എല്ലാറ്റിനെയും എഐ എന്ന് വിശേഷിപ്പിക്കാനുള്ള പ്രവണത ഇന്ത്യന്‍ ടെക് കമ്പനികള്‍ക്കുണ്ട് എന്ന വിമര്‍ശനവുമായി ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി
മുംബൈ: ഇന്ത്യന്‍ ടെക് കമ്പനികള്‍ സാധാരണ സോഫ്റ്റ്‌വെയറുകളെ എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) എന്ന് വിശേഷിപ്പിക്കുന്നുവെന്ന വിമര്‍ശനവുമായി ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി. ടിഐഇ കോണ്‍ മുംബൈ 2025ലാണ് നാരായണ മൂര്‍ത്തിയുടെ ഈ പ്രസ്താവന. 'എല്ലാറ്റിനെയും എഐ എന്ന് വിശേഷിപ്പിക്കാനുള്ള പ്രവണത ഇന്ത്യയിലുണ്ട്. വളരെ സാധാരണമായ പല പ്രോഗ്രാമുകളെയും എഐ എന്ന് വിശേഷിക്കുന്നത് കണ്ടിട്ടുണ്ട്' എന്നുമാണ് എന്‍ ആര്‍ നാരായണ മൂര്‍ത്തിയുടെ വിമര്‍ശനം എന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന് മെഷീന്‍ ലേണിംഗും ഡീപ് ലേണിംഗും അടിസ്ഥാനമാണെന്ന് എന്‍ ആര്‍ നാരായണ മൂര്‍ത്തി പറഞ്ഞു. എഐ എന്നാല്‍ മെഷീന്‍ ലേണിംഗാണ്. ധാരാളം ഇന്‍പുട്ട് ഡാറ്റ മെഷീന്‍ ലേണിംഗിന് അനിവാര്യമാണ്. അതേസമയം ഡീപ് ലേണിംഗ് എന്നത് എഐയിലെ വളരെ നവീനമായ ഘടകമാണ് എന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ എഐ ടൂളുകള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധിക്കുന്ന കമ്പനികളിലൊന്നാണ് ഇന്‍ഫോസിസ്. സ്മോള്‍ ലാംഗ്വേജ് മോഡല്‍ (എസ്എല്‍എം) ആണ് ഇന്‍ഫോസിസ് പ്രധാനമായും ശ്രദ്ധ പതിപ്പിക്കുന്ന മേഖല.
ആഴ്‌ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യാന്‍ യുവജനത തയ്യാറാവണം എന്ന ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തിയുടെ ആഹ്വാനം മുമ്പ് വലിയ വിവാദമായിരുന്നു. താൻ ആഴ്ചയിൽ ആറര ദിവസം ജോലി ചെയ്തിരുന്നതായും എല്ലാ ദിവസവും രാവിലെ ആറരയ്ക്ക് ഓഫീസിൽ എത്തി വൈകിട്ട് ആറര വരെ ജോലി ചെയ്യുമായിരുന്നുവെന്നും, ചില ദിവസങ്ങളിൽ ഇത് രാത്രി 8:30 വരെ നീണ്ടു പോകാറുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാല്‍ നാരായണ മൂര്‍ത്തിയുടെ പരാമര്‍ശം സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചർച്ചകൾക്ക് തുടക്കമിടുകയും ഒപ്പം ശക്തമായ വിമർശനങ്ങൾ ഉയരുകയും ചെയ്തു.
