നിയമ പഠനകാലത്ത് ചാറ്റ്ജിപിടി ഉപയോഗിച്ചിരുന്നുവെന്നും പക്ഷേ അത് തെറ്റായ വിവരങ്ങൾ നൽകിയിരുന്നെന്നും വാനിറ്റി ഫെയറിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി റിയാലിറ്റി ഷോ താരം കിം കർദാഷിയാൻ 

ന്യൂയോര്‍ക്ക്: ചാറ്റ്‍ജിപിടി കാരണം പരീക്ഷകളിൽ താൻ പരാജയപ്പെട്ടു എന്ന ആരോപണവുമായി പ്രശസ്‍ത റിയാലിറ്റി ഷോ താരവും ബിസിനസുകാരിയുമായ കിം കർദാഷിയാൻ. തന്‍റെ നിയമ പഠനകാലത്ത് ചാറ്റ്ജിപിടി ഉപയോഗിച്ചിരുന്നുവെന്നും പക്ഷേ അത് തെറ്റായ വിവരങ്ങൾ നൽകിയിരുന്നെന്നും വാനിറ്റി ഫെയറിനു നൽകിയ അഭിമുഖത്തിൽ കിം കർദാഷിയാൻ വെളിപ്പെടുത്തി. ചാറ്റ്ജിപിടിയുടെ തെറ്റായ ഉത്തരങ്ങൾ കാരണം താൻ പലതവണ പരീക്ഷകളില്‍ പരാജയപ്പെട്ടിട്ടുണ്ടെന്ന് കിം കർദാഷിയാൻ പറയുന്നു. വാനിറ്റി ഫെയറിന്‍റെ പ്രശസ്‍തമായ 'ലൈ ഡിറ്റക്‌ടർ' ടെസ്റ്റ് ഷോയിൽ പങ്കെടുക്കുന്നതിനിടെ ഗായികയും നടിയുമായ ടെയാന ടെയ്‌ലർ കിമ്മിനോടാണ് കിം കർദാഷിയാൻ തന്‍റെ ചാറ്റ്ജിപിടി അനുഭവങ്ങള്‍ തുറന്നുപറഞ്ഞത്.

നിയമം പഠിക്കുന്ന കിം കർദാഷിയാൻ

2019 മുതൽ കിം കർദാഷിയാൻ നിയമം പഠിക്കുന്നു. 2021-ൽ ബേബി ബാർ പരീക്ഷ പാസായ അവർ ഈ വർഷം മെയ് മാസത്തിൽ നിയമ ബിരുദം പൂർത്തിയാക്കി. ജൂലൈയിൽ അവസാന ബാർ പരീക്ഷയും എഴുതി. ഇപ്പോൾ ഫലങ്ങൾക്കായി കാത്തിരിക്കുകയാണ് കിം കർദാഷിയാൻ. ചാറ്റ്‌ജിപിടിയിലെ വിവരങ്ങൾ സ്ഥിരമായി തെറ്റാണെന്നും ഇത് നെഗറ്റീവ് പരിശോധനാ ഫലങ്ങളിലേക്ക് നയിക്കുന്നുണ്ടെന്നും കർദാഷിയാൻ ചൂണ്ടിക്കാട്ടി. ജനപ്രിയ ചാറ്റ്ബോട്ടായ ചാറ്റ്‌ജിപിടിയില്‍ നിന്ന് കൃത്യമായ നിയമോപദേശം തേടാനുള്ള തന്‍റെ ശ്രമങ്ങൾ എപ്പോഴും പരാജയപ്പെട്ടിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

"ചാറ്റ്‍ജിപിടി എപ്പോഴും എന്നെ പരീക്ഷകളിൽ പരാജയപ്പെടുത്തിയിട്ടുണ്ട്. പിന്നെ ഞാൻ അതിനോട് ദേഷ്യപ്പെടുകയും 'നീ എന്നെ പരാജയപ്പെടുത്തി' എന്ന് ആക്രോശിക്കുകയും ചെയ്യും. അത് എന്നോട് തിരിച്ചും സംസാരിക്കും"- ഷോയിൽ കിം കർദാഷിയാൻ തന്‍റെ അനുഭവം പങ്കുവെച്ചു. തന്നെ പരാജയപ്പെടുത്തിയതിൽ എന്താണ് തോന്നുന്നതെന്ന് ബോട്ടിനോട് ചോദിച്ചപ്പോൾ അത് മറുപടി നൽകിയതായും കിം കർദാഷിയാൻ വെളിപ്പെടുത്തി. ഇത് നിങ്ങളുടെ സ്വന്തം സഹജാവബോധത്തെ വിശ്വസിക്കാൻ നിങ്ങളെ പഠിപ്പിക്കുകയാണെന്നും നിങ്ങൾക്ക് ഉത്തരം എപ്പോഴും അറിയാമായിരുന്നു എന്നുമായിരുന്നു ചാറ്റ്‍ബോട്ടിന്‍റെ മറുപടി എന്ന് കിം കർദാഷിയാൻ പറയുന്നു. ചാറ്റ്ജിപിടിയെ ഇപ്പോൾ ഒരേസമയം ഒരു സുഹൃത്തും ശത്രുവുമായിട്ടാണ് താൻ കാണുന്നതെന്നും കിം കർദാഷിയാൻ തമാശയായി പറഞ്ഞു.

കിം കർദാഷിയാന് സൈബര്‍ ലോകത്ത് പിന്തുണയും വിമര്‍ശനവും

താന്‍ പരീക്ഷകളില്‍ പരാജയപ്പെട്ടതിന് ചാറ്റ്‍ജിപിടിയെ കുറ്റപ്പെടുത്തിയുള്ള കിം കർദാഷിയാന്‍റെ കുറ്റസമ്മതം ഓൺലൈൻ ലോകത്ത് വലിയ ചര്‍ച്ചയായി. നിരവധി കാഴ്‌ചക്കാർ കിം കർദാഷിയാന്‍റെ തുറന്നുപറച്ചിലിനെയും സത്യസന്ധതയേയും പുകഴ്ത്തി. എഐയുടെ സഹായത്തോടെ പഠിക്കുന്നതിന്‍റെ ബുദ്ധിമുട്ടുകളിൽ നിന്ന് രക്ഷപ്പെടാൻ ഒരു കോടീശ്വരിയായ സെലിബ്രിറ്റിക്ക് പോലും കഴിയില്ലെന്നായിരുന്നു ചിലരുടെ പരിഹാസം.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്