Asianet News MalayalamAsianet News Malayalam

കെ ഫോൺ: കേരളത്തിന്‍റെ സ്വന്തം ജി​ഗാനെറ്റ് വരുന്നു

കെഎസ്ഇബി പോസ്റ്റുകള്‍ എത്തുന്ന എല്ലാ വീടുകളിലേക്കും അതിവേഗ ഇന്‍റര്‍നെറ്റും ലാന്‍ഡ് ഫോണും വേണമെങ്കിൽ കേബിൾ ടിവിയും നൽകാൻ കെ ഫോണ്‍ പദ്ധതിയിലൂടെ സാധിക്കും. സംസ്ഥാനത്തെ 12 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ കണ്‍ക്ഷൻ് നല്‍കാനാണ് ലക്ഷ്യമിടുന്നത്. 

K PhoneKSEB to deliver high speed internet through  High speed optical line
Author
Thiruvananthapuram, First Published Oct 15, 2019, 10:26 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലായിടത്തും അതിവേഗ ഇന്‍റര്‍നെറ്റ് ലഭ്യമാക്കാനുള്ള കെ ഫോണ്‍ ( കേരള ഫൈബര്‍ ഓപ്റ്റിക് നെറ്റ് വര്‍ക്ക്)  പദ്ധതി ദ്രുതഗതിയില്‍ മുന്നോട്ട്. പദ്ധതിയുടെ അടങ്കല്‍ തുക 1028.2 കോടിയാണ്. കിഫ്ബി ബോര്‍‍ഡ് നേരത്തെ ഈ പദ്ധതിക്ക് 823 കോടി അനുവദിച്ചിരുന്നു. കെഎസ്ഐടിഎൽ നിന്നാണ് ബാക്കി തുക കണ്ടെത്തുന്നത്. 

കെഎസ്ഇബിയുടെ ഹൈടെൻഷൻ പ്രസാരണ ലൈനുകളിലൂടെയായിരിക്കും കേബിള്‍ സ്ഥാപിക്കുക. ഇതിനാൽ റോഡ് കുഴിക്കൽ വേണ്ടി വരില്ല. സബ്സ്റ്റേഷൻ വരെ എത്തുന്ന ഇത്തരം ലൈനുകളിൽ നിന്നു (കോർ നെറ്റ്‌വർക്ക്) നെറ്റ് കണക്‌ഷനുള്ള കേബിൾ കെഎസ്ഇബിയുടെ തന്നെ 40 ലക്ഷത്തിലേറെ വരുന്ന പോസ്റ്റുകളിലൂടെ വീടുകളിലും ഓഫിസുകളിലും എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി പ്രാദേശിക ഏജന്‍സികളെ ചുമതലപ്പെടുത്തും. 

കെ ഫോണ്‍ പദ്ധതിക്ക് വേണ്ട സാങ്കേതിക ഉപകരണങ്ങളും കേബിളുകളും ദക്ഷിണ കൊറിയയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇതിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങൾ കൊറിയയിൽ നടക്കുന്നുണ്ട്. എന്നാൽ സർക്കാർ നിയമിച്ച വിദ്ഗ്ധ സംഘങ്ങൾ പരിശോധിച്ചതിനു ശേഷമായിരിക്കും ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങൾ പദ്ധതിക്കായി ഉപയോഗിക്കുക. പദ്ധതിയുടെ കൺട്രോൾ റൂം ആലപ്പുഴയിലോ കൊച്ചിയിലോ ഡിസംബറോടെ പ്രവർത്തിച്ചു തുടങ്ങും.

കെഎസ്ഇബി ലൈനിലൂടെ എത്തുന്ന ഒപ്റ്റികല്‍ ഫൈബര്‍ കേബിളുകളിലൂടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഇ ഗവേണസ് സംവിധാനത്തിലേക്ക് മറും. ഒപ്പം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും സൗജന്യ ഇന്‍റര്‍നെറ്റ് ലഭ്യമാക്കും. ഇതിനെല്ലാം പുറമേ വീടുകളിൽ ഫോണും ഇന്റർനെറ്റും വേണമെങ്കിൽ കേബിൾ ടിവിയും നൽകാൻ പ്രയോജനപ്പെടുമെന്നതാണ് പദ്ധതിയുടെ നേട്ടം. 

12 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്കു സൗജന്യമായിട്ടാവും അതിവേഗ ഇന്‍റെര്‍നെറ്റ് കണക്‌ഷൻ നൽകുക. മറ്റുള്ളവർക്കു മാസം എത്ര തുക ഈടാക്കണമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. സംസ്ഥാനത്തെ 30,438 സർക്കാർ ഓഫീസുകളാണ് കെ ഫോണിന്റെ പരിധിയില്‍ വരുന്നത്. 52,746 കിലോമീറ്റർ കേബിളുകൾ വഴിയാണ് കെ ഫോൺ സർവീസ് ലഭ്യമാക്കുക.

കേബിൾ വഴി സംസ്ഥാനത്ത് 2000 വൈഫൈ ഹോട് സ്പോട്ടുകൾ സ്ഥാപിക്കും. അവിടെ നിന്നാണു (ലാസ്റ്റ് മൈൽ കണക്ടിവിറ്റി) സർവ സ്കൂളുകളിലും ആശുപത്രികളിലും ഓഫിസുകളിലും വീടുകളിലും ലഭ്യമാക്കുക. കലക്ടർമാർ ഓരോ ജില്ലയിലും വൈഫൈ ഹോട് സ്പോട് ഏതൊക്കെ പൊതു സ്ഥലങ്ങളിൽ സ്ഥാപിക്കണമെന്ന ലിസ്റ്റ് നേരത്തെ തയാറാക്കിയിട്ടുണ്ട്. ഇതിന്റെ അ‍‍ടിസ്ഥാനത്തിൽ നൽകിയ ടെൻഡറിൽ കരാർ ബിഎസ്എൻഎലിനാണു ലഭിച്ചിരിക്കുന്നത്. ലൈബ്രറികളും പാർക്കുകളും ബസ് സ്റ്റാൻഡുകളും സർക്കാർ ഓഫിസുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇതിലുൾപ്പെടും.

ഹൈടെൻഷൻ പ്രസാരണ ശൃംഖലയിലൂടെ ഇന്റർനെറ്റ് കേബിൾ ഇടാൻ വേണ്ടി രൂപീകരിക്കുന്ന സംയുക്ത സംരംഭ കമ്പനിയിൽ (എസ്പിവി) കെഎസ്ഐടിഎല്ലിനും കെഎസ്ഇബിക്കും 50 ശതമാനം വീതം ഓഹരിയുണ്ടാകും. കോർ നെറ്റ്‌വർക്കിനു കേബിൾ വലിക്കാനുള്ള നടപടികളിലേക്ക് ഐടി മിഷൻ സാങ്കേതിക സഹായത്തോടെ കെഎസ്ഐടിഎൽ നീങ്ങുകയാണ്. കേബിളിടുന്ന ജോലികൾ നവംബർ ആദ്യത്തിൽ തന്നെ തുടങ്ങുമെന്നാണ് കരുതുന്നത്.

Follow Us:
Download App:
  • android
  • ios