തിരുവനന്തപുരം ഏയര്‍പോര്‍ട്ട്  സൈറ്റ് അടക്കം ആക്രമിച്ച പാക്കിസ്ഥാൻ ഹാക്കർമാർക്ക് ശക്തമായ മറുപടി നല്‍കി മലയാളി ഹാക്കർമാർ. പാക് വിമാനത്താവളത്തിന്റെ വെബ്സൈറ്റിൽ സിഐഡി മൂസയിലെ സലിംകുമാറും പ്രേമത്തിലെ നിവിൻപോളിയും രാവണ പ്രഭുവിലെ മോഹൻലാലിനെയുമൊക്കെ അവതരിപ്പിച്ച് മലയാളി ഹാക്കർമാരുടെ പൊങ്കാല തുടരുകയാണ്. 

മേരി ദേശ് വാസിയോം ,കേരളത്തിലെ വെബ്സൈറ്റുകൾ തൊട്ടാൽ എന്താകുമെന്ന് കാണിച്ചു കൊടുക്കാൻ ഞങ്ങൾ ഈ തവണ ട്രോളൻ മാർക്കും പൊങ്കാലാ സ്പെഷലിസ്റ്റുകൾക്കും അവസരം തരികയാണ്. പാക്കിസ്ഥാൻ എയർപോർട്ട് വെബ്സൈറ്റ് അഡ്മിൻ ലോഗിൻ ഡീറ്റെയിൽസ് ചുവടെ കൊടുക്കുന്നു. നിങ്ങളുടെ കരുത്ത് കാണിക്കാൻ സമയം ആയിരിക്കുന്നു... പിന്നെ പാസ്സ്‌വേർഡ് മാറ്റി മറ്റു പൊങ്കാല സ്പെഷെലിസ്റ്റുകളെ ബുദ്ധിമുട്ടിക്കരുത്. അവർക്കും അവസരം കൊടുക്കണമെന്ന് അഭ്യാർഥിക്കുന്നു. ഇതായിരുന്നു മല്ലുസൈബർ സോൾജ്യേഴ്സിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സിന്റെ പോസ്റ്റ് വന്നതിനു പിന്നാലെ പാക് സൈറ്റ് പൊങ്കാല കൊണ്ട് നിറഞ്ഞു. ഓരോ നിമിഷവും സൈറ്റിലെ വിവരങ്ങള്‍ മാറിമറിഞ്ഞു. സഹികെട്ട അധികൃതര്‍ സൈറ്റ് താത്ക്കാലികമായി പിന്‍വലിച്ചിരിക്കുകയാണ്.

ചീറ്റ എന്ന ഗ്രൂപ്പായിരുന്നു കഴിഞ്ഞദിവസം തിരുവനന്തപുരം എയര്‍പോര്‍ട്ട് വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. പാക് സൈബര്‍ അറ്റാക്കേഴ്‌സ് എന്ന് വിശേഷിപ്പിക്കുന്ന ഇവര്‍ മെസ് വിത് ദി ബെസ്റ്റ്, ഡൈ ലൈക്ക് റെസ്റ്റ് എന്നീ സന്ദേശങ്ങളാണ് വെബ്‌സൈറ്റില്‍ ഹാക്കര്‍മാര്‍ അപ്പ്‌ലോഡ് ചെയ്തിരുന്നത്. ബുധനാഴ്ച ഒമ്പത് മണിയോടെ സൈറ്റ് പൂര്‍വ സ്ഥിതിയിലെത്തുകയും ചെയ്തിരുന്നു.