മുംബൈ : ഉപഭോക്താക്കള്‍ കാത്തിരുന്ന റിലയന്‍സ് ജിയോ ഫോണ്‍ ബുക്കിംഗിന് നിങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ സാധിക്കുമെന്ന് റിപ്പോര്‍ട്ട്. ചില പ്രദേശങ്ങളില്‍ റീട്ടെയ്ലര്‍മാര്‍ പ്രീഓര്‍ഡറുകള്‍ എടുക്കാന്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജിയോ ഫോണിനായുള്ള ഓണ്‍ലൈന്‍, ഓഫ് ലൈന്‍ ബുക്കിംഗുകള്‍ ഓഗസ്റ്റ് 24ന് ഔദ്യോഗികമായി ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ഫോണ്‍ ബുക്ക് ചെയ്യാം. ജിയോ സിംകാര്‍ഡുകള്‍ക്ക് ആധാര്‍ നല്‍കിയവര്‍ക്ക് വളരെ വേഗത്തില്‍ ആക്ടിവേഷന്‍ നടന്നിരുന്നു.
ഫോണ്‍ നേരത്തേ ലഭിക്കണമെങ്കില്‍ പരമാവധി നേരത്തേ പ്രീ ഓര്‍ഡര്‍ നല്‍കുന്നതായിരിക്കും ഉത്തമം. അതേസമയം ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും പ്രീ ഓര്‍ഡറുകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടില്ല. മൈ ജിയോ ആപ്പിലൂടെ ഓഗസ്റ്റ് 24 മുതല്‍ ഓര്‍ഡറുകള്‍ സ്വീകരിച്ചു തുടങ്ങും. 1500 രൂപയാണ് 4ജി സൗകര്യമുള്ള ഫോണിനായി നല്‍കേണ്ടത്. ഈ തുക മൂന്ന് വര്‍ഷത്തിനു ശേഷം തിരികെ ലഭിക്കും. പ്രീ ഓര്‍ഡര്‍ സമയത്ത് ഈ തുക നല്‍കേണ്ടതില്ല. ഫോണ്‍ ലഭിക്കുമ്പോള്‍ പണം നല്‍കിയാല്‍ മതി.
ആധാര്‍ നമ്പര്‍ നല്‍കി ബുക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ വിവരങ്ങള്‍ ജിയോയുടെ സെന്‍ട്രലൈസ്ഡ് സോഫ്റ്റ് വെയറിലേക്ക് നല്‍കപ്പെടുന്നു. തുടര്‍ന്ന് ഒരു ടോക്കണ്‍ നമ്പര്‍ നിങ്ങള്‍ക്ക് ലഭിക്കും. ഫോണ്‍ ലഭിക്കുമ്പോള്‍ ഈ ടോക്കണ്‍ നമ്പര്‍ നല്‍കണം. സെപ്റ്റംബര്‍ 1നും 4നുമിടയില്‍ ഫോണുകള്‍ നല്‍കിത്തുടങ്ങുമെന്നാണ് കരുതുന്നത്. എന്നാല്‍ ബുക്കിംഗ് വര്‍ദ്ധിച്ചാല്‍ ഡെലിവറി തിയതി പിന്നെയും നീളാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍.
