ശ്രീഹരിക്കോട്ട: അത്യപൂര്‍വ്വ ബഹിരാകാശ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച് ഐഎസ്ആര്‍ഒ ചരിത്രമെഴുതി. ഒരു വിക്ഷേപണത്തില്‍ ഏറ്റവും കൂടുതല്‍ കൃത്രിമോപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിക്കാനുള്ള മഹാവിക്ഷേപണമാണ് ഐഎസ്ആര്‍ഒ വിജയകരമാക്കിയത്. ഈ മഹാ വിക്ഷേപണവുമായി ബന്ധപ്പെട്ട 10 പ്രധാന കാര്യങ്ങള്‍.

ഇന്ന് വിക്ഷേപിച്ച 104 ഉപഗ്രഹങ്ങളില്‍ 101 എണ്ണം വിദേശരാജ്യങ്ങളുടെയും, സ്വകാര്യ ആവശ്യത്തിനുള്ള മോണോ സാറ്റ്ലെറ്റുകളോ ആണ്.

ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് ഈ ദൗത്യം ആരംഭിച്ചത്, ഇതില്‍ കാര്‍ട്ടോസാറ്റിന്‍റെ ഒരു സാറ്റ്ലെറ്റിന്‍റെ ഉപഗ്രഹം 730 കിലോ ഗ്രാം ആണ്, മറ്റ് രണ്ട് ഉപഗ്രഹങ്ങള്‍ 19 കിലോ ഗ്രാമുമാണ്. എന്നിട്ടും വിക്ഷേപണ വാഹനത്തില്‍ 600 കിലോഗ്രാം സ്പൈസ് ബാക്കിയുണ്ടായിരുന്നു. ഇവിടെയാണ് ബാക്കിയുള്ള 101 മോണോ സാറ്റ്ലെറ്റുകള്‍ ഉള്‍കൊള്ളിച്ചത്.

വിദേശരാജ്യങ്ങളില്‍ കസാഖിസ്ഥാന്‍, യുഎഇ, സ്വിറ്റ്സര്‍ലാന്‍റ്, അമേരിക്ക, നെതര്‍ലാന്‍റ് എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ ഇന്ന് ഐഎസ്ആര്‍ഒ ബഹിരാകാശത്ത് എത്തിച്ചു.

2016 ജൂണില്‍ ഇന്ത്യ ഒറ്റ വിക്ഷേപണത്തില്‍ 20 കൃത്രിമോപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിച്ചിരുന്നു

ഇന്ത്യയുടെ ഈ ദൗത്യത്തിന്‍റെ ചിലവ് ഹോളിവുഡ് ബഹിരാകാശ ചിത്രം ഗ്രാവിറ്റിയുടെ മൊത്തം നിര്‍മ്മാണചിലവിനെക്കാള്‍ കുറവാണ്.

ഇന്ത്യന്‍ ബഹിരാകാശ ബിസിനസില്‍ വലിയ കുതിപ്പാണ് ഈ വിക്ഷേപണം സൃഷ്ടിക്കുക കൂടുതല്‍ രാജ്യങ്ങള്‍ തങ്ങളുടെ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിക്കാന്‍ ഇന്ത്യയെ സമീപിക്കും.

ഈ വിക്ഷേപണത്തിന്‍റെ 50 ശതമാനത്തിന് മുകളില്‍ ചിലവ് മറ്റ് രാജ്യങ്ങളുടെ കൃത്രിമോപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിച്ച 'ഫീസ്' ഇനത്തില്‍ ഐഎസ്ആര്‍ഒയ്ക്ക് ലഭിച്ചു.

ഇന്ത്യന്‍ ബഹിരാകാശ ദൗത്യങ്ങള്‍ ചിലവ് കുറഞ്ഞതാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ സാധിച്ചു, 2013 ല്‍ ഇന്ത്യ 73 ദശലക്ഷം ഡോളര്‍ ചിലവഴിച്ചാണ് ചൊവ്വദൗത്യം നിര്‍വഹിച്ചത്, എന്നാല്‍ ഇതേ സമയത്ത് നാസ നടത്തിയ മാവേന്‍ ചൊവ്വ ദൗത്യത്തിന് ചിലവായ തുക 671 ദശലക്ഷം ഡോളറായിരുന്നു

അടുത്തതായി വ്യാഴം, ശുക്രന്‍ ഗ്രഹങ്ങളെ ലക്ഷ്യമാക്കിയുള്ള ബഹിരാകാശ ദൗത്യത്തിനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോര്‍ട്ട്

ഐഎസ്ആര്‍ഒയ്ക്കുള്ള കേന്ദ്രസഹായം ഇപ്പോഴുള്ള ബഡ്ജറ്റില്‍ 23 ശതമാനമായി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരുന്നു.