ഇന്റര്‍നെറ്റിന് ഇപ്പോഴുള്ളതിനേക്കാള്‍ നൂറിരട്ടി വേഗം കൈവരുന്ന പുതിയ വൈ-ഫൈ സംവിധാനം ശാസ്‌ത്രജ്ഞര്‍ കണ്ടെത്തി. ഇന്‍ഫ്രാറെഡ് കിരണങ്ങളില്‍ അധിഷ്‌ഠിതമായ വൈ-ഫൈ സംവിധാനമാണ് പുതിയതായി വികസിപ്പിച്ചെടുത്തത്. തടസങ്ങളില്ലാതെ കൂടുതല്‍ ഡിവൈസുകളിലേക്ക് കണക്‌ട് ചെയ്യാനാകുമെന്നതും പുതിയ വൈ-ഫൈ സംവിധാനത്തിന്റെ സവിശേഷതയാണ്. നിലവില്‍ വേഗമില്ലാത്ത വൈ-ഫൈയാണ് ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ഏറെ അലോസരപ്പെടുത്തുന്നത്. ഈ അവസ്ഥയ്ക്കാണ് പുതിയ കണ്ടെത്തല്‍ പരിഹാരമാകുന്നത്. ഹോളണ്ടിലെ ഐന്തോവന്‍ സാങ്കേതിക സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പുതിയ കണ്ടുപിടിത്തത്തിന് പിന്നിലുള്ളത്. ഒരു സെക്കന്‍ഡില്‍ കുറഞ്ഞത് 40 ജിബി വേഗമാണ് പുതിയ സംവിധാനത്തിലൂടെ ഇന്റര്‍നെറ്റിന് ലഭിക്കുക. എത്ര ഡിവൈസുകളില്‍ ബന്ധിപ്പിക്കുന്നുവോ, അതിനെല്ലാം ഒരേ വേഗതയില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാനാകുമെന്നതും പുതിയ വൈ-ഫൈയുടെ പ്രത്യേകതയാണ്. നിലവില്‍ ഉപയോഗിക്കുന്ന വൈ-ഫൈ സംവിധാനം ഉപയോഗിച്ച് രണ്ടര മുതല്‍ അഞ്ച് ജിബി വരെ വേഗമുള്ള ഇന്റര്‍നെറ്റാണ് ലഭിക്കുന്നത്. ഈ സ്ഥാനത്താണ് പുതിയ ഇന്‍ഫ്രാറെഡില്‍ അധിഷ്‌ഠിതമായ വൈ-ഫൈ സംവിധാനം ഉപയോഗിച്ച് കുറഞ്ഞത് 40 ജിബി വരെ വേഗതയില്‍ ഇന്ററ്‍നെറ്റ് ഉപയോഗിക്കാനാകുമെന്ന് ഗവേഷകര്‍ ഉറപ്പ് നല്‍കുന്നത്. ഏതായാലും പുതിയ സംവിധാനം വൈകാതെ തന്നെ ആഗോളതലത്തില്‍ പ്രചാരത്തിലാകുമെന്ന പ്രതീക്ഷയിലാണ് ശാസ്‌ത്രലോകം.