കുട്ടികള്‍ക്ക് ക്രിസ്തുമസ് സമ്മാനമായി കളിപ്പാട്ടങ്ങളുമായി എത്തിയ കൊറിയര്‍ പൊതികള്‍ കണ്ട് കുട്ടികളെ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്താവുന്നത്

അമ്മയുടെ ക്രൈഡിറ്റ് കാര്‍ഡില്‍ നിന്നും പണമുപയോഗിച്ച് വെര്‍ച്വല്‍ അസിസ്റ്റന്‍റ് ഉപകരണമായ ആമസോണ്‍ അലക്സ വഴി കളിപ്പാട്ടങ്ങള്‍ വാങ്ങി ആറുവയസുകാരിയും സഹോദരനും. അമ്മ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് അലക്സ ഉപയോഗിച്ച് കുട്ടികള്‍ അമ്പതിനായിരം രൂപയോളം വരുന്ന ഷോപ്പിങ് നടത്തിയത്. കാര്‍ഡില്‍ നിന്ന് പണം നഷ്ടമായത് അമ്മ ശ്രദ്ധിച്ചതുമില്ല.

കുട്ടികള്‍ക്ക് ക്രിസ്തുമസ് സമ്മാനമായി കളിപ്പാട്ടങ്ങളുമായി എത്തിയ കൊറിയര്‍ പൊതികള്‍ കണ്ട് കുട്ടികളെ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്താവുന്നത്. അമേരിക്കക്കാരിയായ വെറോനിക്ക എസ്റ്റെല്‍ ആണ് രസകരമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. എവിടെ നിന്നാണെന്ന് കളിപ്പാട്ടപ്പൊതികള്‍ എത്തിയതെന്ന് അറിയില്ലെന്ന് പറഞ്ഞ് നാലുവയസുകാരന്‍ അമ്മയെ കള്ളനോട്ടമെറിയുന്നു. ആറുവയസുകാരിയെ അമ്മ ചോദ്യം ചെയ്യുമ്പോഴാണ് ക്രെഡിറ്റ് കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള അലക്സയാണ് പണി പറ്റിച്ചതെന്ന് മനസിലാവുന്നത്.

ബാര്‍ബി പാവകളുടെ സെറ്റും പിജെ മാസ്കുകള്‍ അണിഞ്ഞ കളിപ്പാട്ടങ്ങളും ബാറ്ററികളുമാണ് കുട്ടികള്‍ വാങ്ങിയത്. കുട്ടികള്‍ ആവശ്യപ്പെട്ട കളിപ്പാട്ടങ്ങള്‍ ക്രിസ്തുമസ് സമ്മാനമായി അമ്മ വാങ്ങിയിരുന്നു. ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പാണ് ജയിലില്‍ അടക്കും പൊലീസിന് നല്‍കാന്‍ ചിത്രമെടുക്കാന്‍ ആവശ്യപ്പെടുമ്പോള്‍ കുട്ടികള്‍ നിഷ്കളങ്കമായി ചിരിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ അച്ഛനോട് പറയുമെന്ന് പറഞ്ഞതോടെ പെണ്‍കുട്ടി വിങ്ങിപ്പൊട്ടുന്നുണ്ട്. ചേച്ചി പതറുന്നത് കണ്ടതോടെ നാലുവയസുകാരനും ഭയക്കുന്നതും വീഡിയോയില്‍ കാണാം.