ആൻഡ്രോയ്‌ഡ് 16 ഉം അതിനുശേഷമുള്ള പതിപ്പുകളിലും പ്രവർത്തിക്കുന്ന സ്‍മാർട്ട്‌ഫോണുകൾക്കായി തെഫ്റ്റ് പ്രൊട്ടക്ഷൻ ഫീച്ചറുകൾ കൂടുതൽ ശക്തിപ്പെടുത്തി ഗൂഗിൾ. എന്തൊക്കെയാണ് പുത്തന്‍ ഫീച്ചറുകളെന്ന് വിശദമായി അറിയാം.
തിരുവനന്തപുരം: ഈ ഡിജിറ്റൽ യുഗത്തിൽ, ഒരു സ്മാർട്ട്‌ഫോൺ എന്നത് കോളുകൾ ചെയ്യാനുള്ള വെറുമൊരു ഉപകരണം മാത്രമല്ല. അതിൽ ബാങ്ക് അക്കൗണ്ടുകൾ, ഫോട്ടോകൾ, പ്രധാനപ്പെട്ട രേഖകൾ തുടങ്ങിയവ ഉൾപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ നിങ്ങളുടെ കൈയിൽ നിന്ന് ഫോൺ ആരെങ്കിലും തട്ടിയെടുക്കുക എന്നത് അത്യന്തം അപകടകരമായ ഒരു കാര്യമായിരിക്കും. ഉപയോക്താക്കളുടെ ഈ ഭയം ഇല്ലാതാക്കാൻ എഐയുടെ സഹായത്തോടെ ഗൂഗിൾ ഒരു മാന്ത്രിക പരിഹാരം ആന്‍ഡ്രോയ്‌ഡ് ഫോണുകളിലേക്ക് അവതരിപ്പിച്ചിരിക്കുകയാണ്.
ആൻഡ്രോയ്‌ഡ് 16 ഉം അതിനുശേഷമുള്ള പതിപ്പുകളിലും പ്രവർത്തിക്കുന്ന സ്‍മാർട്ട്‌ഫോണുകൾക്കായി തെഫ്റ്റ് പ്രൊട്ടക്ഷൻ ഫീച്ചറുകൾ കൂടുതൽ ശക്തിപ്പെടുത്തിയിരിക്കുകയാണ് ഗൂഗിൾ. ഫോൺ മോഷണത്തിന് മുമ്പും മോഷണത്തിനിടയിലും ശേഷവുമുള്ള ഡാറ്റ പരിരക്ഷ ആന്‍ഡ്രോയ്‌ഡിലെ ഈ പുതിയ അപ്‌ഡേറ്റ് മെച്ചപ്പെടുത്തും. ഇത് മോഷ്‌ടിച്ച ഫോൺ ഉപയോഗിക്കുന്നത് മോഷ്‍ടാക്കൾക്ക് കൂടുതൽ ബുദ്ധിമുട്ടാക്കും എന്നാണ് ഗൂഗിളിന്‍റെ അവകാശവാദം. ഇത് ഉപയോക്തൃ ഡാറ്റ പരിരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ഫോൺ വളരെ എളുപ്പം വീണ്ടെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ അവരെ അനുവദിക്കുകയും ചെയ്യും.
ആന്‍ഡ്രോയ്‌ഡില്‍ നിരവധി സുരക്ഷാ അപ്‌ഗ്രേഡുകൾ
സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ആന്‍ഡ്രോയ്‌ഡില്‍ നിരവധി അപ്‌ഗ്രേഡുകൾ പുറത്തിറക്കിയിട്ടുണ്ടെന്ന് ഗൂഗിൾ പ്രഖ്യാപിച്ചു. ഇവയിൽ ചിലത് ആൻഡ്രോയിഡ് 16ന് ശേഷമുള്ള പതിപ്പുകൾ പ്രവർത്തിക്കുന്ന ഫോണുകളിലും ചിലത് ആൻഡ്രോയ്ഡ് 10ന് ശേഷമുള്ള പതിപ്പുകൾ പ്രവർത്തിക്കുന്ന ഫോണുകളിലും ലഭ്യമാകും. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട മാറ്റം ഒതന്‍റിക്കേഷനുമായി ബന്ധപ്പെട്ടതാണ്. നിലവിൽ നിരവധി ശ്രമങ്ങൾക്ക് ശേഷം ഫോൺ അൺലോക്ക് ചെയ്യാൻ പരാജയപ്പെട്ടാൽ അത് ലോക്ക് ചെയ്യപ്പെടും. എന്നാൽ പുതിയ അപ്‌ഗ്രേഡിൽ പരാജയപ്പെട്ട ഒതന്‍റിക്കേഷൻ ലോക്കും ഉൾപ്പെടുന്നു. അതായത് ഒതന്‍റിക്കേഷൻ പരാജയപ്പെട്ടാൽ അതും ലോക്കാകും. ഇത് സെറ്റിംഗ്‍സിൽ നിന്ന് ഓണാക്കാനും ഓഫാക്കാനും കഴിയും. ഇത് സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തും.
തെറ്റായി ശ്രമിച്ച ഒരു പാസ്‌വേഡ് പോലും പരിഗണിക്കില്ല. ഇത് സുരക്ഷ വർധിപ്പിക്കുകയും യഥാർഥ ഉപയോക്താവിനെ ലോക്ക് ഔട്ട് ചെയ്യുന്നത് തടയുകയും ചെയ്യും. കൂടാതെ, ബാങ്കിംഗ് ആപ്പുകൾ, ഗൂഗിൾ പാസ്‌വേഡ് മാനേജർ, മറ്റ് സുരക്ഷിത ആപ്പുകൾ എന്നിവ ഇപ്പോൾ ഐഡന്‍റിറ്റി പരിശോധനകൾക്ക് വിധേയമാക്കും. അജ്ഞാതമായ ഒരു സ്ഥലത്ത് നിന്ന് നിങ്ങൾ ഒരു സെൻസിറ്റീവ് സെറ്റിംഗ്‍സ് മാറ്റുകയാണെങ്കിൽ ഫോൺ ബയോമെട്രിക് പരിശോധന ആവശ്യപ്പെടും.
ആവർത്തിച്ചുള്ള തെറ്റായ അൺലോക്കുകൾ ലോക്കൗട്ട് സമയം വർധിപ്പിക്കും
പിൻ അല്ലെങ്കിൽ പാറ്റേൺ തകർക്കാനുള്ള ശ്രമങ്ങൾ തടയുന്നതിനായി ഗൂഗിൾ ലോക്കൗട്ട് സമയം വർധിപ്പിച്ചിട്ടുണ്ട്. ഇത് ബ്രൂട്ട്-ഫോഴ്‌സ് ആക്രമണങ്ങൾ മിക്കവാറും അസാധ്യമാക്കും. കൂടാതെ, ആൻഡ്രോയ്‌ഡ് 10-ലും അതിനുശേഷമുള്ള പതിപ്പുകളിലും റിമോട്ട് ലോക്ക് സവിശേഷത അപ്‌ഗ്രേഡ് ചെയ്‌തു. ഇപ്പോൾ, ഉപയോക്താക്കൾക്ക് വെബ് ബ്രൗസർ ഉപയോഗിച്ച് ഏത് ഡിവൈസിൽ നിന്നും ഫോൺ ലോക്ക് ചെയ്യാൻ കഴിയും. മോഷണത്തിന് ശേഷമുള്ള ഫോൺ വീണ്ടെടുക്കൽ കൂടുതൽ സുരക്ഷിതമാക്കുന്നതിന് അധിക സുരക്ഷയും സജ്ജമാക്കാൻ കഴിയും.
എഐ അധിഷ്ഠിത തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക്
ഗൂഗിളിന്‍റെ ഈ സവിശേഷതകളിൽ ഏറ്റവും ശ്രദ്ധേയമായത് എഐ അധിഷ്ഠിത തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക് ലോക്ക് ആണ്. ഈ സവിശേഷത ഓണാക്കിയ ശേഷം, ആരെങ്കിലും നിങ്ങളുടെ ഫോൺ തട്ടിയെടുത്ത് ഓടിപ്പോകുകയാണെങ്കിൽ, ഫോണിന്‍റെ സെൻസറുകൾ സ്നാച്ച്-ആൻഡ്-റൺ ചലനം കണ്ടെത്തുകയും ഉടൻ തന്നെ സ്ക്രീൻ ലോക്ക് ചെയ്യുകയും ചെയ്യും. ഫോൺ മോഷണങ്ങളുടെ വർധനവ് കാരണം ബ്രസീലിലെ പുതിയ ആൻഡ്രോയ്‌ഡ് ഫോണുകളിൽ ഗൂഗിൾ സ്ഥിരമായി തെഫ്റ്റ് ഡിറ്റക്ഷൻ ലോക്കും റിമോട്ട് ലോക്കും പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. ഭാവിയിൽ ഈ ഫീച്ചർ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.



