വാഷിംഗ്‍ടൺ ഡി.സി: ചന്ദ്രയാൻ - 2 ദൗത്യത്തിന്‍റെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങുകയായിരുന്നുവെന്ന് നാസ. ഭൂതല നിയന്ത്രണകേന്ദ്രവുമായി വിക്രം ലാൻഡറിന്‍റെ ബന്ധം വിച്ഛേദിക്കപ്പെട്ടത് അങ്ങനെയാണ്. നാസയുടെ ലൂണാർ റെക്കോനിസൻസ് ഓർബിറ്റർ ആ പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും ചിത്രങ്ങൾ ലഭിച്ചില്ലെന്നും നാസ വ്യക്തമാക്കി. വിക്രമിന്‍റെ ലാൻഡിംഗ് പ്രദേശത്തിന്‍റെ ചിത്രങ്ങളും നാസ പുറത്തുവിട്ടിട്ടുണ്ട്. 

ഒരു ചന്ദ്രപ്പകൽ, അതായത് 14 ദിവസം മാത്രമാണ് വിക്രം ലാൻഡറുമായി ബന്ധം സ്ഥാപിക്കാൻ ഇസ്രൊയ്ക്ക് മുന്നിലുണ്ടായിരുന്നത്. ആ സമയമാകട്ടെ കഴിഞ്ഞ ശനിയാഴ്ച അവസാനിക്കുകയും ചെയ്തു. വിക്രം ഇറങ്ങാൻ ശ്രമിച്ച ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ നിന്ന് കൂടുതൽ ചിത്രങ്ങൾ അടുത്ത ചന്ദ്രപ്പകൽ കാലം, അതായത്, ഒക്ടോബറിൽ പകർത്തുമെന്ന് നാസ അറിയിച്ചു.

''ചന്ദ്രയാൻ - 2 ന്‍റെ ലാൻഡർ സെപ്റ്റംബർ 7-ന് ചന്ദ്രോപരിതലത്തിലെ സിംപേളിയസ് എൻ, മാൻസിനസ് സി എന്നീ ഗർത്തങ്ങൾക്കിടയിലെ ഉയർന്ന മേഖലയിൽ ഇറങ്ങാൻ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. വിക്രം ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങുകയായിരുന്നു. എവിടെയാണ് വിക്രം ലാൻഡർ ഇടിച്ചിറങ്ങിയെന്ന് ഇനിയും വ്യക്തമായിട്ടില്ല'', നാസ ട്വിറ്ററിൽ കുറിച്ചു. 

സെപ്റ്റംബർ 17-നാണ് നാസയുടെ ലൂണാർ റിക്കോണിസൻസ് ഓർബിറ്റർ (LRO) ചിത്രങ്ങൾ പകർത്തിയത്. ''വൈകിട്ടോടെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. എന്നാൽ ഞങ്ങളുടെ സംഘത്തിന് ലാൻഡറിനെ കണ്ടെത്താനായില്ല'', നാസ വ്യക്തമാക്കി. കൃത്യമായ വെളിച്ചം ഈ മേഖലയിൽ വീഴുന്ന സമയത്ത്, അതായത് ഒക്ടോബറിൽ, ഓർബിറ്റർ വീണ്ടും ഈ മേഖലയിലൂടെ പറന്ന് ചിത്രങ്ങളെടുക്കാൻ ശ്രമിക്കുമെന്ന് നാസ വ്യക്തമാക്കി. 

വിക്രം ലാൻഡറിന് എന്തുപറ്റിയെന്നത് ദേശീയ തലത്തിലുള്ള ഒരു സമിതി പരിശോധിച്ചുവരികയാണെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ വ്യക്തമാക്കിയിരുന്നു. ''ലാൻഡറിൽ നിന്ന് സിഗ്നലുകൾ കിട്ടിയിട്ടില്ല. ഇത് പഠിയ്ക്കാനായി നിയോഗിക്കപ്പെട്ട സമിതി റിപ്പോർട്ട് സമർപ്പിച്ച ശേഷം ഭാവിപരിപാടികൾ ആലോചിക്കും. ഇതിനായി പ്രത്യേക അനുമതികൾ നേടിയ ശേഷം തുടർനടപടികൾ തീരുമാനിക്കും"', കെ ശിവൻ വ്യക്തമാക്കി. 

ഇനി ഇസ്രൊയ്ക്ക് മുന്നിലുള്ള പ്രധാന ദൗത്യം ഗഗൻയാനാണെന്നും കെ ശിവൻ വ്യക്തമാക്കി. 

ആയിരം കോടി ചെലവിട്ട ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യം ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ ചാന്ദ്രദൗത്യങ്ങളിൽ ഒന്നാണ്. ഇത് വിജയിച്ചിരുന്നെങ്കിൽ അത് ബഹിരാകാശഗവേഷണ ചരിത്രത്തിലെത്തന്നെ വഴിത്തിരിവായേനെ. 

ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത് വിജയകരമായിരുന്നെങ്കിൽ ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമാകുമായിരുന്നു ഇന്ത്യ. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ മാത്രമേ ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ. മാത്രമല്ല, ഏറെ സങ്കീർണതകളുള്ള, ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറുമായിരുന്നു.