ദില്ലി: പുതിയ മോട്ടോ എക്സ് അടുത്ത വര്‍ഷം ആദ്യം  പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. മോട്ടോ ഫോണ്‍ നിര്‍മ്മാതാക്കളായ ലെനോവ വക്താവ് ഈ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മോട്ടോ എക്സ് നിര്‍മ്മാണം ലെനോവ അവസാനിച്ചു എന്ന വാര്‍ത്ത വെറും അഭ്യൂഹമാണ് എന്ന് വ്യക്തമായിരിക്കുകയാണ്.

അടുത്തിടെ മോട്ടോ എക്സ് എന്ന പേരില്‍ ഫോണിന്‍റെ ചിത്രങ്ങള്‍ ചൈനീസ് സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പ്രചരിച്ചിരുന്നു. ഫോട്ടോയിലെ സൂചനകള്‍ പ്രകാരം പൂര്‍ണ്ണമായും മെറ്റല്‍ ബോഡിയില്‍ തീര്‍ത്തതാണ് ലെനോവ മോട്ടോ എക്സ്. പിന്നില്‍ വലിയ വൃത്തത്തിലുള്ള ക്യാമറ പാനല്‍ ആണ് ഫോണിനുള്ളത്. 

ഫോണിന്‍റെ സ്റ്റാര്‍ട്ട്ബട്ടണ്‍ സാധാരണ മോട്ടോ ബട്ടണുകളില്‍ നിന്നും മാറി ദീര്‍ഘ വൃത്താകൃതിയിലായിരിക്കും പുതിയ മോട്ടോ എക്സില്‍. ഇപ്പോള്‍ ചോര്‍ന്നിരിക്കുന്ന ചിത്രത്തിലെ ഫോണ്‍ സില്‍വര്‍ കളറില്‍ ആണെങ്കിലും സ്വര്‍ണ്ണവര്‍ണ്ണത്തിലും ഈ ഫോണ്‍ ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.