മാന്‍ഹോള്‍ വൃത്തിയാക്കുന്നതിന് റോബോട്ടിക്ക് സംവിധാനം വികസിപ്പിച്ച യുവാക്കളുടെ അനുഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

തിരുവനന്തപുരം: മാന്‍ഹോള്‍ വൃത്തിയാക്കുന്നതിന് റോബോട്ടിക്ക് സംവിധാനം വികസിപ്പിച്ച യുവാക്കളുടെ അനുഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നതിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ പ്രസിദ്ധീകരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഒരു ദശലക്ഷത്തില്‍ ഏറെപ്പേരാണ് വീഡിയോ കണ്ടുകഴിഞ്ഞത്.

തിരുവനന്തപുരം ടെക്നോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജെന്‍ റോബോട്ടിക്സ് ആണ് മാന്‍ഹോള്‍ വൃത്തിയാക്കുന്ന റോബോട്ട് വികസിപ്പിച്ചത്. ഇതിലൂടെ തലസ്ഥാനത്തെ മാന്‍ഹോള്‍ വൃത്തിയാക്കുന്നത് പൂര്‍ണ്ണമായും മനുഷ്യരഹിതമായി. യുവത്വത്തിന്റെ സാങ്കേതിക മികവിനെ നാടിന്‍റെ പുരോഗതിക്ക് ഉപയോഗിക്കുക എന്നതാണ് സർക്കാരിന്‍റെ നയം.

നമ്മുടെ യുവത്വത്തിന് സ്വന്തം മണ്ണിൽ തന്നെ തൊഴിലവസരം ഒരുക്കാനും ലക്ഷ്യമിടുന്നു.ഒപ്പം സാങ്കേതിക വിദ്യയുടെ വരവ് നിലവിലുള്ള തൊഴിൽ മേഖലയെ ബാധിക്കില്ലെന്നും സർക്കാർ ഉറപ്പു വരുത്തുന്നു. ഈ പോസ്റ്റ് പങ്കുവച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു. നടന്മാരായ ഫഹദ് ഫാസില്‍, ടോവിനോ, പാര്‍വതി അടക്കമുള്ള സിനിമ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.