മെറ്റയുടെ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി ഇടാന്‍ നിങ്ങളൊരു സാധാരണ ഫോട്ടോ തെരഞ്ഞെടുത്താല്‍ മതി. അത് ദീപാവലി നിറങ്ങളും പടക്കങ്ങളും ദീപാലങ്കാരങ്ങളും രംഗോലികളും ചേര്‍ത്ത് എഐ കളറാക്കി തരും. 

തിരുവനന്തപുരം: ദീപാവലി കളറാക്കാന്‍ പ്രത്യേക ഫീച്ചറുകള്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. ഇന്‍സ്റ്റഗ്രാമില്‍ ദീപാവലി പശ്ചാത്തലത്തിലുള്ള ഫോട്ടോകളും വീഡിയോകളും സ്റ്റോറികളാക്കാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടുള്ളതാണ് ഈ അപ്‌ഡേറ്റ്. മെറ്റ എഐയുടെ സഹായത്തോടെ സ്റ്റോറികളില്‍ ദീപാവലി നിറങ്ങളും പടക്കങ്ങളും ദീപാലങ്കാരങ്ങളും രംഗോലികളും ഇഫക്‌ടുകളും ചേര്‍ക്കാം. വീഡിയോകളില്‍ ദീപാവലി ഇഫക്‌ടുകള്‍ ചേര്‍ക്കണമെങ്കില്‍ എ‍ഡിറ്റ്സ് ആപ്പ് ഉപയോഗിക്കണം.

ദീപാവലി കളറാക്കാം

ദീപാവലി സീസണിന് അനുയോജ്യമായ മൂഡ് ലഭിക്കുന്ന രീതിയില്‍ ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും പുത്തന്‍ ടെക്‌സ്‌ചറുകളും നിറങ്ങളും മൂഡും നല്‍കാന്‍ കഴിയുന്ന 'റീസ്റ്റൈല്‍ ടൂള്‍' ആണ് ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും ചേര്‍ക്കാന്‍ കഴിയുന്ന മൂന്നുവീതം തീമുകള്‍ ഇതിലുണ്ട്. ദീപാവലിക്ക് അനുയോജ്യമായ രീതിയിലുള്ള നിറങ്ങളും ദീപങ്ങളുമൊക്കെയാണ് ഇതിലുണ്ടാവുക. ഫോട്ടോകളില്‍ പടക്കങ്ങള്‍, രംഗോലി, ദിയാസ് എന്നിവ ചേര്‍ക്കാം. വീഡിയോകളില്‍ വിളക്ക്, മാരിഗോള്‍ഡ്, രംഗോലി എന്നീ ഇഫക്‌ടുകളും ചേര്‍ക്കാം. ഇന്ത്യയില്‍ ഒക്‌ടോബര്‍ 29 വരെ ഈ ദീപാവലി ഇഫക്‌ടുകള്‍ ഇന്‍സ്റ്റഗ്രാമില്‍ ലഭിക്കും. ഇന്ത്യക്ക് പുറമെ യുഎസ്, കാനഡ, സിംഗപ്പൂര്‍, ഓസ്ട്രേലിയ എന്നിവിടങ്ങളിലുള്ള ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ലഭിക്കും.

എങ്ങനെ ഇന്‍സ്റ്റഗ്രാമില്‍ ദീപാവലി ഇഫക്‌ടുകള്‍ ഉപയോഗിക്കാം

ഇന്‍സ്റ്റഗ്രാമില്‍ ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ ആദ്യം സ്റ്റോറീസ് ഇടാനുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇതിന് ശേഷം പതിവുപോലെ ക്യാമറ റോളില്‍ നിന്ന് ഫോട്ടോ തെരഞ്ഞെടുക്കുക. തുടര്‍ന്ന് മുകളിലെ ബാറില്‍ നിന്ന് (paintbrush) ഓപ്ഷന്‍ തെരഞ്ഞെടുക്കുക. അപ്പോള്‍ ദീപാവലി തീമിലുള്ള മൂന്ന് ഇഫക്‌ടുകള്‍ കാണാനാകും. ഇവയില്‍ നിന്നൊരു ഇഫക്‌ട് തെരഞ്ഞെടുത്താല്‍ അത് മെറ്റ എഐ അതിഗംഭീര ദീപാവലി ചിത്രമാക്കി തിരികെ തരും. കുറച്ചു സെക്കന്‍ഡുകള്‍ കാത്തിരിക്കണമെന്ന് മാത്രം. ഇനി ഈ ചിത്രം നേരിട്ട് സ്റ്റോറിയാക്കാം.

അതേസമയം, ഇന്‍സ്റ്റഗ്രാമില്‍ ദീപാവലി തീമിലുള്ള വീഡിയോകള്‍ സ്റ്റോറിയായി ചെയ്യണമെങ്കില്‍ എഡിറ്റ്സ് ആപ്പ് ഉപയോഗിക്കണം. പ്ലസ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്‌ത് റീലിലോ, ക്യാമറയിലോ, ഗാലറിയിലോ നിന്ന് നിങ്ങള്‍ക്കാവശ്യമായ വീഡിയോ തെരഞ്ഞെടുക്കുക. ടൈംലൈനില്‍ വച്ച് വീഡിയോ ടാപ് ചെയ്‌ത ശേഷം, റീസ്റ്റൈല്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കാം. വിളക്ക്, മാരിഗോള്‍ഡ്, രംഗോലി എന്നീ മൂന്ന് ഇഫക്‌ടുകളിലൊന്ന് തെരഞ്ഞെടുത്ത ശേഷം വീഡിയോ എക്‌സ്‌പോര്‍ട്ട് ചെയ്‌ത് സ്റ്റോറിയിടാം.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്