ജിയോ പ്രൈം നാളെ തീരും നിരാശക്കിടയിലും പ്രതീക്ഷയോടെ ഉപഭോക്താക്കള്‍

രാജ്യത്തെ ടെലികോം വിപണിയില്‍ വിപ്ലവം തീര്‍ത്ത് റിലയൻസ് ജിയോയുടെ പ്രൈം അംഗത്വ കാലാവധി നാളെ (മാർച്ച് 31) അവസാനിക്കും. 2017 ഏപ്രിലിലാണ് പ്രൈം അംഗത്വം തുടങ്ങിയത്.നിലവിലുള്ള പ്രൈം അംഗത്വത്തിന്റെ കാലാവധി ഇനിയും തുടരുമോ എന്നോ പകരം പുതിയ പ്രഖ്യാപനമുണ്ടാകുമോ എന്നു ജിയോ ഇതുവരെ വ്യക്തമാക്കിയിട്ടില്ലത്തതിനാല്‍ നിരാശയിലാണ് ഉപഭോക്താക്കള്‍.

എന്നാൽ അടുത്ത ദിവസങ്ങളിൽ തന്നെ വന്‍ ഓഫറുകളുമായി ഔദ്യോഗിക പ്രഖ്യാപനം വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 99 രൂപയാണ് ജിയോ പ്രൈം അംഗത്വ ചാര്‍ജ്ജ്. സാധരാണ ഉപഭോക്താക്കൾക്ക് നൽകിയിരുന്നതിനേക്കാൾ കൂടുതൽ ഇളവുകളും ഓഫറുകളുമാണ് ജിയോ പ്രൈം അംഗങ്ങൾക്ക് നല്‍കിയിരുന്നത്. 180 ദിവസത്തിനുള്ളിൽ 99 രൂപ നല്‍കി 10 കോടി ഉപഭോക്താക്കൾ പ്രൈം അംഗത്വമെടുത്തിരുന്നു. നിലവിൽ 16.5 കോടിയാണ് ജിയോ വരിക്കാർ.

99 രൂപയേക്കാള്‍ അല്‍പം കൂടിയ വിലയില്‍ പ്രൈം അംഗത്വം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കാനാണ് സാധ്യതയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മറ്റു ചില വൻ ഓഫറുകൾ അവതരിപ്പിച്ച് കൂടുതൽ വരിക്കാരെ ചേർക്കാനും ജിയോ നീക്കം നടത്തുണ്ടെന്ന പ്രതീക്ഷയിലാണ് പല ഉപഭോക്താക്കളും.