ന്യൂയോര്‍ക്ക്: പ്രമുഖ കാമറ നിര്‍മ്മാതാക്കളായ കൊഡാക് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തിലേക്കു കടക്കുന്നു. എക്ട്രാ എന്നാണ് പുതിയ ഫോണിനു പേരിട്ടിരിക്കുന്നത്. ഒരു ഡിഎസ്എല്‍ആര്‍ കാമറയ്ക്കു തുല്യമാണ് എക്ട്രാ എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഫോട്ടോഗ്രാഫിക്ക് പ്രാധാന്യം കൊടുത്താണ് എക്ട്രായുടെ രൂപകല്‍പ്പന. 21 മെഗാപിക്‌സല്‍ പിന്‍കാമറയും 13 മെഗാ പിക്‌സല്‍ മുന്‍ കാമറയുമാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫാസ്റ്റ് ഫോക്കസ് കാമറ സെന്‍സറും ഡുവല്‍ ഫ്‌ളാഷും പിന്‍കാമറയ്ക്ക് സപ്പോര്‍ട്ടായുണ്ട്.

അഞ്ച് ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, 3 ജിബി റാം, 23 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 3000 എംഎഎച്ച് ബാറ്ററി തുടങ്ങിയവയും കൊഡാക് എക്ട്രായുടെ മറ്റു സവിശേഷതകളാണ്. ഡിഎസ്എല്‍ആര്‍ മോഡിനായുള്ള പ്രത്യേക കാമറ ആപ്ലിക്കേഷനും എക്ട്രായെ വേറിട്ടു നിര്‍ത്തുന്നു. കൂടാതെ പ്രിസ്മ, ആഡോബി ലൈറ്റ്‌റൂം, സ്‌നാപ്‌സീഡ് തുടങ്ങിയ ഫോട്ടോ എഡിറ്റിംഗ് ആപ്പുകളും ഫോണിലുണ്ട്. 36,800 രൂപയാണ് ഫോണിന്റെ വില.