Asianet News MalayalamAsianet News Malayalam

ജിയോ കിട്ടുന്നില്ലെ, നെറ്റ് വേഗത കുറഞ്ഞോ ഇതാണ് കാരണം

Internet speed test
Author
New Delhi, First Published Dec 13, 2016, 4:53 PM IST

ദില്ലി: ഇന്നലെ മുതല്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് വേഗത ഗണ്യമായി കുറഞ്ഞെന്ന പരാതി ഉയരുകയാണ്. കാരണം എന്താണെന്നല്ലേ? തമിഴ്‌നാട് തീരങ്ങളില്‍ വീശിയടിച്ച വര്‍ദ ചുഴലിക്കാറ്റിന്‍റെ പ്രതിഫലനമാണ് ഡിജിറ്റല്‍ രംഗത്തെയും ബാധിച്ചിരിക്കുന്നത്.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റിന്റെ വേഗത ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്. ചുഴലിക്കാറ്റില്‍ കടലിനടിയിലൂടെയുളള ഡിജിറ്റല്‍ കേബിളുകള്‍ക്ക് നാശം സംഭവിച്ചതാണ് ഇന്റര്‍നെറ്റിന്റെ വേഗതയെ ബാധിക്കാന്‍ കാരണം.

വര്‍ദ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയില്‍ നിന്നുള്ള തങ്ങളുടെ ഫൈബര്‍ കണക്ടിവിറ്റിക്ക് തടസങ്ങള്‍ നേരിടുകയാണെന്ന് വോഡഫോണ്‍ ഔദ്യോഗിക പ്രസ്താവനയിലൂടെ ഇന്ന് അറിയിച്ചു. അതിനാല്‍ ട്രാന്‍സ് പസിഫിക് റൂട്ടിലൂടെയാണ് ഇന്റര്‍നെറ്റ് ട്രാഫിക് നീങ്ങുന്നതെന്നും ഇതാണ് വേഗത കുറയാന്‍ കാരണമെന്നും വോഡഫോണ്‍ അറിയിച്ചു.

ചുഴലിക്കാറ്റ് കാരണം കടലിനടിയിലെ തങ്ങളുടെ കേബിളുകള്‍ക്ക് നാശം സംഭവിച്ചെന്നും ഇത് താത്കാലികമായി ഇന്റര്‍നെറ്റ് വേഗത കുറയ്ക്കുമെന്നും എയര്‍ടെലും ഇന്ന് ഉപഭോക്താക്കളെ അറിയിച്ചു. മൊബൈല്‍ സേവനദാതാക്കള്‍ക്ക് പുറമെ, ബാങ്കിങ്ങ് മേഖലയിലും വര്‍ദ ചുഴലിക്കാറ്റ് പ്രതിസന്ധി സൃഷ്ടിച്ചു. 

കോര്‍പ്പറേഷന്‍ ബാങ്ക് മുതലായ ഓണ്‍ലൈന്‍ ബാങ്കിങ്ങ് സൈറ്റുകള്‍ നാല് മണിക്കൂറോളമാണ് തടസപ്പെട്ടത്. ഒപ്പം, എയര്‍ഇന്ത്യയുടെ ഇ കൊമേഴ്‌സ് സൈറ്റിലും സമാന രീതിയില്‍ മാസ്റ്റര്‍ കാര്‍ഡ് പെയ്‌മെന്റ് നടത്താന്‍ തടസങ്ങള്‍ നേരിട്ടു.

Follow Us:
Download App:
  • android
  • ios