കാലിഫോര്‍ണിയ: സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ഭ്രമണപഥത്തിലേക്ക് നാസയുടെ ജൂണോ പേടകം ഇന്നു പ്രവേശിക്കുന്നു. അഞ്ചു വര്‍ഷം മുന്‍പാണ് ജുണോ ഭൂമിയില്‍നിന്നും യാത്ര പുറപ്പെട്ടത്. സൗരയൂഥത്തിലെ ഭീമന്‍ ഗ്രഹമായ വ്യാഴം ജ്യോതിശാസ്‌ത്ര‍ജ്ഞര്‍ക്ക് എന്നും ഒരു പഠനവിഷയമാണ്. വ്യാഴത്തിന്റെ ജനനത്തെക്കുറിച്ചറിയാതെ സൗരയൂഥത്തിന്റെ പിറവിയെയും ഭൂമിയുടെ ഉല്‍പ്പത്തിയെയും കുറിച്ചുള്ള പഠനം അപൂര്‍ണ്ണമാണ്.

ഭീമന്‍ ഗ്രഹങ്ങളാണ് മറ്റു ഗ്രഹങ്ങളുടെയും, ഉല്‍ക്കകളുടെയും, വാല്‍നക്ഷത്രങ്ങളുടെയും ഉല്‍പ്പത്തിക്കും അവയുടെ ഭ്രമണപഥങ്ങള്‍ ഒരുക്കുന്നതിലും നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നത്. വ്യാഴത്തിന്റെ പിറവി, കാര്‍ബണിന്റെയും നൈട്രജന്റെയും സാന്നിധ്യം, വ്യാഴത്തിന്റെ അന്തരീക്ഷത്തിലെ നീരാവിയുടെയും ഓക്‌സിജന്റെയും അളവ്, കാന്തിക മണ്ഡലം മുതലായവയുടെ പഠനമാണ് ജൂണോയുടെ ദൗത്യം.

1600 കിലോഗ്രാം ഭാരമുള്ള ജൂണോ ശബ്ദത്തിന്റെ 215 ഇരട്ടി വേഗത്തിലാണ് സഞ്ചരിച്ചിരുന്നത്. വ്യാഴത്തിനരികെ എത്തുമ്പോള്‍ വേഗത മണിക്കൂറില്‍ രണ്ടു ലക്ഷത്തി അറുപത്തി ആറായിരത്തില്‍ എത്തിച്ചേരും. 35 മിനുറ്റോളം ബ്രേക്കുകള്‍ പ്രവര്‍ത്തിപ്പിച്ചുവേണം വ്യാഴം കേന്ദ്രമായ ഭ്രമണപഥത്തിലേക്ക് മാറാന്‍. വ്യാഴത്തിന്റെ ഉയര്‍ന്ന ഗുരുത്വാകര്‍ഷണ ശക്തി ജൂണോയ്‌ക്കു വലിയ വെല്ലുവിളിയാണ്.

നിശ്ചിത സമയത്ത് ബ്രേക്ക് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജൂണോ വ്യാഴത്തെയും കടന്ന് അനന്തതയിലേക്ക് പോകും. എല്ലാം കൃത്യമായി നടക്കുകയാണെങ്കില്‍ അടുത്ത പതിനെട്ടു മാസം ജൂണോ വ്യാഴത്തെ ഭ്രമണം ചെയ്ത് ഗ്രഹത്തെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ നല്‍കുമെന്നാണ് നാസയുടെ ശാസ്‌ത്രജ്ഞരുടെ പ്രതീക്ഷ.