ജിയോയുടെ ക്ലൗഡ്-അധിഷ്ഠിത ഗെയിമിംഗ് സേവനമായ ജിയോഗെയിംസ് ക്ലൗഡിലേക്കുള്ള ആക്സസാണ് ഈ അഞ്ച് പ്രീപെയ്‌ഡ് റീച്ചാര്‍ജ് പ്ലാനുകളിലും പ്രധാനം
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റര്‍മാരായ റിലയന്‍സ് ജിയോ അഞ്ച് പുതിയ ഗെയിമിംഗ് പ്രീപെയ്‌ഡ് പ്ലാനുകള്‍ പുറത്തിറക്കി. 48 രൂപയിലാണ് ഈ പ്ലാനുകള്‍ ആരംഭിക്കുന്നത്. ജിയോയുടെ ക്ലൗഡ്-അധിഷ്ഠിത ഗെയിമിംഗ് സേവനമായ ജിയോഗെയിംസ് ക്ലൗഡിലേക്കുള്ള ആക്സസ് ഇതിനൊപ്പം ജിയോ നല്‍കുന്നു. സ്‌മാര്‍ട്ട്ഫോണുകളിലും പേര്‍സണല്‍ കമ്പ്യൂട്ടറുകളിലും ജിയോ സെറ്റ്-ടോപ് ബോക്‌സുകളിലും പ്രീമിയം ഗെയിമുകള്‍ സ്ട്രീം ചെയ്യാനും കളിക്കാനും ഈ പ്ലാനുകള്‍ അവസരമൊരുക്കുന്നു.
ഉയര്‍ന്ന നിലവാരമുള്ള കണ്‍സോള്‍-ഗ്രേഡ് ഗെയിമിംഗിലേക്ക് ആക്സസ് നല്‍കുക ലക്ഷ്യമിട്ടാണ് റിലയന്‍സ് ജിയോ അഞ്ച് പുതിയ പ്രീപെയ്‌ഡ് റീചാര്‍ജ് പ്ലാനുകള്‍ പുറത്തിറക്കിയത്. ഈ അഞ്ച് പ്ലാനുകളെയും വിശദമായി പരിചയപ്പെടാം
1. 48 രൂപ പ്ലാന്‍
ദീര്‍ഘകാലത്തേക്ക് അല്ലാതെ താല്‍ക്കാലികമായി ക്ലൗഡ് ഗെയിമിംഗ് പരീക്ഷിക്കണം എന്നുള്ളവര്‍ക്ക് വേണ്ടി പുറത്തിറക്കിയിരിക്കുന്നതാണ് 48 രൂപ പ്ലാന്‍. 10 എംബി ഡാറ്റയും ജിയോഗെയിംസ് ക്ലൗഡിലേക്ക് മൂന്ന് ദിവസത്തെ ആക്സസുമാണ് ഈ പ്ലാന്‍ നല്‍കുന്നത്.
2. 98 രൂപ പ്ലാന്‍
ജിയോഗെയിംസ് ക്ലൗഡിലേക്ക് ഏഴ് ദിവസത്തെ ആക്സസ് നല്‍കുന്നതാണ് റിലയന്‍സ് ജിയോയുടെ 98 രൂപ പ്ലാന്‍. ഇതിനൊപ്പവും 10 എംബി ഡാറ്റ ലഭിക്കും. ഈ ഡാറ്റ വൗച്ചര്‍ പക്ഷേ ആക്റ്റീവാകണമെങ്കില്‍ ഒരു ബേസ് പ്രീപെയ്‌ഡ് പ്ലാന്‍ ഉണ്ടാവേണ്ടതുണ്ട്.
3. 298 രൂപ പ്ലാന്‍
ജിയോഗെയിംസ് ക്ലൗഡില്‍ 28 ദിവസത്തെ സബ്‌സ്‌ക്രിപ്ഷന്‍ നല്‍കുന്നതാണ് 298 രൂപ പ്ലാന്‍. മൂന്ന് ജിബി ഡാറ്റയും ഇതിനൊപ്പം ജിയോ വാഗ്ദാനം ചെയ്യുന്നു. 98 രൂപ പ്ലാന്‍ പോലെ ഇതുമൊരു ഡാറ്റ-ഒണ്‍ലി വൗച്ചറാണ്. നിലവിലൊരു പ്രീപെയ്‌ഡ് പ്ലാനുണ്ടെങ്കില്‍ മാത്രമേ ഈ ഡാറ്റ ഉപയോഗിക്കാനാകൂ.
4. 495 രൂപ പ്ലാന്‍
ക്ലൗഡ് ഗെയിമിംഗില്‍ ഏറെ താല്‍പര്യമുള്ളവരെ ലക്ഷ്യമിട്ടുള്ള പ്ലാനാണ് 495 രൂപയുടേത്. 1.5 ജിബി ഡെയ്‌ലി ഡാറ്റയും 5 ജിബി ബോണസ് ഡാറ്റയും ഈ പ്ലാനില്‍ ലഭിക്കും. ഇതിനൊപ്പം അണ്‍ലിമിറ്റഡ് വോയിസ് കോളും ദിനംപ്രതി 100 എസ്എംഎസും അസ്വദിക്കുകയുമാവാം. ജിയോഗെയിംസ് ക്ലൗഡിലേക്കുള്ള ആക്സസിന് പുറമെ, ഡിസ്‌നി+ ഹോട്‌സ്റ്റാര്‍ മൊബൈല്‍ അടക്കം ജിയോസിനിമ സബ്‌സ്‌ക്രിപ്ഷനും 28 ദിവസത്തേക്ക് ഫാന്‍ കോഡ് ആക്സസും ജിയോ ടിവി, ജിയോഎഐ ക്ലൗഡ് സേവനങ്ങളും ലഭിക്കും.
5. 545 രൂപ പ്ലാന്‍
495 രൂപ പ്ലാനിന്‍റെ എല്ലാ ആനുകൂല്യങ്ങളും 545 രൂപ പ്ലാനിലും ലഭിക്കുമെങ്കിലും ചില അധിക മേന്‍മകളുണ്ട്. 2 ജിബി ദിനംപ്രതി ഡാറ്റയും 5 ജിബി ബോണസ് ഡാറ്റയുമാണ് ഇതിലൊന്ന്. അണ്‍ലിമിറ്റഡ് 5ജി ഡാറ്റയും ലഭ്യമാകും.


