് ശരിക്കും സംഭവിച്ച സാങ്കേതിക പിഴവെന്നും, എത്ര ഇന്‍സ്റ്റ ഉപയോക്താക്കളെ ഈ സാങ്കേതിക പ്രശ്നം ബാധിച്ചതായും മെറ്റ വ്യക്തമാക്കിയിട്ടില്ല.
'ചില ഉപയോക്താക്കൾക്ക് അവരുടെ ഇൻസ്റ്റാഗ്രാം റീൽസ് ഫീഡിൽ റെക്കമെന്‍റ് ചെയ്യപ്പെടാത്ത ഉള്ളടക്കങ്ങള്‍ കാണുന്നതിന് കാരണമായ പിഴവ് ഞങ്ങൾ പരിഹരിച്ചു, തെറ്റിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു'- എന്നുമാണ് മെറ്റ വക്താവിന്‍റെ പ്രതികരണം.
വയലന്‍സ് നിറഞ്ഞ വീഡിയോ ഉള്ളടങ്ങള്‍ സാധാരണയായി പ്രോത്സാഹിപ്പിക്കാറില്ല എന്നാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ്, ത്രഡ്‌സ് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ മാതൃ കമ്പനിയായ മെറ്റയുടെ പക്ഷം. ഇത്തരം കണ്ടന്‍റുകള്‍ ഫീഡില്‍ നിന്ന് നീക്കം ചെയ്യുകയാണ് സാധാരണയായി ചെയ്യാറെന്ന് മെറ്റ വാദിക്കുന്നു. എങ്കിലും മുമ്പും മെറ്റ മോശം ഉള്ളടക്കങ്ങളുടെ പേരില്‍ പ്രതിരോധത്തിലായിട്ടുണ്ട്. അടുത്തിടെ അമേരിക്കയില്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ത്രഡ്‌സ് എന്നിവയിലെ ഫാക്ട് ചെക്കിംഗ് അവസാനിപ്പിക്കാന്‍ മെറ്റ തീരുമാനിച്ചത് വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.
Read more: റീല്‍സിന് മാത്രമായി പുതിയ ആപ്പ്, ടിക്ടോക്കിനെ ഞെട്ടിക്കാന്‍ ഇന്‍സ്റ്റഗ്രാം- റിപ്പോര്‍ട്ട്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
