പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യു, ചൈനീസ് വിപണിയിൽ പുതിയ ഐക്യു ഇസഡ്‌11 അവതരിപ്പിച്ചു. 9,020 എംഎഎച്ച് എന്ന വമ്പൻ ബാറ്ററിയും 90 വാട്‌സ് ഫാസ്റ്റ് ചാർജിംഗുമാണ് ഈ ഫോണിന്റെ പ്രധാന ആകർഷണം. മീഡിയാടെക്ക് ഡൈമൻസിറ്റി 8500 പ്രോസസറിൽ പ്രവർത്തിക്കുന്ന ഫോണിന് 165 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള അമോലെഡ് ഡിസ്‌പ്ലേയും 50 മെഗാപിക്സൽ ഡ്യുവൽ ക്യാമറയുമുണ്ട്.

ബെയ്‌ജിങ്: പ്രശസ്‍ത സ്‍മാർട്ട്ഫോൺ ബ്രാൻഡായ ഐക്യു ചൈനീസ് വിപണിയിൽ പുതിയ ഐക്യു ഇസഡ്‌11 സ്‍മാർട്ട്ഫോൺ പുറത്തിറക്കി. ഈ ഹാൻഡ്സെറ്റ് ശക്തമായ ബാറ്ററിയും ഹൈ-എൻഡ് ഫീച്ചറുകളും കൊണ്ട് ശ്രദ്ധ നേടുകയാണ്. ഐക്യു ഇസഡ്‌11-ൽ 2800×1260 റെസല്യൂഷനും 165 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റോടും കൂടിയ 6.83 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗെയിമിംഗ് അനുഭവം മെച്ചപ്പെടുത്താൻ 300 ഹെര്‍ട്‌സ് ടച്ച് സാംപ്ലിംഗ് റേറ്റും നൽകിയിരിക്കുന്നു.

ഐക്യു ഇസഡ്‌11 ക്യാമറ, ബാറ്ററി, ഡിസ്‌പ്ലെ

4nm ടെക്നോളജിയിൽ നിർമ്മിച്ച മീഡിയാടെക്ക് ഡൈമൻസിറ്റി 8500 പ്രോസസറിലാണ് പുതിയ ഐക്യു ഇസഡ്‌11 പ്രവർത്തിക്കുന്നത്. പരമാവധി 16 ജിബി റാമും 512 ജിബി സ്റ്റോറേജും ലഭ്യമാണ്. ആൻഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയ ഒറിജിൻ ഒഎസ് 6 ആണ് ഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം. എഐ അടിസ്ഥാനമാക്കിയ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ക്യാമറ വിഭാഗത്തിൽ, 50-മെഗാപിക്‌സൽ പ്രധാന സെൻസറോടുകൂടിയ ഡ്യുവൽ റിയർ ക്യാമറയാണ് നൽകിയിരിക്കുന്നത്. 2-മെഗാപിക്‌സൽ ഡെപ്‍ത് സെൻസറും കൂടെയുണ്ട്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 16-മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു. 4കെ വീഡിയോ റെക്കോർഡിംഗ് സൗകര്യവും ലഭ്യമാണ്.

ഐക്യു ഇസഡ്‌11 സ്‌മാര്‍ട്ട്‌ഫോണിന്‍റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത 9,020 എംഎഎച്ച് ശേഷിയുള്ള വമ്പൻ ബാറ്ററിയാണ്. 90 വാട്‌സ് ഫാസ്റ്റ് ചാർജിംഗിനും ഒടിജി റിവേഴ്‌സ് ചാർജിംഗിനും ഇത് പിന്തുണ നൽകുന്നു. കൂടാതെ 5ജി, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.4, എൻഎഫ്‍സി, ജിപിഎസ് എന്നിവയും യുഎസ്‍ബി ടൈപ്പ് സി പോർട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിസൈൻ മേഖലയിൽ പ്ലാസ്റ്റിക് മിഡ്-ഫ്രെയിം ഉപയോഗിച്ചിട്ടുള്ള ഫോണിന് ഐപി68, ഐപി69 ഡസ്റ്റ്-വാട്ടർ റെസിസ്റ്റൻസ് ലഭ്യമാണ്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഉൾപ്പെടുത്തിയിരിക്കുന്നു. 216.5 ഗ്രാം ഭാരം വരുന്ന ഐക്യു ഇസഡ്‌11 ഫോണിന്‍റെ കനം 8.25 എംഎം ആണ്.

ഐക്യു ഇസഡ്‌11 വില

ഐക്യു ഇസഡ്‌11-ന്‍റെ 8 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്‍റിന്‍റെ വില ചൈനയിൽ സിഎൻവൈ 2,299 (ഏകദേശം 31,200 രൂപ) ആണ്. അതേസമയം 12 ജിബി + 256 ജിബി, 16 ജിബി + 256 ജിബി, 12 ജിബി + 512 ജിബി, 16 ജിബി + 512 ജിബി ഓപ്ഷനുകൾക്ക് യഥാക്രമം സിഎൻവൈ 2,499 (ഏകദേശം 34,000 രൂപ), സിഎൻവൈ 2,799 (ഏകദേശം 38,100 രൂപ), സിഎൻവൈ 2,999 (ഏകദേശം 40,800 രൂപ), സിഎൻവൈ 3,399 (ഏകദേശം 46,300 രൂപ) എന്നിങ്ങനെയാണ് വില. നാല് നിറങ്ങളിലാണ് ഹാൻഡ്‌സെറ്റ് ലഭ്യമാകുന്നത്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ഇത് നിലവിൽ ചൈനയിൽ വിൽപ്പനയ്‌ക്കെത്തുന്നത്.

അതേസമയം, ഇപ്പോൾ ചൈനയിൽ മാത്രമാണ് ഈ ഫോണിന്‍റെ വിൽപ്പന കമ്പനി ആരംഭിച്ചിരിക്കുന്നത്. ഐക്യു ഇസഡ്‌11 സ്‌മാര്‍ട്ട്ഫോണ്‍ ഇന്ത്യയിൽ പുറത്തിറക്കാനുള്ള പദ്ധതികൾ കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും, മികച്ച ബാറ്ററിയും ഹൈ റിഫ്രഷ് റേറ്റ് ഡിസ്പ്ലേയുമായുള്ള ഈ സ്‍മാർട്ട്ഫോൺ വിപണിയിൽ വലിയ ശ്രദ്ധ നേടുമെന്നാണ് വിലയിരുത്തൽ.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming