എഐ ഇമേജ് ക്രിയേഷൻ ടൂളായ നാനോ ബനാന കൊടുങ്കാറ്റിൽ കടപുഴകി ഓപ്പൺഎഐയും ഗ്രോക്കും ഉൾപ്പെടെയുള്ളവർ. ആപ്പ് സ്റ്റോറിന്റെ സൗജന്യ ആപ്പ് ചാർട്ടിൽ ഗൂഗിൾ ജെമിനി ഒന്നാം സ്ഥാനത്തെത്തി.
നാനോ ബനാന കൊടുങ്കാറ്റിൽ കടപുഴകി ഓപ്പൺഎഐയും ഗ്രോക്കും ഉൾപ്പെടെയുള്ള എഐ എതിരാളികൾ. ഇന്ത്യയിലും അമേരിക്കയിലും ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി, ഇലോൺ മസ്‌കിന്റെ ഗ്രോക്ക് തുടങ്ങിയ എതിരാളികളെ മറികടന്ന് ആപ്പിൾ ആപ്പ് സ്റ്റോറിന്റെ സൗജന്യ ആപ്പ് ചാർട്ടിൽ ഗൂഗിൾ ജെമിനി ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. നാനോ ബനാന ട്രെൻഡാണ് ഗൂഗിൾ ജെമിനിയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. ഗൂഗിൾ ഡീപ് മൈൻഡ് സിഇഒ ഡെമിസ് ഹസാബിസ് സോഷ്യൽ മീഡിയയിൽ ജെമിനി ടീമിനെ പ്രശംസിച്ചു. ഇതൊരു തുടക്കം മാത്രമാണെന്ന് അദ്ദേഹം എന്ന് പറഞ്ഞു.
നാനോ ബനാന
ഓഗസ്റ്റിൽ ആരംഭിച്ച് വൈറലായ "നാനോ ബനാന" എന്ന സോഷ്യൽ മീഡിയ ട്രെൻഡാണ് ജെമിനിയുടെ കുതിപ്പിന് പിന്നിൽ. നേരത്തെ ചാറ്റ്ജിപിടിക്ക് ഉയർന്ന ജനപ്രീതി നേടിക്കൊടുത്ത ഗിബ്ലി സ്റ്റുഡിയോ ട്രെൻഡിന് സമാനമാണിത്. നാനോ ബനാന ഫീച്ചർ ഉപയോഗിച്ച് ജെമിനി ആപ്പിൽ ഫോട്ടോകൾ അപ്‌ലോഡ് ചെയ്ത് പ്രോംപ്റ്റ് നൽകിക്കൊണ്ട് ഉപയോക്താക്കൾക്ക് അവരുടെ ഫോട്ടോകളെ അക്രിലിക് ബേസുകളും കളക്ടർ-സ്റ്റൈൽ പാക്കേജിംഗും ഉള്ള ഹൈപ്പർ-റിയലിസ്റ്റിക് 3D പ്രതിമകളാക്കി മാറ്റാൻ കഴിയും. ഈ സവിശേഷത പൂർണ്ണമായും സൗജന്യമാണെന്നും ജെമിനി ആപ്പ് വഴി എല്ലാ ഉപയോക്താക്കൾക്കും ആക്‌സസ് ചെയ്യാമെന്നും ഗൂഗിൾ പറയുന്നു. ഇത് പൊതുജനങ്ങളെയും ദൈനംദിന ഉപയോക്താക്കളെയും ഒരുപോലെ ആകർഷിച്ചു. പ്രത്യേകിച്ച് ഇന്ത്യയിൽ, രാഷ്ട്രീയക്കാരും സെലിബ്രിറ്റികളും ഈ പ്രവണതയിൽ പങ്കുചേർന്നിട്ടുണ്ട്. ഇത് ഉപയോഗിച്ച് ഇതുവരെ ദശലക്ഷക്കണക്കിന് ചിത്രങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
ജെമിനിയുടെ ഈ വളർച്ച ചാറ്റ്ബോട്ടുകൾക്കിടയിലെ കടുത്ത മത്സരത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഓപ്പൺഎഐയുടെ ചാറ്റ്ജിപിടിക്ക് വലിയൊരു ആഗോള ഉപയോക്തൃ അടിത്തറയുണ്ട്. എന്നാൽ ഗൂഗിൾ ജെമിനി ഉപയോക്താക്കളെ ആകർഷിക്കാൻ അതിന്റെ പ്രധാന ശക്തികളായ നേറ്റീവ് മൾട്ടിമോഡാലിറ്റി, ഗൂഗിളിന്റെ ഇക്കോസിസ്റ്റവുമായുള്ള സംയോജനം തുടങ്ങിയ കാര്യങ്ങൾ ഉപയോഗിക്കുന്നു.
ഗ്രോക്കിനെ മികച്ച റാങ്കിംഗിൽ നിന്ന് ആപ്പിൾ മനഃപൂർവ്വം മാറ്റി നിർത്തുന്നുവെന്ന് ഇലോൺ മസ്‌ക് ആരോപിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആപ്പ് സ്റ്റോർ റാങ്കിംഗിൽ ഗൂഗിൾ ചാറ്റ്ബോട്ടിന്റെ ഉയർച്ചയും സംഭവിക്കുന്നത്. ഓഗസ്റ്റിൽ ഓപ്പൺഎഐയുടെ റാങ്കിംഗിനെ കൂടുതൽ അനുകൂലിക്കുന്നതായി ആരോപിച്ച് മസ്‌ക് ആപ്പിളിനെതിരെ കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ മസ്‌കിന്റെ വിമർശനത്തിന് തൊട്ടുപിന്നാലെ, ജെമിനി ഉൾപ്പെടെയുള്ള മറ്റ് എഐ ആപ്പുകൾ ഈ അവകാശവാദങ്ങളെ എതിർത്ത് ഒന്നാം സ്ഥാനത്തെത്തി എന്നത് ശ്രദ്ധേയമാണ്.



