കുട്ടികളെ ആസക്തിയിലേക്ക് നയിക്കുന്ന രീതിയിൽ പ്ലാറ്റ്‌ഫോമുകൾ രൂപകൽപ്പന ചെയ്‌തുവെന്ന കേസിൽ മെറ്റയും യൂട്യൂബും കുറ്റക്കാരാണെന്ന് ലോസ് ഏഞ്ചൽസ് കോടതി കണ്ടെത്തി. പരാതിക്കാരിയായ 20-കാരിക്ക് ആറ് മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഇരു കമ്പനികളും അറിയിച്ചു.

ലോസ് ഏഞ്ചൽസ്: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കുട്ടികളെ ആസക്തിയിലേക്കും മാനസികമായി ഹാനികരമായ കാര്യങ്ങളിലേക്കും നയിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്‌തുവെന്ന ആരോപണത്തിൽ മെറ്റയും യൂട്യൂബും കുറ്റക്കാരാണെന്ന് ലോസ് ഏഞ്ചൽസിലെ ഒരു കോടതി കണ്ടെത്തി. “കെജിഎം” എന്ന പേരിൽ അറിയപ്പെടുന്ന 20-കാരിക്ക് ആറ് മില്യൺ ഡോളർ നഷ്‍ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.

ഒത്തുതീര്‍പ്പാക്കി ടിക്‌ടോകും സ്‍നാപ്പും

ഇൻസ്റ്റഗ്രാം (മെറ്റ), ടിക്‌ടോക് (ബൈറ്റ്‌ഡാൻസ്), യൂട്യൂബ് (ഗൂഗിൾ) എന്നിവക്കെതിരെയാണ് പരാതിക്കാരി കേസ് നൽകിയിരുന്നത്. ഈ പ്ലാറ്റ്‌ഫോമുകളുടെ ആസക്തി ഉളവാക്കുന്ന സവിശേഷതകൾ കാരണം ബാല്യത്തിൽ തന്നെ തനിക്ക് മാനസികമായും സാമൂഹികമായും ഹാനി സംഭവിച്ചതായി പരാതിക്കാരി ആരോപിച്ചു. അതേസമയം, വിചാരണ ആരംഭിക്കുന്നതിന് മുമ്പ് ടിക്‌ടോകും സ്‍നാപ്പും പരാതിക്കാരിയുമായി ഒത്തുതീർപ്പിൽ എത്തിയിരുന്നു.

നഷ്‍ടപരിഹാര തുകയായ മൂന്ന് മില്യൺ ഡോളറിൽ 70 ശതമാനം മെറ്റ നൽകണമെന്നും ബാക്കിയുള്ള തുക യൂട്യൂബ് നൽകണമെന്നും കോടതി നിർദേശിച്ചു. ഇതിന് പുറമേ, ശിക്ഷാപരമായ നഷ്‍ടപരിഹാരമായി മൂന്ന് മില്യൺ ഡോളർ പരാതിക്കാരിക്ക് അനുവദിച്ചു. വിധിക്കെതിരെ പ്രതികരിച്ച മെറ്റ, കോടതി വിധിയോട് യോജിപ്പില്ലെന്നും അപ്പീല്‍ നല്‍കാനുള്ള നിയമപരമായ മാർഗങ്ങൾ പരിശോധിക്കുന്നതാണെന്നും അറിയിച്ചു. അതേസമയം, യൂട്യൂബ് ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം അല്ലെന്നും അത് ഒരു സ്ട്രീമിംഗ് സേവനമാണെന്നും ആയിരുന്നു ഗൂഗിളിന്‍റെ വാദം. വിധിക്കെതിരെ അപ്പീൽ നൽകുമെന്നും ഗൂഗിൾ വ്യക്തമാക്കി.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ രൂപകൽപ്പന കുട്ടികൾക്ക് ദോഷകരമായ രീതിയിലാണ് എന്നാരോപിക്കുന്ന കേസുകളിൽ ആദ്യത്തെ വിധിയാണ് ഇത് എന്നതിനാലാണ് ഈ കേസ് ഏറെ പ്രാധാന്യമർഹിക്കുന്നത്. വിചാരണയ്ക്കിടെ ഇൻസ്റ്റഗ്രാം മേധാവി ആദം മൊസെരി, സോഷ്യൽ മീഡിയ ക്ലിനിക്കൽ ആസക്തി ഉണ്ടാക്കുമെന്ന ആശയത്തോട് യോജിച്ചില്ല. എന്നാൽ, മെറ്റ സിഇഒ മാർക്ക് സുക്കർബർഗ്, കൗമാരക്കാർ പ്ലാറ്റ്‌ഫോമുകളിൽ ചെലവഴിക്കുന്ന സമയം വർധിപ്പിക്കാനുള്ള ലക്ഷ്യങ്ങൾ കമ്പനിയുടെ തുടക്കകാലത്ത് നിശ്ചയിച്ചിരുന്നുവെന്ന് സമ്മതിച്ചു. വരുമാനം വർധിപ്പിക്കുകയും ഉപയോക്തൃ അടിസ്ഥാനം വിപുലീകരിക്കുകയും ചെയ്യുന്നതിന് ഇത് സഹായിച്ചുവെന്നാണ് അദേഹം പറഞ്ഞത്.

പരാതിക്കാരിയുടെ വാദങ്ങള്‍

താൻ എട്ട് വയസിൽ യൂട്യൂബിലും ഒമ്പത് വയസിൽ ഇൻസ്റ്റഗ്രാമിലും അക്കൗണ്ട് തുറന്നതായും പിന്നീട് കൂടുതൽ സമയം ഇൻസ്റ്റഗ്രാമിൽ ചെലവഴിക്കാൻ തുടങ്ങിയതായും പരാതിക്കാരി കോടതിയിൽ പറഞ്ഞു. ഇൻഫിനിറ്റ് സ്ക്രോൾ പോലുള്ള സവിശേഷതകൾ ഉപയോക്താക്കളെ ആപ്പിൽ പിടിച്ചിരുത്താൻ ഉദ്ദേശിച്ചുള്ളത് ആണെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയില്‍ വാദിച്ചു.

ഇതിനിടെ, ന്യൂ മെക്സിക്കോയിലെ മറ്റൊരു കേസിൽ മെറ്റയ്ക്ക് 375 മില്യൺ ഡോളർ കോടതി പിഴ ചുമത്തിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് കോടതി കണ്ടെത്തിയത്. പ്ലാറ്റ്‌ഫോമുകൾ കുട്ടികളെ ലൈംഗിക ഉള്ളടക്കത്തിനും ദുരുപയോഗ സാധ്യതകൾക്കും വിധേയമാക്കിയെന്നതും ജൂറി കണ്ടെത്തി.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming