മുംബൈ: റിലയൻസ് ജിയോയുടെ ആറു മാസ സാമ്പത്തിക റിപ്പോർട്ട് പുറത്തുവന്നു. 2016 ഒക്ടോബർ മുതൽ 2017 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം കമ്പനിയുടെ ആകെ നഷ്ടം 22.50 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇക്കാലയളവിൽ ഇത് 7.46 കോടി രൂപയായിരുന്നു. എന്നാൽ മറ്റു ടെലികോം കമ്പനികളുടെ ആറു മാസത്തെ നഷ്ടം ഇതിലും കൂടുമെന്നാണ് റിപ്പോർട്ട്.

സെപ്റ്റംബറിൽ ആരംഭിച്ച ജിയോയ്ക്ക് കഴിഞ്ഞ മാസം മുതലാണ് വരുമാനം വന്നുത്തുടങ്ങിയത്. കഴിഞ്ഞ ആറു മാസവും ഡേറ്റ, കോൾ സേവനങ്ങൾ സൗജന്യമായാണ് നൽകിയിരുന്നത്. ഇതിലൂടെ വൻ നഷ്ടമാണ് കമ്പനി നേരിട്ടത്. പത്ത് കോടി വരിക്കാരാണ് ജിയോ സേവനങ്ങൾ ഫ്രീയായി ഉപയോഗിച്ചത്. 

ജിയോയുടെ മൊത്തവരുമാനം 75 ശതമാനം താഴ്ന്ന് 0.54 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇക്കാലയളവിൽ ഇത് 2.25 കോടി രൂപയായിരുന്നു. കഴിഞ്ഞ ആറു മാസത്തെ കമ്പനിയുടെ ചിലവ് 34.88 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 13.63 കോടി രൂപയായിരുന്നു.

120 ദിവസത്തിനുള്ളിലാണ് ജിയോ 10 കോടി വരിക്കാരെ സ്വന്തമാക്കിയത്. തുടർന്ന് മാർച്ചിൽ 7.2 കോടി വരിക്കാർ പണം നല്‍കിയുള്ള ജിയോ സേവനത്തില്‍ എത്തിയെന്നാണ് കണക്ക്.