അടുത്ത കാലത്ത് രാജ്യം ഏറ്റവുമധികം ശ്രദ്ധിച്ചൊരു പേരാണ് ലീജിയന്‍ എന്ന സൈബര്‍ ആക്രമണ സംഘത്തിന്റേത്. ആദ്യം രാഹുല്‍ ഗാന്ധിയുടെയേും തൊട്ടുടനെ കോണ്‍ഗ്രസിന്റെയും ട്വിറ്റര്‍ അക്കൗണ്ടുകളാണ് ആദ്യം ഹാക്ക് ചെയ്യപ്പെട്ടത്. തുടര്‍ന്ന് വിജയ് മല്യയും മാധ്യമ പ്രവര്‍ത്തക ബര്‍ക്കാ ദത്തുമെല്ലാം ആക്രമണത്തിനിരയായി. ലിജീയന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സംഘം ദിവസങ്ങള്‍ക്ക് മുമ്പ് വാഷിങ്ടണ്‍ പോസ്റ്റിന് ഓണ്‍ലൈന്‍ അഭിമുഖവും നല്‍കിയിരുന്നു.

വരാന്‍ പോകുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് അന്ന് അവര്‍ സൂചന നല്‍കിയിരുന്നു. പ്രത്യേകിച്ച് ഒരു രാഷ്ട്രീയ ലക്ഷ്യവും തങ്ങള്‍ക്ക് ഇല്ലെന്ന് വ്യക്തമാക്കുന്ന അവര്‍ ജനങ്ങളില്‍ നിന്ന് ഒളിച്ചുവെക്കുന്ന പരമാവധി രഹസ്യങ്ങള്‍ പരസ്യമാക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ തങ്ങള്‍ക്കുള്ളൂവെന്ന് പറയുന്നു. എന്നാല്‍ തങ്ങള്‍ നിരുപദ്രവകാരികളായ ഹാക്കര്‍മാരാണെന്ന് കരുതേണ്ടെന്നും ഇവര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. കുറ്റകൃത്യങ്ങളിലും മയക്കുമരുന്നിലും ആനന്ദം കണ്ടെത്തുന്ന ഒരു സംഘമെന്നാണ് ലീജിയന്‍ സ്വയം വിശേഷിപ്പിക്കുന്നത് തന്നെ. ഇന്ത്യയിലെ 40,000ല്‍ അധികം സെര്‍വറുകളില്‍ നിന്ന് തങ്ങള്‍ വിവരങ്ങള്‍ മോഷ്ടിച്ചിട്ടുണ്ടെന്നും പലരുടെയും ടെലിഫോണ്‍, ഇ-മെയില്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. രാജ്യത്തെ ഏറ്റവും വലിയ ആശുപത്രി ശൃംഖലകളിലൊന്നായ അപ്പോളോയുടെ നെറ്റ്‍വര്‍ക്കില്‍ നിന്നും സുപ്രധാന വിവരങ്ങള്‍ മോഷ്ടിച്ചിട്ടുണ്ടെന്നും ലീജിയന്‍ പറയുന്നു. ഒരു ടെറാബൈറ്റ് വരുന്ന വിവരങ്ങള്‍ ഉടനെ ജനങ്ങള്‍ക്ക് മുന്നില്‍ പരസ്യപ്പെടുത്തുമെന്നും അവര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി