Asianet News MalayalamAsianet News Malayalam

ചന്ദ്രനെ അറിയാന്‍ മൂന്നാം ദൗത്യം; എല്‍വിഎം 3 ന്‍റെ സഹായത്തോടെ കുതിച്ചുയരാന്‍ ചന്ദ്രയാന്‍ മൂന്ന്

മൂന്ന് ഘടകങ്ങൾ ചേ‍‌ർന്നതാണ് ഇന്ത്യയുടെ ചന്ദ്രയാൻ മൂന്ന് ദൗത്യം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ വിക്ഷേപണത്തിനുള്ള 25 അരമണിക്കൂര്‍ നീളുന്ന കൗണ്ട് ഡൗണ്‍ തുടങ്ങും. നാളെ (14.7.'23) ഉച്ചയ്ക്ക് രണ്ടരയോടെ ശ്രീഹരിക്കോട്ടയില്‍ നിന്നും ചന്ദ്രയാന്‍ മൂന്ന് ദൗത്യവുമായി എല്‍വിഎം 3 കുതിച്ചുയരും. 

ISROs third mission to explore the moon bkg
Author
First Published Jul 13, 2023, 11:41 AM IST


ന്ദ്രയാൻ മൂന്ന് വിക്ഷേപണത്തിന് ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. വിക്ഷേപണ വാഹനം സതീഷ് ധവാന്‍ സ്പെയിസ് സെന്‍ററിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ തയ്യാറായി നില്‍ക്കുകയാണ്. ചന്ദ്രയാൻ രണ്ടിൽ നിന്ന് മൂന്നിലേക്ക് വരുമ്പോൾ എന്തൊക്കെയാണ് ചന്ദ്രയാനിലെ മാറ്റങ്ങൾ? ചന്ദ്രയാൻ മൂന്നിലെ മൂന്ന് വ്യത്യസ്തഘടകങ്ങളെ വിശദമായി പരിചയപ്പെടാം. ചന്ദ്രനിൽ ഇറങ്ങാൻ പോകുന്ന ലാൻഡർ, ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കാൻ പോകുന്ന റോവർ. പിന്നെ ലാൻഡറിനെ ചാന്ദ്ര ഭ്രമണപഥം വരെയെത്തിക്കാൻ പോകുന്ന പ്രൊപ്പൽഷൻ മൊഡ്യൂൾ. അങ്ങനെ മൂന്ന് ഘടകങ്ങൾ ചേ‍‌ർന്നതാണ് ഇന്ത്യയുടെ ചന്ദ്രയാൻ മൂന്ന് ദൗത്യം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ വിക്ഷേപണത്തിനുള്ള 25 അരമണിക്കൂര്‍ നീളുന്ന കൗണ്ട് ഡൗണ്‍ തുടങ്ങും. നാളെ (14.7.'23) ഉച്ചയ്ക്ക് രണ്ടരയോടെ ശ്രീഹരിക്കോട്ടയില്‍ നിന്നും ചന്ദ്രയാന്‍ മൂന്ന് ദൗത്യവുമായി എല്‍വിഎം 3 കുതിച്ചുയരും. 

ഇന്ധനമടക്കം 2,148 കിലോഗ്രാം ഭാരമുണ്ട് പ്രൊപ്പൽഷൻ മൊഡ്യൂളിന്. കഴിഞ്ഞ തവണത്തേതിൽ നിന്നുള്ള പ്രധാന മാറ്റങ്ങളിൽ ഒന്ന് ഓ‌‌ർബിറ്റ‍ർ അഥവാ പ്രൊപ്പൽഷൻ മൊഡ്യൂളിൽ കാര്യമായ ശാസ്ത്ര ഗവേഷണ ഉപകരണങ്ങളില്ല എന്നുള്ളതാണ്. SHAPE അഥവാ  Spectro-polarimetry of HAbitable Planet Earth (SHAPE) എന്ന ഒരേയൊരു പേ ലോഡാണ് ഓർബിറ്ററിൽ ഉള്ളത്. (ചാന്ദ്ര ഭ്രമണപഥത്തിൽ നിന്ന് ഭൂമിയെ നിരീക്ഷിക്കാനുള്ളതാണ് ഈ ഉപകരണം).  നിലവില്‍ ചന്ദ്രനെ ഭ്രമണം ചെയ്യുന്നതിൽ വച്ച് എറ്റവും ശേഷിയുള്ള ഉപഗ്രഹങ്ങളിലൊന്നാണ് ചന്ദ്രയാൻ രണ്ടിന്‍റെ ഓർബിറ്റർ. അത്  കൊണ്ടാണ് ഇക്കുറി പ്രൊപ്പൽഷൻ മൊഡ്യൂളിൽ കാര്യമായ ഉപകരണങ്ങൾ ഇല്ലാത്തതെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കുന്നു. 

അതേ സമയം ചന്ദ്രയാന്‍ ദൗത്യത്തിലെ താരം ലാൻഡറാണ്. ചാന്ദ്ര ഉപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ പോകുന്ന ലാൻഡറിന്‍റെ ഭാരം 1,726 കിലോഗ്രാമാണ്. നാല് പേ ലോഡുകളാണ് ലാൻഡറിലുള്ളത്.

1. റേഡിയോ അനാട്ടമി ഓഫ് മൂൺ ബൗണ്ട് ഹൈപ്പ‍ർസെൻസിറ്റീവ്
ഐയണോസ്ഫിയ‍‌‌‌‌ർ ആൻഡ് അറ്റ്മോസ്ഫിയ‍ർ അഥവാ രംഭ. ചന്ദ്രോപരിതലത്തിലെ പ്ലാസ്മ സാന്നിധ്യം പഠിക്കാനുള്ള ഉപകരണമാണ് ഇത്.

2. ചന്ദ്ര സ‍ർഴേസ് തെർമോ ഫിസിക്കൽ എക്സ്പെരിമന്‍റ് അഥവാ ചേസ്റ്റ്.  ചന്ദ്രന്‍റെ ധ്രുവ പ്രദേശങ്ങളിലെ താപ വ്യതിയാനം പഠിക്കുകയാണ് ഈ ഉപകരണത്തിന്‍റെ ലക്ഷ്യം. 

3. ഇൻസ്ട്രുമെന്‍റ് ഫോ‌‌‌ർ ലൂണാർ സീസ്മിക് ആക്റ്റിവിറ്റ് അഥവാ ഇൽസ. ചന്ദ്രോപരിതലത്തിലെ കുലുക്കങ്ങൾ പഠിക്കാനായി ഈ ഉപകരണത്തിന്‍റെ സാഹായം തേടുന്നു. 

4. ലേസ‍‌ർ റിട്രോഫ്ലക്റ്റ‍ർ അറേ. നാസയിൽ നിന്നുള്ള പേ ലോഡ് ഉപകരണമാണിത്. 

 

കൂടുതൽ കരുത്തേറിയ കാലുകളും കൂടുതൽ മെച്ചപ്പെട്ട സെൻസറുകളുമായാണ് ഇത്തവണ ഇസ്രൊ ലാൻഡറിനെ ഒരുക്കിയിരിക്കുന്നത്. ലാൻഡറിന്‍റെ അടിയിലുള്ള നാല് ലിക്വിഡ് എഞ്ചിനുകളാണ് ബഹിരാകാശ പേടകത്തിന്‍റെ സോഫ്റ്റ് ലാൻഡിംഗ് സാധ്യമാക്കുക. ലാൻഡറിൽ നിന്നുള്ള വിവരങ്ങൾ രണ്ട് ഓ‍ർബിറ്റ‍ർ വഴിയും പ്രൊപ്പൽഷൻ മൊഡ്യൂൾ വഴിയുമായിരിക്കും ഭൂമിയിലേക്ക് എത്തുക.  

ലാൻഡറിന് അകത്താണ് ഈ ദൗത്യത്തിലെ എറ്റവും ഭാരം കുറഞ്ഞ ഘടകമുള്ളത്. അതാണ്, ചന്ദ്രയാൻ മൂന്ന് റോവ‍ർ. വെറും 26 കിലോ മാത്രം ഭാരമുള്ള, ആറ് ചക്രങ്ങളുള്ള ഈ ചെറു റോബോട്ടിലുള്ളത് രണ്ട് പേ ലോഡുകളാണ്. ചന്ദ്രന്‍റെ മണ്ണിനെക്കുറിച്ച് പഠിക്കാനുള്ള ലേസ‍ർ ഇൻഡ്യൂസ്ഡ് ബ്രേക്ക് ഡൗൺ സ്പെക്ട്രോസ്കോപ്പും, ചന്ദ്രനിലെ മൂലക സാന്നിധ്യം പഠിക്കാനുള്ള ആൽഫ പാ‍‌ർട്ടിക്കിൾ എക്സ് റേ സ്പെക്ട്രോ മീറ്ററും ഇതില്‍ ഉള്‍പ്പെടുന്നു. 

ഒരു ചാന്ദ്ര പകൽ മാത്രമാണ് ലാൻഡറിന്‍റെയും റോവറിന്‍റെയും ആയുസ്. അതായത്, ചന്ദ്രനിൽ സൂര്യൻ ഉദിക്കുന്നത് മുതൽ അസ്തമിക്കുന്നത് വരെയുള്ള സമയം മാത്രം. ഭൂമിയിലെ കണക്ക് വച്ച് നോക്കിയാൽ ഇത് വെറും 14 ദിവസമാണ്.  ലാൻഡിംഗ് വിജയകരമായി പൂ‍ർത്തിയാക്കി, തുടര്‍ന്നുള്ള  14 ദിവസവും  ഉപകരണങ്ങളെല്ലാം പ്രവര്‍ത്തിച്ചാലാണ് ദൗത്യം സമ്പൂർണ വിജയമായി പ്രഖ്യാപിക്കുക. അതിനായുള്ള കാത്തിരിപ്പിലാണ് ഇസ്രോയിലെ ശാസ്ത്രസമൂഹം. 

 

Follow Us:
Download App:
  • android
  • ios