ക്ലൗഡ്‌ഫ്ലെയറിലും ഗൂഗിള്‍ ക്ലൗഡിലും പ്രശ്‌നങ്ങള്‍ വന്നതോടെയാണ് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെട്ടത് എന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്
തിരുവനന്തപുരം: ഇന്‍റർനെറ്റിലെ പ്രധാന സേവനങ്ങളെ താറുമാറാക്കി ഗൂഗിൾ ക്ലൗഡ് സർവീസ് തകരാർ. സ്പോട്ടിഫൈയും, ഡിസ്‌കോർഡും, ഗൂഗിൾ മീറ്റും, ചാറ്റ് ജിപിടിയും അടക്കമുള്ള അനേകം ഇന്‍റര്‍നെറ്റ് സേവനങ്ങൾ ആഗോളതലത്തില്‍ തടസപ്പെട്ടു. ക്ലൗഡിലുണ്ടായ സാങ്കേതിക പ്രശ്നം രാത്രി പരിഹരിച്ചതായി ഗൂഗിൾ അറിയിച്ചു.
ഇന്നലെ രാത്രിയാണ് സ്പോട്ടിഫൈയും, ഡിസ്‌കോർഡും, ഗൂഗിളും അടക്കമുള്ള ഇന്‍റര്‍നെറ്റ് സേവനങ്ങളില്‍ ഉപഭോക്താക്കള്‍ തടസം നേരിട്ടത്. വിവിധ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ലഭിക്കുന്നില്ലെന്ന് കാണിച്ച് നിരവധി ഉപഭോക്താക്കള്‍ പരാതിയുമായി ഡൗണ്‍ഡിറ്റക്റ്ററില്‍ രംഗത്തെത്തുകയായിരുന്നു. ആമസോണ്‍ വെബ് സര്‍വീസും ലഭ്യമല്ലെന്ന് ചില ഉപഭോക്താക്കള്‍ പരാതി രേഖപ്പെടുത്തിയെങ്കിലും കമ്പനി ഇക്കാര്യം നിഷേധിച്ചു.
ക്ലൗഡ്‌ഫ്ലെയറിലും ഗൂഗിള്‍ ക്ലൗഡിലും പ്രശ്‌നങ്ങള്‍ വന്നതോടെയാണ് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെട്ടത് എന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഗൂഗിള്‍ ഗ്ലൗഡിലുണ്ടായ ഔട്ടേജാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത് എന്നാണ് ക്ലൗഡ്‌ഫ്ലെയര്‍ വക്താവിന്‍റെ പ്രതികരണം. എന്നാല്‍ പ്രധാന സേവനങ്ങള്‍ തടസപ്പെട്ടിട്ടില്ലെന്നും ക്ലൗഡ്‌ഫ്ലെയര്‍ അധികൃതര്‍ വ്യക്തമാക്കി. അതേസമയം ഗൂഗിള്‍ ക്ലൗഡില്‍ സാങ്കേതിക പ്രശ്നം നേരിട്ടതിനെ കുറിച്ച് അന്വേഷിക്കുകയാണ് എന്നാണ് ഗൂഗിളിന്‍റെ പ്രതികരണം. ഔട്ടേജ് വേഗം പരിഹരിക്കാനായതിനാല്‍ കൂടുതല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങളെ പ്രശ്നം ബാധിച്ചില്ല.
സ്പോട്ടിഫൈ സേവനങ്ങള്‍ ലഭ്യമല്ലെന്ന് 46,000 ഉപഭോക്താക്കളും, ഗൂഗിള്‍ ക്ലൗഡ് സേവനങ്ങള്‍ ലഭ്യമല്ലെന്ന് 14,000 യൂസര്‍മാരും, ഡിസ്‌കോര്‍ഡ് സേവനം ലഭിക്കുന്നില്ലെന്ന് 11,000 ഉപയോക്താക്കളും വരെ ഡൗണ്‍ഡിറ്റക്റ്ററില്‍ പരാതിപ്പെടുന്ന സാഹചര്യമുണ്ടായി. സ്നാപ്‌ചാറ്റ് ആപ്പിലും ക്യാരക്ടര്‍.എഐ സേവനത്തിലും സാങ്കേതിക പ്രശ്നം ഉപഭോക്താക്കള്‍ക്കുണ്ടായതായി ഡൗണ്‍ഡിറ്റക്റ്ററിലെ പരാതികള്‍ ചൂണ്ടിക്കാണിക്കുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലൗഡ് സേവനദാതാക്കളില്‍ ഒരു കമ്പനിയാണ് പ്രശ്നം നേരിട്ട ഗൂഗിള്‍ ക്ലൗഡ്. ലോകമെങ്ങുമുള്ള ക്ലൗഡ് സേവനങ്ങളില്‍ 12 ശതമാനം വിപണി വിഹിതം ഗൂഗിള്‍ ക്ലൗഡിനുണ്ട്.

