അങ്കമാലി: ലോകത്തിലെ പ്രശസ്തര്‍ക്ക് മക്കള്‍ ജനിക്കുമ്പോള്‍ ആ കുട്ടിയുടെ പേരിലുള്ള സോഷ്യല്‍ മീഡിയ ഐഡികളും, ഡോമൈന്‍ പേരുകളും അവര്‍ സ്വന്തമാക്കുന്നത് സാധാരണമാണ്, ഇത്തരത്തില്‍ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ്  മാക്‌സ്ചന്‍ സുക്കര്‍ബര്‍ഗ്.ഓര്‍ഗ് എന്ന ഇന്റര്‍നെറ്റ് വിലാസം സ്വന്തമാക്കി. ഇതില്‍ എന്താ വാര്‍ത്ത എന്നല്ലെ, ഇത് ഒരു മലയാളി പയ്യനില്‍ നിന്നാണ് സുക്കര്‍ബര്‍ഗ് വാങ്ങിയത്. അങ്കമാലിയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ അമലില്‍ നിന്ന് 700 ഡോളറിനാണ് സുക്കര്‍ബര്‍ഗ് മാക്‌സ്ചന്‍ സുക്കര്‍ബര്‍ഗ്.ഓര്‍ഗ് വാങ്ങിയത്.

മാര്‍ക്ക് സുക്കര്‍ബര്‍ഗ് നിയോഗിച്ച കമ്പനിയുമായാണ് ഇടപാട് നടത്തിയത്. എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ അമല്‍ അഗസ്റ്റിന്‍ 2015 ഡിസംബറിലാണ് സക്കര്‍ബര്‍ഗിന്റെ മകളുടെ പേരിലുള്ള മാക്‌സ്ചന്‍ സുക്കര്‍ബര്‍ഗ്.ഓര്‍ഗ് എന്ന ഇന്റര്‍നെറ്റ് വിലാസം ഗോ ഡാഡി എന്ന ഓണ്‍ലൈന്‍ ഡൊമൈന്‍ ഇടത്തില്‍ നിന്നും കരസ്തമാക്കിയത്. ഇതിനെ തുടര്‍ന്നാണ് ഐക്കോണിക് ക്യാപിറ്റല്‍ എന്ന സ്ഥാപനം ഈ ഡൊമൈന്‍ 700 ഡോളറിന് കൈമാറാന്‍ മെയില്‍ അയക്കുകയായിരുന്നു.

ഈ കമ്പനിയുടെ മാനേജര്‍ സാറ ചാപ്പലാണ് അമലുമായി ഇടപാടുകള്‍ നടത്തിയത്. പ്രമുഖരായ വ്യക്തികളുടെ സ്ഥാപനങ്ങള്‍, ബ്രാന്‍ഡുകള്‍ എന്നിവയുടെ ഇന്റര്‍നെറ്റ് വിലാസങ്ങള്‍ സ്വന്തമാക്കി അവര്‍ക്കു വില്‍ക്കുന്ന ഈ രീതിക്കു സൈബര്‍ സ്‌ക്വാട്ടിങ് എന്നാണ് ടെക് ലോകത്തുള്ള പേര്.