മറുപടിയില്ലാത്ത വാട്‌സ്ആപ്പ് അക്കൗണ്ടുകളിലേക്ക് അയക്കാവുന്ന മെസേജുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നു. ഇതുവഴി സ്‌പാം മെസേജുകളുടെ ശല്യം കുറയ്‌ക്കാനാകുമെന്ന് പ്രതീക്ഷ. 

കാലിഫോര്‍ണിയ: വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് വലിയ ഭീഷണിയാണ് സ്‌പാം മെസേജുകള്‍. എത്ര അവഗണിച്ചാലും ബ്ലോക്ക് ചെയ്‌താലും സ്‌പാം മെസേജുകള്‍ക്ക് ഒരു കുറവും ഉണ്ടാവാറില്ല. ഈ ഭീഷണിക്ക് ഒരു മറുമരുന്ന് കണ്ടുപിടിച്ചിരിക്കുകയാണ് വാട്‌സ്ആപ്പിന്‍റെ മാതൃ കമ്പനിയായ മെറ്റ. മറുപടിയില്ലാത്ത വാട്‌സ്ആപ്പ് അക്കൗണ്ടുകളിലേക്ക് അയക്കാവുന്ന മെസേജുകളുടെ എണ്ണം പരിമിതപ്പെടുത്താനാണ് മെറ്റ അധികൃതരുടെ നീക്കം. അതായത്, ബിസിനസ് അക്കൗണ്ടുകളില്‍ നിന്ന് മറ്റും പതിവായി മെസേജുകള്‍ വരുന്നതിനോട് ആളുകള്‍ പ്രതികരിക്കാതിരുന്നാല്‍, ഒരു പരിധി കഴിഞ്ഞാല്‍ മെസേജ് അയക്കല്‍ സ്വിച്ച് ഇട്ടതുപോലെ നില്‍ക്കും.

സ്‌പാം മെസേജുകള്‍ തടയാന്‍ അടുത്ത നടപടി

വാട്‌സ്ആപ്പിലെ സാധാരണ ഉപഭോക്താക്കളെയും ബിസിനസ് അക്കൗണ്ടുകളെയും ആഴത്തില്‍ സ്വാധീനിച്ചേക്കാവുന്ന വലിയൊരു നയംമാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ് മെറ്റ. പ്രതികരിക്കാത്ത ആളുകൾക്ക് അയയ്ക്കാവുന്ന സന്ദേശങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്നതായാണ് മെറ്റയുടെ പ്രഖ്യാപനം. സമീപ വർഷങ്ങളിൽ വാട്‌സ്ആപ്പില്‍ വ്യാപകമായിരിക്കുന്ന സ്‌പാം മെസേജിംഗും ബൾക്ക് മെസേജിംഗും കുറയ്ക്കുന്നതിനാണ് ഈ നീക്കം. വരും ആഴ്‌ചകളില്‍ ഈ പുതിയ പോളിസി വിവിധ രാജ്യങ്ങളില്‍ നടപ്പിലാകും. മറുപടി നൽകാത്ത ഒരു കോൺടാക്റ്റിന് അയയ്ക്കുന്ന ഓരോ സന്ദേശവും അയയ്‌ക്കുന്നയാളുടെ പ്രതിമാസ ക്വാട്ടയിൽ കണക്കാക്കും. എന്നാല്‍ ഈ ക്വാട്ടയിൽ അനുവദനീയമായ സന്ദേശങ്ങളുടെ കൃത്യമായ എണ്ണം എത്രയായിരിക്കുമെന്ന് മെറ്റ വെളിപ്പെടുത്തിയിട്ടില്ല.

അനാവശ്യമായതോ ആവര്‍ത്തിച്ചുള്ളതോ ആയ സന്ദേശങ്ങള്‍ തുടര്‍ച്ചയായി അയക്കുന്ന വ്യക്തികളെയും ബിസിനസ് അക്കൗണ്ടുകളെയുമാവും ഈ തീരുമാനം പ്രതികൂലമായി ബാധിക്കുക. അതായത്, ഒരു പ്രതികരണവും സന്ദേശം റിസീവ് ചെയ്യുന്നയാളില്‍ നിന്ന് ലഭിക്കുന്നില്ലെങ്കിലും ഫോളോ-അപ് മെസേജുകള്‍ അയച്ചുകൊണ്ടേയിരിക്കുന്ന ആളുകളുടെ ക്വാട്ടയില്‍ ഈ മെസേജുകളെല്ലാം മെറ്റ ഉള്‍പ്പെടുത്തും. എന്നാല്‍ വല്ലപ്പോഴും മാത്രം മെസേജുകള്‍ അയക്കുന്ന സുഹൃത്തുക്കളെയും വ്യക്തിഗത കോണ്‍ടാക്റ്റുകളെയും ഈ നിയന്ത്രണം പ്രതികൂലമായി ബാധിക്കില്ലെന്ന് മെറ്റ അവകാശപ്പെടുന്നു.

മുമ്പ് പരാജയപ്പെട്ട വാട്‌സ്ആപ്പും മെറ്റയും

ലോകമെമ്പാടുമായി മൂന്ന് ബില്യണിലധികം ഉപയോക്താക്കളുള്ള ഇന്‍സ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. ഇത്രയേറെ വലിയ പ്ലാറ്റ്‌ഫോമാണ് എന്നതിനാല്‍ തന്നെ വാട്‌സ്ആപ്പിലെ സ്‌പാം മെസേജുകള്‍ക്ക് ഭാഗികമായെങ്കിലും തടയിടാന്‍ മെറ്റയ്‌ക്ക് ഇതുവരെ കഴിഞ്ഞിരുന്നില്ല. മാര്‍ക്കറ്റിംഗിനും, രാഷ്‌ട്രീയ പ്രചാരണങ്ങള്‍ക്കും, സ്‌പാം ഓപ്പറേറനുകള്‍ക്കുമായി വാട്‌സ്ആപ്പ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. വാട്‌സ്ആപ്പ് വഴി ദിവസം ലക്ഷക്കണക്കിന് സ്‌കാമുകളും നടക്കുന്നു. മെസേജ് ഫോര്‍വേഡിംഗ് മുന്നറിയിപ്പും, ഫോര്‍വേഡിംഗ് നിയന്ത്രണവും, സംശയാസ്‌പദമായ മെസേജുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള ടൂളുമെല്ലാം വാട്‌സ്ആപ്പില്‍ മെറ്റ അവതരിപ്പിച്ചിട്ടും സ്‌പാമുകള്‍ക്ക് തടയിടാന്‍ വാട്‌സ്ആപ്പ് അധികൃതര്‍ക്കായിരുന്നില്ല.

ഫോണ്‍ നമ്പറുകള്‍ പങ്കുവെക്കാതെ കോണ്‍ടാക്റ്റ് ചെയ്യാന്‍ യൂസര്‍നെയിം ഫീച്ചര്‍ വാട്‌സ്ആപ്പില്‍ അവതരിപ്പിക്കാനും തയ്യാറെടുക്കുകയാണ് മെറ്റ. എന്നാല്‍ ഇത് പ്രൈവസ് വര്‍ധിപ്പിക്കുമെങ്കിലും സ്‌പാമര്‍മാര്‍ നമ്പറുകള്‍ മറച്ചുവച്ച് യൂസര്‍നെയിമുകള്‍ വഴി ആളുകളെ ബന്ധപ്പെടുമോ എന്ന ആശങ്കയും സജീവമായിട്ടുണ്ട്.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്