റിലയന്‍സ് ജിയോയുടെ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പിന്‍വലിച്ചു. മാര്‍ച്ച് 31ന് പ്രഖ്യാപിച്ച ഓഫറാണ് ട്രായി നിര്‍ദ്ദേശപ്രകാരം ജിയോ പിന്‍വലിച്ചത്. ഏപ്രില്‍ 15നകം പ്രൈം അംഗത്വം എടുക്കുന്നവര്‍ക്ക് 303 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല് മൂന്നു മാസം വരെ ഇന്റര്‍നെറ്റ് ഉപയോഗിക്കാമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന ഓഫര്‍. എന്നാല്‍ ഈ ഓഫര്‍ തുടരാനാകില്ലെന്ന് ട്രായ് അറിയിച്ചതോടെയാണ് സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പിന്‍വലിച്ചത്. അതേസമയം ഇതിനോടകം 99 രൂപ മുടക്കി പ്രൈം അംഗത്വം എടുത്തവര്‍ക്ക് ഈ ഓഫര്‍ തുടരാനാകും. പ്രൈം അംഗത്വം എടുത്തവര്‍ക്ക് 303 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ മൂന്നു മാസം വരെ ദിവസം ഒരു ജിബി വരെ ഡാറ്റ സൌജന്യമായി ലഭിക്കും. എന്നാല്‍ ജൂലൈ മാസത്തിന് ശേഷം 303 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ 28 ദിവസം മാത്രമായിരിക്കും ഓഫര്‍ ലഭ്യമാകുക. ജിയോയുടെ സൌജന്യ ഓഫറുകള്‍ക്കെതിരെ മറ്റ് നെറ്റ്വര്‍ക്കുകള്‍ ട്രായിക്ക് പരാതി നല്‍കിയിരുന്നു. ജിയോ സൌജന്യ കോള്‍ സേവനം നല്‍കുന്നത് നെറ്റ്വര്‍ക്കുകളെ ബാധിക്കുന്നുവെന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് സൌജന്യ സേവനങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് ട്രായി ജിയോയോട് നിര്‍ദ്ദേശിച്ചത്.