റിയൽമി ജിടി 8 സ‌്‌മാര്‍ട്ട്‌ഫോണ്‍ സീരീസ് ഒക്‌ടോബര്‍ 21-ന് ചൈനയില്‍ ലോഞ്ച് ചെയ്യും. റിയൽമി ജിടി 8, റിയൽമി ജിടി 8 പ്രോ എന്നീ രണ്ട് ഹാന്‍ഡ്‌സെറ്റുകളാണ് ഈ ശ്രേണിയില്‍ വരുന്നത്.

ചൈനീസ് സ്‍മാർട്ട്‌ഫോൺ നിർമ്മാതാക്കളായ റിയൽമി അടുത്തയാഴ്‌ച റിയൽമി ജിടി 8 സീരീസ് പുറത്തിറക്കും. ഈ സീരീസിൽ റിയൽമിയുടെ ജിടി 8 ഉം, ജിടി 8 പ്രോയും ഉൾപ്പെടും. ഈ സ്‍മാർട്ട്‌ഫോണുകള്‍ ഒക്‌ടോബര്‍ 21-ന് ലോഞ്ച് ചെയ്യുമെന്ന് റിയൽമി ചൈനീസ് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ വെയ്‌ബോയിലെ ഒരു പോസ്റ്റിൽ പ്രഖ്യാപിച്ചു. വരാനിരിക്കുന്ന ജിടി 8 സീരീസിന്‍റെ കളർ ഓപ്ഷനുകൾ, സ്പെസിഫിക്കേഷനുകൾ, ഡിസൈൻ എന്നിവ വെളിപ്പെടുത്തുന്ന പുതിയ പോസ്റ്ററുകളും വീഡിയോകളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

റിയൽമി ജിടി 8 പ്രോ: സവിശേഷതകള്‍

ഈ പരമ്പരയിലെ റിയൽമി ജിടി 8 പ്രോയിൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറാണ് നൽകുന്നത്. 144 ഹെർട്‌സ് റിഫ്രഷ് റേറ്റുള്ള 2കെ 10-ബിറ്റ് LTPO BOE ഫ്ലാറ്റ് ഒഎൽഇഡി ഡിസ്‌പ്ലേ ഈ സ്‌മാർട്ട്‌ഫോണിൽ ഉണ്ടായിരിക്കും. റിയൽമി ജിടി 8 പ്രോയുടെ ക്യാമറയ്ക്ക് 28 എംഎം ഉം, 40 എംഎമ്മും ഫോക്കൽ ലെങ്ത് ഉണ്ടായിരിക്കും. ഉപയോക്താക്കൾക്ക് ഫോക്കസ് ദൂരം മുൻകൂട്ടി സജ്ജമാക്കാനുള്ള ഓപ്ഷൻ നൽകുന്ന ഒരു ക്വിക്ക് ഫോക്കസ് മോഡും ഇതിൽ ഉണ്ടായിരിക്കും.

റിയല്‍മി ജി 8 പ്രോയുടെ പ്രധാന സവിശേഷതകളിലൊന്ന് ജനപ്രിയ ക്യാമറ നിർമ്മാതാക്കളായ റിക്കോ (Ricoh)-യുമായുള്ള സഹകരണത്തിന് ശേഷം ബ്രാൻഡിൽ നിന്ന് പുറത്തിറങ്ങുന്ന ആദ്യ ഫോണായിരിക്കും ഇത് എന്നതാണ്. റിക്കോ ഇമേജിംഗുമായി സംയുക്തമായി വികസിപ്പിച്ചെടുത്ത ഒരു ക്യാമറ സിസ്റ്റം ഈ സ്‍മാർട്ട്‌ഫോണുകളിൽ ഉണ്ടായിരിക്കും. ഒരു സ്‌മാർട്ട്‌ഫോണിൽ റിക്കോയുടെ ജിആര്‍ സീരീസ് സാങ്കേതികവിദ്യയുടെ ആദ്യ സംയോജനമാണിത്. പരസ്‌പരം മാറ്റാവുന്ന ക്യാമറ മൊഡ്യൂളുകൾ ഈ സ്‌മാർട്ട്‌ഫോണുകളിൽ ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. റിയൽമി ജിടി 8 പ്രോയുടെ പിൻ ക്യാമറ യൂണിറ്റിൽ 200-മെഗാപിക്‌സൽ 1/1.56-ഇഞ്ച് സാംസങ് എച്ച്‌പി 5 പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ ഉണ്ടായിരിക്കും. ഇതിനുപുറമെ, 50-മെഗാപിക്‌സൽ അൾട്രാ-വൈഡ് ക്യാമറയും കാണാം. റിക്കോ ജിആര്‍-ന്‍റെ ഒപ്റ്റിക്കൽ മാനദണ്ഡങ്ങൾ പാലിക്കുന്ന ഒരു അൾട്രാ-ഹൈ ട്രാൻസ്‍പരൻസി ലെൻസ് ഗ്രൂപ്പ് ഈ സ്‌മാർട്ട്‌ഫോണിൽ ഉണ്ടാകും. സുരക്ഷയ്ക്കായി റിയൽമി ജിടി 8 പ്രോയിൽ ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്‍റ് സെൻസർ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ഈ സ്‌മാർട്ട്‌ഫോണിന്‍റെ 7,000 എംഎഎച്ച് ബാറ്ററി 120 വാട്‌സ് വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കും.

റിയൽമി ജിടി 8: സവിശേഷതകള്‍

സ്‍നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റിന് പുറമെ, 6.6 ഇഞ്ച് ഡിസ്‌പ്ലേയും 7,000 എംഎഎച്ച് ബാറ്ററിയും റിയൽമി ജിടി 8-ൽ വരുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. അൾട്രാസോണിക് ഇൻ-സ്‌ക്രീൻ ഫിംഗർപ്രിന്‍റ് സെൻസറും മെറ്റൽ മിഡിൽ ഫ്രെയിമും ഇതിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. സ്റ്റാൻഡേർഡ് ജിടി 8-ൽ റിക്കോ ജിആര്‍ കളർ പ്രൊഫൈലുകളും ഒപ്റ്റിമൈസേഷനുകളും ലഭ്യമാകാനുള്ള സാധ്യതയുണ്ട്.