2026-ൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഐഫോൺ 18 പ്രോ, പ്രോ മാക്സ് മോഡലുകളിൽ പുതിയ A20 പ്രോ ചിപ്‌സെറ്റ് ഉണ്ടാകും. 2 നാനോമീറ്റർ സാങ്കേതികവിദ്യയിലുള്ള ഈ ചിപ്പ് മികച്ച വേഗതയും ഊർജ്ജക്ഷമതയും നൽകും. പ്രോ മാക്സിൽ വലിയ ബാറ്ററിയും പ്രതീക്ഷിക്കുന്നു.
കാലിഫോര്‍ണിയ: ഐഫോൺ 17 സീരീസിന്‍റെ വിജയത്തിന് പിന്നാലെ അടുത്ത തലമുറയായ ഐഫോൺ 18 ശ്രേണി സ്‌മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കാൻ ടെക് ഭീമന്‍ ആപ്പിൾ ഒരുങ്ങുന്നു. ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്‌സ് മോഡലുകൾ 2026 സെപ്റ്റംബറിൽ ആഗോള വിപണിയില്‍ ആപ്പിള്‍ അവതരിപ്പിക്കാനാണ് സാധ്യത. ആപ്പിൾ ഇതുവരെ ഔദ്യോഗികമായി സവിശേഷതകൾ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നിരവധി ഇൻസൈഡർ റിപ്പോർട്ടുകളും ലീക്കുകളും പുതിയ ഐഫോണ്‍ പ്രോ മോഡലുകളെ കുറിച്ചുള്ള സൂചനകൾ നൽകുന്നു.
ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്‌സ്
ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്‌സ് ഫോണുകളുടെ ഡിസ്‌പ്ലേയുടെ കാര്യത്തിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ല. ഐഫോൺ 18 പ്രോയ്ക്ക് 6.3 ഇഞ്ച് സ്‌ക്രീനും പ്രോ മാക്‌സിന് 6.9 ഇഞ്ച് പാനലും തുടരുമെന്നാണ് സൂചനകൾ. ഫ്രണ്ട് ഡിസൈനിൽ കൂടുതൽ തെളിച്ചം പ്രതീക്ഷിക്കപ്പെടുന്നു. ഡൈനാമിക് ഐലൻഡ് പൂർണ്ണമായി നീക്കുമോ അതോ ചെറുതാക്കുമോ എന്നതിലും നിലവിൽ വ്യക്തതയില്ല. എങ്കിലും മുൻ മോഡലുകളേക്കാൾ പുതിയ ഐഫോൺ സീരീസിന് കൂടുതൽ ക്ലീൻ ലുക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
പ്രോസസറിന്‍റെ കാര്യത്തിലേക്ക് വന്നാല്‍ ഐഫോണ്‍ 18 പ്രോ മോഡലുകളില്‍ ആപ്പിൾ പുതിയ എ20 പ്രോ ചിപ്‌സെറ്റ് അവതരിപ്പിക്കാനാണ് സാധ്യത. ഇത് ടിഎസ്എംസിയുടെ 2 നാനോമീറ്റർ നിർമ്മാണ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. റാം, സിപിയു, ജിപിയു, ന്യൂറൽ എഞ്ചിൻ എന്നിവ ഒരേ വേഫറിലാക്കി കൂടുതൽ ഏകീകരിച്ച രീതിയിലാണ് ചിപ്പ് രൂപകൽപ്പന ചെയ്യുന്നത്. ഇതിലൂടെ വേഗത, ഊർജ്ജ കാര്യക്ഷമത, താപനിയന്ത്രണം എന്നിവയിൽ ഗണ്യമായ പുരോഗതി കൈവരിക്കാമെന്നാണ് വിലയിരുത്തൽ. ഈ ഫോണുകളുടെ പെർഫമോൻസിൽ മുൻ തലമുറയേക്കാൾ 15 ശതമാനം വർധനയും 30 ശതമാനം വരെ വൈദ്യുതി ലാഭവും ഉണ്ടാകുമെന്ന് ആദ്യ കണക്കുകൾ സൂചിപ്പിക്കുന്നു.
ഐഫോണ്‍ 18 പ്രോ സീരീസില്‍ ബാറ്ററി അപ്‌ഡേറ്റ് വരും?
ആപ്പിൾ പുതിയ ഐഫോൺ സീരീസിന്‍റെ ബാറ്ററിയിൽ പ്രത്യേക ശ്രദ്ധ നൽകുന്നുവെന്നാണ് മറ്റൊരു റിപ്പോർട്ട് അവകാശപ്പെടുന്നത്. ഐഫോൺ പ്രോ മാക്‌സ് മോഡലിൽ കൂടുതൽ കപ്പാസിറ്റിയുള്ള ഡിസൈനോടെ 5,100mAh മുതൽ 5,200mAh വരെ ശേഷിയുള്ള വലിയ ബാറ്ററി ലഭിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. മെച്ചപ്പെട്ട ചിപ്‌സെറ്റും വലിയ ബാറ്ററിയും ചേർന്ന് കൂടുതൽ ദൈർഘ്യമുള്ള ബാറ്ററി ലൈഫും മികച്ച ഓൺ-ഡിവൈസ് എഐ പ്രകടനവും നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം പുതിയ ഐഫോൺ സീരീസിന്‍റെ വിലയുടെ കാര്യത്തിൽ നിലവിൽ വ്യക്തതയൊന്നും ഇല്ല. എങ്കിലും ഇന്ത്യയിൽ നിലവിലുള്ള ഐഫോൺ 17 പ്രോ മോഡലുകളുടെ ഉയർന്ന വില പരിഗണിച്ച്, ഐഫോണ്‍ 18 പ്രോ മോഡലുകള്‍ക്ക് കൂടുതൽ വലിയ വിലവർധനവിലേക്ക് ആപ്പിൾ നീങ്ങാൻ സാധ്യത കുറവാണെന്നാണ് വിപണി നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.



