Asianet News MalayalamAsianet News Malayalam

ഡിജിറ്റല്‍ യൂത്ത് ഹാക്കത്തോണ്‍: ഒരു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് നെസ്റ്റ് ഡിജിറ്റല്‍

പ്രൊഫഷണൽ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരിക്കാം. വിജയികള്‍ക്ക് ഒരു ലക്ഷം രൂപവരെ സമ്മാനവും തൊഴിലവസരങ്ങളും നേടാം.

Nest Digital launches Digital Youth Hackathon kerala
Author
First Published Dec 7, 2022, 5:03 PM IST

നെസ്റ്റ് ഗ്രൂപ്പിന്‍റെ എന്‍ജിനീയറിങ് ട്രാന്‍സ്‍ഫര്‍മേഷന്‍ വിഭാഗമായ നെസ്റ്റ് ഡിജിറ്റല്‍ സംഘടിപ്പിക്കുന്ന 'ഡിജിറ്റല്‍ യൂത്ത് ഹാക്കത്തോണ്‍ 2022-23' ആരംഭിച്ചു. 

കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി, ഐസിടി അക്കാഡമി ഓഫ് കേരള (ഐസിടിഎകെ) എന്നിവയുമായി ചേര്‍ന്നാണ് ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്. കെ.ടി.യു വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസ് ഹാക്കത്തോണ്‍ ലോഞ്ച് ചെയ്തു.

ആദ്യഘട്ട മത്സരങ്ങള്‍ ഡിസംബര്‍ 16-ന് തുടങ്ങും. 2023 ഫെബ്രുവരി ആദ്യ ആഴ്ച്ച വിജയികളെ പ്രഖ്യാപിക്കും. 

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ആശയരൂപീകരണം, കോഡിങ്, പ്രശ്‌നപരിഹാരം (പ്രോബ്ലം സോൾവിങ്) എന്നീ കഴിവുകൾ തെളിയിക്കാനുള്ള മികച്ച അവസരമാണ് ഹാക്കത്തോണെന്ന് നെസ്റ്റ് ഡിജിറ്റല്‍ വിശദീകരിക്കുന്നു.

അതിനൂതന സാങ്കേതിക വിദ്യകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുന്നതിനൊപ്പം ഈ രംഗത്തെ പ്രഗത്ഭരായ ആളുകളുമായി സംവദിക്കാനുമുള്ള അവസരവും കൂടിയാകും ഹാക്കത്തോണ്‍. മത്സരത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ അവരുടെ മാര്‍ഗനിര്‍ദേശങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. 

ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനം. രണ്ടാം സ്ഥാനക്കാര്‍ക്ക് അരലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 35,000 രൂപയും ലഭിക്കും. കൂടാതെ, മത്സരങ്ങളിൽ മികവ് പുലർത്തുന്നവർക്ക് നെസ്റ്റ് ഡിജിറ്റലില്‍ ജോലി ചെയ്യാനുള്ള അവസരവും ലഭിക്കും.

കോഡത്തോണ്‍, ഐഡിയത്തോണ്‍+ഹാക്കത്തോണ്‍ വിഭാഗങ്ങളിലാണ് മത്സരം. 2023-ല്‍ കെ.ടി.യുവില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നെസ്റ്റ് ഡിജിറ്റല്‍ പ്ലേസ്‌മെന്റ് ഡ്രൈവും ഇന്‍റേണ്‍ഷിപ്പും സംഘടിപ്പിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള ഒരു പൊതുവേദിയാണ് ഈ ഹാക്കത്തോണ്‍. സാമൂഹിക പ്രശ്‌നങ്ങളെ സാങ്കേതികവിദ്യ കൊണ്ട് പരിഹരിക്കാന്‍ വിദ്യാർഥികൾ  പ്രാപ്‌തരാവണമെന്നും അതിന് അവര്‍ക്ക് ആവശ്യമായ  വഴികള്‍ കാണിച്ചുകൊടുക്കാനും പഠിപ്പിക്കാനും, സഹായിക്കാനും നെസ്റ്റ് ഡിജിറ്റൽ പോലെയുള്ള  സംരംഭങ്ങൾ കൂടെയുണ്ടാകണമെന്നും കെ.ടി.യു വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസ് പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്ക് അവരുടെ കഴിവുകള്‍ വികസിപ്പിക്കാനും കണ്ടെത്താനും പ്രവര്‍ത്തിക്കാനും ലഭിക്കുന്ന അവസരം എന്ന നിലയില്‍ ഈ ഹാക്കത്തോണിന്‍റെ ഭാഗമാകുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഐസിറ്റി അക്കാദമി ഓഫ് കേരള സി.ഇ.ഒ സന്തോഷ് സി കുറുപ്പ് പറഞ്ഞു. ചെറുപ്പക്കാര്‍ക്ക് കിട്ടുന്ന മികച്ച ഒരവസരമാണ് ഇതെന്നും എല്ലാവരും അത് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാങ്കേതികവിദ്യ ഉപയോഗിച്ച് നമുക്ക് ചുറ്റുമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും സമൂഹത്തിന് വേണ്ടി പ്രയോജനകരമായ എന്തെങ്കിലുമൊക്കെ ചെയ്യാനും യുവാക്കള്‍ക്ക് കിട്ടുന്ന ഒരു മികച്ച വേദിയായിരിക്കും ഹാക്കത്തോണ്‍ എന്ന് നെസ്റ്റ് ഡിജിറ്റലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒ.യുമായ നസ്‌നീന്‍ ജഹാംഗീര്‍ പറഞ്ഞു. പല സ്ഥലങ്ങളില്‍ നിന്ന് കഴിവുള്ള വിദ്യാത്ഥികളെ ഒരുമിപ്പിക്കാനും അവര്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനും ഇത് സഹായിക്കുമെന്നും നെസ്റ്റ് സിഇഒ ചൂണ്ടിക്കാട്ടി.
 
മൂന്ന് ഘട്ടങ്ങളിലായാണ് ഹാക്കത്തോണ്‍ മത്സരങ്ങള്‍ നടക്കുക. കോഡിങ്, പ്രോബ്ലം സോള്‍വിംഗ്, പ്രോട്ടോടൈപ്പ് സ്‌കില്‍സ് എന്നിവയാണ് പരിശോധിക്കുക. ആദ്യഘട്ടം വിര്‍ച്വല്‍ രൂപത്തിലാകും നടക്കുക. രണ്ടും മൂന്നും ഘട്ടങ്ങള്‍ ടീമുകള്‍ തിരിച്ചായിരിക്കും. ഒരു ടീമില്‍ പരമാവധി ആറ് അംഗങ്ങളായിരിക്കും.

ഡിസംബര്‍ 13 വരെയാണ് രജിസ്ട്രേഷൻ. മത്സരാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യാം.

Follow Us:
Download App:
  • android
  • ios