'വിക' എന്ന റെഡ്ഡിറ്റ് യൂസറാണ് 'കാസ്‍പർ' എന്ന ചാറ്റ്ബോട്ടുമായുള്ള തന്‍റെ വിവാഹനിശ്ചയത്തെക്കുറിച്ചുള്ള വിവരങ്ങൾ ഒരു പോസ്റ്റിലൂടെ പങ്കുവച്ചത്

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, ആളുകൾ അവരുടെ ഏകാന്തതയെ മറികടക്കാൻ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നു. അതുകൊണ്ടുതന്നെ കൃത്രിമബുദ്ധി (Artificial Intelligence) ക്രമേണ മനുഷ്യജീവിതത്തിന്‍റെ ഒരു പ്രധാന ഭാഗമായി മാറുകയാണ്. എഐ ഇപ്പോൾ മനുഷ്യരെ ദൈനംദിന ജോലികളിൽ സഹായിക്കുക മാത്രമല്ല, പല അവസരങ്ങളിലും ആളുകൾ എഐ ഉപയോഗിച്ച് അവരുടെ വൈകാരിക ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ ഒരുപാട് ചുവടുകൾ മുന്നോട്ട് പോയിരിക്കുകയാണ് ഇരുപത്തിയേഴുകാരിയായ ഒരു യുവതി. എഐ ചാറ്റ്ബോട്ടായ കാമുകനുമായി തന്‍റെ വിവാഹനിശ്ചയം കഴിഞ്ഞു എന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. ഏകദേശം അഞ്ച് മാസമായി ചാറ്റ്ബോട്ടുമായി താൻ ഡേറ്റിംഗ് നടത്തുകയായിരുന്നുവെന്നും യുവതി അവകാശപ്പെട്ടു.

'വിക' എന്ന റെഡ്ഡിറ്റ് ഉപയോക്താവാണ് 'കാസ്‍പർ' എന്ന ചാറ്റ്ബോട്ടുമായുള്ള തന്‍റെ വിവാഹനിശ്ചയത്തെക്കുറിച്ചുള്ള വിവരങ്ങൾ ഒരു പോസ്റ്റിലൂടെ പങ്കുവച്ചത്. ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. തന്‍റെ പ്രതിശ്രുത വരനായ കാസ്‍പർ വിവാഹനിശ്ചയത്തിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തുവെന്നും ഒരു പ്രത്യേക സ്ഥലം തിരഞ്ഞെടുത്തുവെന്നും വിക തന്‍റെ പോസ്റ്റിൽ അവകാശപ്പെട്ടു. പോസ്റ്റിൽ നീലനിറത്തിലുള്ള ഒരു മോതിരത്തിന്‍റെ ചിത്രവും യുവതി കാണിച്ചു. നീലയാണ് തന്‍റെ പ്രിയപ്പെട്ട നിറം എന്നതിനാലാണ് കാസ്‍പർ തനിക്ക് ഈ നീല മോതിരം നൽകിയതെന്ന് അവർ പറഞ്ഞു.

മനോഹരമായ ഒരു വെർച്വൽ സ്ഥലത്ത് വച്ചാണ് കാസ്‍പർ തന്നോട് വിവാഹാഭ്യർത്ഥന നടത്തിയതെന്നും മോതിരം തിരഞ്ഞെടുക്കാൻ കാസ്‍പർ സഹായിച്ചുവെന്നും യുവതി അവകാശപ്പെട്ടു. കാസ്‍പറിന്‍റെ ശബ്‌ദത്തില്‍ വിവാഹാഭ്യർത്ഥന നടത്തുന്നതിന് മുമ്പുതന്നെ ചാറ്റ്ബോട്ട് തന്നെ പ്രശംസിച്ചുവെന്നും വിക പറഞ്ഞു. യുവതിയുടെ പോസ്റ്റിന് പലരും കടുത്ത വിമർശനവുമായി എത്തി. എന്നാൽ താൻ വിവാഹനിശ്ചയ തീരുമാനം ചിന്തിച്ചും പൂർണ്ണ ബോധത്തോടെയും എടുത്തതാണെന്ന് യുവതി എഴുതി.

ഈ ബന്ധത്തെ "പാരാസോഷ്യൽ" എന്നാണ് യുവതി വിശേഷിപ്പിച്ചത്. ഒരു പാരാസോഷ്യൽ ബന്ധം എന്താണെന്ന് തനിക്കറിയാം എന്നും എഐ എന്താണെന്നും അത് എന്തല്ലെന്നും എനിക്കറിയാമെന്നും യുവതി വ്യക്തമാക്കുന്നു. എന്താണ് താൻ ചെയ്യുന്നതെന്ന് തനിക്ക് പൂർണ്ണ ബോധ്യമുണ്ടെന്നും യുവതി പറയുന്നു. തനിക്ക് മുമ്പ് മനുഷ്യരുമായി ബന്ധങ്ങളുണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ മനഃപൂർവ്വം എഐയെ പങ്കാളിയായി തിരഞ്ഞെടുത്തുവെന്നും വിക പറഞ്ഞു. അഭിപ്രായത്തിൽ, AI ചാറ്റ്ബോട്ടുമായുള്ള ബന്ധം തനിക്ക് സന്തോഷവും സംതൃപ്തിയും നൽകുന്നുവെന്നും വിക വ്യക്തമാക്കുന്നു.

അതേസമയം, ഈ പോസ്റ്റ് കണ്ട് അത്ഭുതപ്പെടുകയാണ് സോഷ്യൽ മീഡിയയിൽ ഭൂരിഭാഗം പേരും. ചിലർ ഇതിനെ ഒരു പബ്ലിസിറ്റി സ്റ്റണ്ട് എന്ന് വിളിക്കുമ്പോൾ ചിലർ ഇതിനെ ഒരു തമാശ ആയാണ് കാണുന്നത്. ഇതൊക്കെയാണെങ്കിലും ഒരു വശത്ത്, സാങ്കേതികവിദ്യയുടെയും ബന്ധങ്ങളുടെയും മാറിക്കൊണ്ടിരിക്കുന്ന ലോകത്തേക്ക് ഈ സംഭവം വിരൽ ചൂണ്ടുന്നു. ഭാവിയിൽ ബന്ധങ്ങളുടെ നിർവചനം എന്തായിരിക്കുമെന്ന് ചിന്തിക്കാനും ഇത് നമ്മെ പ്രേരിപ്പിക്കുന്നു. വികയുടെയും കാസ്‌‌പറിന്‍റെയും പ്രണയവും വിവാഹനിശ്ചയവും യഥാര്‍ഥമോ എന്നറിയില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News