ഇന്‍സ്റ്റഗ്രാം ഉപയോക്താക്കൾക്ക് കമന്റുകൾ എഡിറ്റ് ചെയ്യാനുള്ള പുതിയ ഫീച്ചർ മെറ്റ അവതരിപ്പിച്ചു. കമന്റ് പോസ്റ്റ് ചെയ്ത് 15 മിനിറ്റിനുള്ളിൽ ടൈപ്പിംഗ് പിഴവുകൾ തിരുത്താനും വാക്യഘടന മാറ്റാനും ഈ ഫീച്ചർ സഹായിക്കും. എഡിറ്റ് ചെയ്ത കമന്റുകളിൽ 'edited' എന്ന് കാണിക്കുമെങ്കിലും പഴയ കമന്റ് മറ്റുള്ളവർക്ക് കാണാൻ സാധിക്കില്ല.

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാമില്‍ ഏതെങ്കിലുമൊരു പോസ്റ്റിന് താഴെ നിങ്ങളിട്ട കമന്‍റ് തിരുത്തണം എന്ന് തോന്നിയാല്‍ എന്ത് ചെയ്യും? നാളിതുവരെ ആ കമന്‍റ് ഡിലീറ്റ് ചെയ്യുക അല്ലാതെ മറ്റൊരു ഓപ്ഷനും ഉപയോക്താക്കളുടെ മുന്നിലുണ്ടായിരുന്നില്ല. എന്നാല്‍ ഇന്‍സ്റ്റഗ്രാം കമന്‍റുകള്‍ ഡിലീറ്റ് ചെയ്യുന്നതിന് പകരം, എഡിറ്റ് ചെയ്യാന്‍ നിങ്ങളെ അനുവദിക്കുന്ന പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ. എന്നാല്‍ ചില നിയന്ത്രണങ്ങളോടെയാണ് ഇത്തരത്തില്‍ കമന്‍റുകള്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കുക.

ഇന്‍സ്റ്റഗ്രാമില്‍ ഇനി കമന്‍റുകള്‍ എഡിറ്റ് ചെയ്യാം 

ഇന്‍സ്റ്റഗ്രാമില്‍ ഇനി മുതല്‍ കമന്‍റുകള്‍ എഡിറ്റ് ചെയ്യാം. കമന്‍റില്‍ എന്തെങ്കിലും ടൈപ്പിംഗ് എറര്‍ വന്നാലോ, കുറച്ചുകൂടി നന്നായി കമന്‍റ് രേഖപ്പെടുത്തണം എന്ന് തോന്നിയാലോ ഈ ഫീച്ചര്‍ നിങ്ങള്‍ക്ക് ഗുണകരമാകും. ചെറിയ തെറ്റുകള്‍ക്ക് വരെ ഇന്‍സ്റ്റഗ്രാം കമന്‍റ് ഡീലിറ്റ് ചെയ്യേണ്ടിയിരുന്ന ഇതുവരെയുള്ള സാഹചര്യം ഇതോടെ ഒഴിവാകും. എന്നാല്‍ കമന്‍റ് തിരുത്താന്‍ ചില നിബന്ധനകള്‍ ഇന്‍സ്റ്റഗ്രാം അധികൃതര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. കമന്‍റ് ചെയ്‌ത ശേഷം 15 മിനിറ്റ് സമയം വരെ മാത്രമേ അതിന്‍മേല്‍ എഡിറ്റിംഗ് സാധ്യമാവുകയുള്ളൂ. ഈ സമയപരിധിക്കുള്ളില്‍ ഒന്നല്ല, പലവട്ടം നിങ്ങള്‍ക്ക് ആ കമന്‍റ് എഡിറ്റ് ചെയ്യാന്‍ സാധിക്കും. കമന്‍റ് ഡിലിറ്റ് ചെയ്‌ത ശേഷം പുതിയത് ഇടുന്നതിന് പകരം ടൈപ്പിംഗ് പിഴവുകള്‍ പെട്ടെന്ന് തിരുത്താന്‍ ഇത് വഴിയൊരുക്കും. വാക്യഘടനകള്‍ മാറ്റി നിങ്ങളുടെ കമന്‍റ് കൂടുതല്‍ മനോഹരമാക്കുകയും ചെയ്യാം. എന്നാല്‍ നിങ്ങള്‍ ഇത്തരത്തില്‍ ഒരു ഇന്‍സ്റ്റഗ്രാം കമന്‍റ് എഡിറ്റ് ചെയ്യുമ്പോള്‍, ആ കമന്‍റ് എഡിറ്റ് ചെയ്‌തിട്ടുള്ളതായി മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് ദൃശ്യമാകും. എങ്കിലും, തിരുത്തുന്നതിന് മുമ്പുള്ള പഴയ കമന്‍റിലേക്ക് ആക്‌സസ് രണ്ടാമതൊരാള്‍ക്ക് ഇന്‍സ്റ്റഗ്രാം അധികൃതര്‍ നല്‍കില്ല. ടെക്സ്റ്റ് കമന്‍റുകള്‍ മാത്രമേ എഡിറ്റ് ചെയ്യാനാവൂ എന്ന പ്രത്യേകതയുമുണ്ട്. അതായത്, ടെക്സ്റ്റ് കമന്‍റിനൊപ്പം എന്തെങ്കിലും ചിത്രം ഉണ്ടെങ്കില്‍ ആ ഫോട്ടോയില്‍ എഡിറ്റിംഗ് സാധ്യമാവില്ല.

ഇന്‍സ്റ്റഗ്രാം ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത് പോലെ കമന്‍റുകളും മെസേജുകളും പോസ്റ്റുകളും എഡിറ്റ് ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ പല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കും നിലവിലുണ്ട്. ഫേസ്ബുക്കിലേത് പോലെ, ചിലപ്പോള്‍ ഇവയുടെ എഡിറ്റ് ഹിസ്റ്ററി മറ്റുള്ളവര്‍ക്ക് ദൃശ്യമാവുകയും ചെയ്യും. കമന്‍റുകള്‍ മോഡിഫൈ ചെയ്യാനുള്ള സൗകര്യം യൂട്യൂബും റെഡ്ഡിറ്റും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ ഇത് എഡിറ്റഡ് കമന്‍റാണെന്ന് അതില്‍ സൂചന നല്‍കിയിരിക്കും. അതേസമയം മൈക്രോ ബ്ലോഗിംഗ് ആപ്പായ എക്‌സ്, ഒരു പോസ്റ്റ് ചെയ്‌തതിന് നിശ്ചിത സമയത്തിനുള്ളില്‍ അതില്‍ എഡിറ്റിംഗ് അനുവദിക്കുന്നുണ്ട്. എന്നാല്‍ ഈ ഫീച്ചര്‍ പ്രധാനമായും പെയ്‌ഡ്‌ യൂസര്‍മാര്‍ക്കാണ് ലഭ്യമാവുന്നത്.

കമന്‍റ് എഡിറ്റിംഗ് ഫീച്ചര്‍ എല്ലാവര്‍ക്കും ലഭിക്കും

കമന്‍റുകള്‍ എ‍ഡിറ്റ് ചെയ്യാനുള്ള ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം അധികൃതര്‍ ചുരുക്കം ആപ്പ് യൂസര്‍മാരില്‍ കുറച്ചുകാലമായി പരീക്ഷിച്ച് വരികയായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ, കമന്‍റ് എഡിറ്റിംഗ് ഫീച്ചര്‍ കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് ഉടന്‍ ലഭ്യമാവും.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming