ഫേസ്ബുക്കിലേക്ക് കൂടുതൽ കോണ്ടന്‍റ് ക്രിയേറ്റേഴ്‌സിനെ ആകർഷിക്കാൻ 'ക്രിയേറ്റർ ഫാസ്റ്റ് ട്രാക്ക്' എന്ന പുതിയ പദ്ധതിയുമായി മെറ്റ. ഇൻസ്റ്റഗ്രാം, ടിക്‌ടോക്ക്, യൂട്യൂബ് എന്നിവയിൽ സജീവമായ ക്രിയേറ്റർമാർക്ക് ഫേസ്ബുക്കിൽ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നതിന് പ്രതിമാസം 2.7 ലക്ഷം രൂപ വരെ നേടാൻ അവസരമൊരുക്കുന്നതാണ് ഈ പദ്ധതി.
കാലിഫോര്‍ണിയ: ഫേസ്ബുക്കിലേക്ക് കൂടുതൽ കോണ്ടന്‍റ് ക്രിയേറ്റേഴ്‌സിനെ ആകർഷിക്കാൻ പുതിയ പദ്ധതിയുമായി മാർക്ക് സക്കർബർഗിന്‍റെ കമ്പനിയായ മെറ്റ പ്ലാറ്റ്‌ഫോംസ്. ഇൻസ്റ്റഗ്രാം, ടിക്‌ടോക്ക്, യൂട്യൂബ് എന്നിവയിൽ സജീവമായ കോണ്ടന്‍റ് ക്രിയേറ്റർമാർക്ക് ഫേസ്ബുക്കിൽ ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനായി പ്രതിമാസം 2.7 ലക്ഷം വരെ ഇപ്പോള്‍ നൽകുമെന്നാണ് മാർക്ക് സക്കർബർഗിന്‍റെ പ്രഖ്യാപനം.
മെറ്റ ക്രിയേറ്റര്‍ ഫാസ്റ്റ് ട്രാക്ക് വഴി എങ്ങനെ പണം സമ്പാദിക്കാം?
‘ക്രിയേറ്റർ ഫാസ്റ്റ് ട്രാക്ക്’ എന്ന പേരിലാണ് ഈ പദ്ധതി മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ നിരവധി ക്രിയേറ്റർമാർ ഫേസ്ബുക്കിനെക്കാൾ മറ്റു പ്ലാറ്റ്ഫോമുകളെയാണ് മുൻഗണന നൽകുന്നതെന്ന് കമ്പനി തന്നെ സമ്മതിച്ച സാഹചര്യത്തിലാണ് ഈ നീക്കം. കമ്പനിയുടെ വിവരങ്ങൾ പ്രകാരം ഇൻസ്റ്റഗ്രാം, ടിക്‌ടോക്ക് അല്ലെങ്കിൽ യൂട്യൂബിൽ കുറഞ്ഞത് 20,000 ഫോളോവേഴ്‌സുള്ള കണ്ടന്‍റ് ക്രിയേറ്റർമാർക്ക് ഈ പദ്ധതിയിൽ ചേരാം. പ്രാരംഭമായി 100 ഡോളർ (ഏകദേശം 9,300 രൂപ) മുതൽ വരുമാനം ആരംഭിക്കും.
എന്നാൽ, കൂടുതൽ ഫോളോവേഴ്‌സുള്ളവർക്ക് കൂടുതൽ വരുമാനവും ലഭിക്കും. ഒരുലക്ഷം ഫോളോവേഴ്‌സുള്ളവർക്ക് പ്രതിമാസം 1,000 ഡോളർ (ഏകദേശം 92,000 രൂപ) ലഭിക്കും. 10 ലക്ഷം ഫോളോവേഴ്‌സിനു മുകളിൽ ഉള്ളവർക്ക് 3,000 ഡോളർ (ഏകദേശം 2.78 ലക്ഷം) വരെ നേടാം. എന്നാൽ വെറും അക്കൗണ്ട് സൃഷ്‍ടിക്കുന്നത് മാത്രം മതിയാകില്ല. ക്രിയേറ്റർമാർ സ്ഥിരമായി പോസ്റ്റുകൾ ചെയ്യേണ്ടതുണ്ട്. 30 ദിവസത്തിനുള്ളിൽ കുറഞ്ഞത് 15 ഒറിജിനൽ റീലുകൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യണം. ഇവ കുറഞ്ഞത് 10 വ്യത്യസ്‍ത ദിവസങ്ങളിലായി പ്രസിദ്ധീകരിക്കണം എന്നതാണ് നിബന്ധന. ഈ സാമ്പത്തിക പ്രോത്സാഹനം മൂന്ന് മാസത്തേക്ക് മാത്രമാണ് ലഭിക്കുക. എന്നാൽ അതിന് ശേഷം ഫേസ്ബുക്കിന്‍റെ കണ്ടന്‍റ് വരുമാന പദ്ധതികളിൽ തുടർന്നും പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കും. കൂടാതെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്താൻ കമ്പനി സഹായിക്കുമെന്നും മെറ്റ വ്യക്തമാക്കുന്നു.
പല കണ്ടന്‍റ് ക്രിയേറ്റർമാരും ഫേസ്ബുക്കിനെ പ്രധാന പ്ലാറ്റ്ഫോമായി കാണുന്നില്ലെന്ന് 2025 മാർച്ചിൽ മാർക്ക് സക്കർബർഗ് തുറന്നു പറഞ്ഞിരുന്നു. എന്നാൽ ഫേസ്‍ബുക്ക് തന്നെയാണ് വലിയ അവസരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കമ്പനിയുടെ കണക്കുകൾ പ്രകാരം, 2025ൽ മെറ്റ ഏകദേശം മൂന്ന് ബില്യൺ ഡോളർ കോണ്ടന്‍റ് ക്രിയേറ്റർമാർക്ക് നൽകി. ഇതിൽ 60 ശതമാനവും റീലുകൾക്കായാണ്. കൂടാതെ ‘ക്വാളിഫൈഡ് വ്യൂസ്’ എന്ന പുതിയ മെട്രിക്കും അവതരിപ്പിച്ചിട്ടുണ്ട്. ഇത് വഴി യഥാർത്ഥത്തിൽ വരുമാനത്തിന് യോഗ്യമായ വ്യൂകൾ തിരിച്ചറിയാൻ കഴിയും.


