റിലയൻസ് ജിയോ 200 രൂപയ്ക്ക് പുതിയ ഒടിടി പാസ് അവതരിപ്പിച്ചു. 28 ദിവസത്തെ കാലാവധിയുള്ള ഈ ആഡ്-ഓൺ പ്ലാനിൽ 15 പ്രീമിയം ഒടിടി പ്ലാറ്റ്‌ഫോമുകൾ, 30 ജിബി ഡാറ്റ, 1000-ൽ അധികം ലൈവ് ടിവി ചാനലുകൾ എന്നിവ ഉൾപ്പെടുന്നു. ഈ പാസ് ഉപയോഗിക്കാൻ നിലവിൽ ഒരു സജീവ ജിയോ ബേസ് പ്ലാൻ നിർബന്ധമാണ്.

മുംബൈ: രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളിൽ ഒന്നായ റിലയൻസ് ഉപഭോക്താക്കൾക്കായി പുതിയ ജിയോ ഒടിടി പാസ് അവതരിപ്പിച്ചു. വിനോദവും ഇന്‍റർനെറ്റ് സേവനങ്ങളും ഒരുമിച്ച് ലഭ്യമാക്കുന്ന ഈ പുതിയ ആഡ്-ഓൺ പ്ലാൻ 28 ദിവസത്തെ കാലാവധിയോടെയാണ് എത്തുന്നത്. 200 രൂപയ്ക്ക് ഈ പ്ലാൻ ലഭ്യമാകും. രാജ്യത്തെ എല്ലാ ജിയോ സർക്കിളുകളിലും ഒടിടി പാസ് പ്ലാൻ നിലവിൽ ലഭ്യമാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജിയോയുടെ അറിയിപ്പുപ്രകാരം, പുതിയ ഒടിടി പാസിലൂടെ ഉപയോക്താക്കൾക്ക് 15 പ്രീമിയം ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് പ്രവേശനം ലഭിക്കും. കൂടാതെ 1000-ലധികം ലൈവ് ടിവി ചാനലുകളും 30 ജിബി ഹൈസ്‌പീഡ് 4ജി/5ജി ഡാറ്റയും ഉൾപ്പെടുത്തിയിട്ടുണ്ട്. യോഗ്യരായ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് 5ജി ഡാറ്റാ ആനുകൂല്യവും ലഭിക്കും.

ഈ പാക്കിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാന ഒടിടി സേവനങ്ങളിൽ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ, ജിയോഹോട്ട്‌സ്റ്റാർ മൊബൈൽ + ഹോളിവുഡ്, സോണി ലൈവ്, സീ5, ലയൺസ്ഗേറ്റ് പ്ലേ, ഡിസ്‌കവറി+, സൺ എൻഎക്‌സ്‌ടി, ഫാൻകോഡ്, കാഞ്ച ലങ്ക, പ്ലാനറ്റ് മറാത്തി, ചൗപാൽ, ഹോയ്‌ചോയ്, ടൈംസ്‌പ്ലേ, തരംഗ് പ്ലസ് തുടങ്ങിയവ ഉൾപ്പെടുന്നു. ഇതിന് പുറമെ യൂട്യൂബ് സബ്‌സ്‌ക്രിപ്ഷനും ലഭ്യമാകുന്നത് ഈ പ്ലാനിന്‍റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. പരസ്യങ്ങളില്ലാതെ വീഡിയോകൾ കാണുക, ഓഫ്‌ലൈൻ ഡൗൺലോഡ്, ബാക്ക്ഗ്രൗണ്ട് പ്ലേബാക്ക് തുടങ്ങിയ സൗകര്യങ്ങളും ഇതിലൂടെ ലഭിക്കും.

ജിയോ ടിവി വഴിയുള്ള 1000-ത്തിലധികം ലൈവ് ടിവി ചാനലുകളിൽ വിനോദം, സ്പോർട്‌സ്, സിനിമ, കുട്ടികളുടെ പരിപാടികൾ, പ്രാദേശിക ചാനലുകൾ തുടങ്ങിയവ ലഭ്യമാകും. ജിയോസ്റ്റാർ, സോണി എന്റർടെയ്ൻമെന്‍റ്, സൺ ടിവി നെറ്റ്‌വർക്ക്, വാർണർ ബ്രദേഴ്‌സ് ഡിസ്‌കവറി, ഇടിവി എന്നിവയുടെ ചാനലുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, ഈ പാസ് ഉപയോഗിക്കാൻ നിലവിൽ ഒരു സജീവ ജിയോ ബേസ് പ്ലാൻ നിർബന്ധമാണ് എന്നതാണ്. കൂടാതെ ഈ പ്ലാനിൽ വോയിസ് കോളിംഗ് അല്ലെങ്കിൽ എസ്എംഎസ് ആനുകൂല്യങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ്, മൈ ജിയോ ആപ്പ്, റീട്ടെയിൽ സ്റ്റോറുകൾ, മറ്റ് റീചാർജ് പ്ലാറ്റ്ഫോമുകൾ എന്നിവ വഴി ഉപഭോക്താക്കൾക്ക് ഈ പുതിയ ഒടിടി പാസ് റീചാർജ് ചെയ്യാം.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News