11 രൂപയ്ക്ക് ഉപയോഗിച്ച് തീര്‍ക്കാന്‍ പറ്റാത്തത്ര ഡാറ്റ പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ, എയര്‍ടെല്ലിന് ശക്തമായ മത്സരം 

മുംബൈ: രാജ്യത്തെ ടെലികോം രംഗത്ത് വാശിയേറിയ മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. മൊബൈല്‍ സേവനത്തില്‍ മികച്ച റീച്ചാര്‍ജ് പ്ലാനുകളുമായി എല്ലാ കമ്പനികളും ശക്തമായി പോരാടുന്നു. ഇതിനിടെ ഏറെ ഡാറ്റ ആവശ്യമായ ഉപഭോക്താക്കളെ ഇരട്ടി സന്തോഷിപ്പിക്കുന്ന ഒരു റീച്ചാര്‍ജ് പ്ലാന്‍ സ്വകാര്യ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ അവതരിപ്പിച്ചിരിക്കുകയാണ്. മറ്റൊരു സ്വകാര്യ കമ്പനിയായ ഭാരതി എയര്‍ടെല്ലിനാണ് ഈ റീച്ചാര്‍ജ് പ്ലാന്‍ മത്സരം നല്‍കുക. 

11 രൂപയാണ് ജിയോയുടെ ഈ പ്രീപെയ്‌ഡ് റീച്ചാര്‍ജ് പ്ലാനിന്‍റെ വില. വാലിഡിറ്റിയും ഡാറ്റ പരിധിയുമാണ് ഏറ്റവും ആകര്‍ഷണം. വെറും ഒരു മണിക്കൂര്‍ നേരത്തെ വാലിഡിറ്റിയില്‍ 10 ജിബി ഡാറ്റയാണ് ജിയോ നല്‍കുന്നത്. എന്നാല്‍ ആക്റ്റീവ് സര്‍വീസ് വാലിഡിറ്റിയില്‍പ്പെടുന്ന റീച്ചാര്‍ജ് പ്ലാനല്ല ഇത്. 4ജി ഡാറ്റ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടുള്ള ഈ പ്ലാനിനെ ഡാറ്റ ബൂസ്റ്ററായി കണക്കാക്കാം. ആക്റ്റീവ് സര്‍വീസ് വാലിഡിറ്റിയുള്ള മറ്റേതെങ്കിലും പ്ലാന്‍ നിലവിലുള്ളവര്‍ക്കാണ് 11 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യാനാവുക. 5ജി ഉപഭോക്താക്കള്‍ക്ക് ഇത്തരം ഡാറ്റ ബൂസ്റ്ററുകള്‍ ആവശ്യമായി വരാറില്ല. 

Read more: ഓഫറുകളുടെ ഓഫര്‍ പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍; അധിക ഡാറ്റ സഹിതം വമ്പന്‍ റീച്ചാര്‍ജ് പ്ലാന്‍

ഒരു മണിക്കൂര്‍ മാത്രം സമയത്തെ വാലിഡിറ്റിയോടെ വരുന്ന 11 രൂപ റീച്ചാര്‍ജില്‍ 10 ജിബി 4ജി ഡാറ്റയാണ് റിലയന്‍സ് ജിയോ വാഗ്ദാനം ചെയ്യുന്നത്. ഒരു മണിക്കൂര്‍ നേരത്തിനുള്ളില്‍ വലിയ സ്റ്റോറേജ് സൈസ് വരുന്ന സിനിമയോ മറ്റോ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് ഈ റീച്ചാര്‍ജ് ഉപകാരപ്പെടും. എച്ച്‌ഡി ക്വാളിറ്റിയില്‍ കായിക മത്സരങ്ങളുടെ സ്ട്രീമിംഗ് ആസ്വദിക്കാനും 11 രൂപ റീച്ചാര്‍ജ് സഹായിക്കും. 'ഡാറ്റ പാക്‌സ്' എന്ന വിഭാഗത്തില്‍ ഈ റീച്ചാര്‍ജ് ജിയോ രാജ്യവ്യാപകമായി ഇപ്പോള്‍ ലഭ്യമാക്കിയിട്ടുണ്ട്. 

ഇതേ വിലയിലും ഡാറ്റ പരിധിയിലും ഒരു മണിക്കൂര്‍ നേരത്തേക്ക് ഭാരതി എയര്‍ടെല്ലിനും ഡാറ്റ പ്ലാനുണ്ട്. എന്നാല്‍ എല്ലാത്തരം ജിയോ, എയര്‍ടെല്‍ ഉപഭോക്താക്കളെയും സന്തോഷിപ്പിക്കുന്ന പാക്കേജല്ല ഇത്. ഒരു മണിക്കൂര്‍ നേരം കൊണ്ട് 10 ജിബി വരെ ഡാറ്റ ഉപയോഗിക്കേണ്ടിവരുന്ന പ്രത്യേക സാഹചര്യങ്ങളിലാണ് ഈ റീച്ചാര്‍ജ് പ്രയോജനകരമാവുക. 

Read more: കവിളൊട്ടി മെലിഞ്ഞുണങ്ങിയ ചിത്രം; ആരോഗ്യനില മോശമായെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി സുനിത വില്യംസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം