വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം പ്രഖ്യാപിച്ച് യൂട്യൂബ്. ഒരു സെക്കൻഡ് വീഡിയോ കണ്ടാൽ പോലും അത് ഒരു വ്യൂ ആയി കണക്കാക്കുന്ന രീതിയിലാണ് മാറ്റം വന്നിരിക്കുന്നത്. ഓഗസ്റ്റ് 24 മുതൽ പുതിയ മാറ്റം.
പുത്തൻ മാറ്റങ്ങൾ പ്രഖ്യാപിച്ച് യൂട്യൂബ്. വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം. ഇനി ഒരു സെക്കൻഡ് വീഡിയോ കണ്ടാൽ പോലും അത് ഒരു വ്യൂ ആയി കണക്കാക്കും. യൂട്യൂബ് ഷോർട്സ് വീഡിയോ വ്യൂ നേരത്തെ ഇങ്ങനെയാണ് കണക്കാക്കുന്നത്. ഇനി യുട്യൂബിലെ എല്ലാ വീഡിയോയ്ക്കും ഈ രീതിയിൽ വ്യൂ എണ്ണും.
ഓഗസ്റ്റ് 24 മുതലാണ് മാറ്റം നിലവിൽ വരിക. പഴയ വീഡിയോകളുടെ വ്യൂസിൽ മാറ്റം വരില്ല. പണ്ടത്തെ രീതിയിലെ വ്യൂ കണക്ക് ഇനി എൻഗേജ്‍ഡ് വ്യൂ എന്നറിയപ്പെടും. ഈ കണക്കിന് അനുസരിച്ചാകും വീഡിയോകൾക്ക് പണം കിട്ടുക. ഫലത്തിൽ പുതിയ വ്യൂ രീതി കാഴ്ചക്കാരുടെ എണ്ണം കൂട്ടി കാണിക്കുന്നതിൽ മാത്രം മാറ്റം കൊണ്ടുവരും. വീഡിയോയിയിൽനിന്ന് പണമുണ്ടാക്കാൻ ആളുകൾ കൂടുതൽ നേരം വീഡിയോ കാണണം.
എന്തുകൊണ്ട് പുതിയ മാറ്റം?
വ്യത്യസ്ത ഫോർമാറ്റുകൾക്ക് വ്യത്യസ്ത രീതികളിൽ വ്യൂസ് കണക്കാക്കുന്നത് വലിയ ആശയക്കുഴപ്പം ഉണ്ടാക്കുന്നു എന്ന് ക്രിയേറ്റർമാർ പരാതിപ്പെട്ടിരുന്നു. തങ്ങളുടെ വീഡിയോകൾക്ക് യഥാർത്ഥത്തിൽ എത്രത്തോളം ആളുകളിലേക്ക് എത്തുന്നുണ്ടെന്ന് കൃത്യമായി മനസ്സിലാക്കാൻ സഹായിക്കുന്നതിനാണ് യൂട്യൂബ് ഈ പുതിയ അപ്ഡേറ്റ് കൊണ്ടുവരുന്നത്.
ഇതുവരെ ഷോർട്സിനും ലോങ്ങ് ഫോം വീഡിയോകൾക്കും വ്യൂസ് കണക്കാക്കാൻ യുട്യൂബ് വ്യത്യസ്ത രീതികളാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ പുതിയ നിയമപ്രകാരം ഒരു വീഡിയോ പ്ലേ ചെയ്യാൻ തുടങ്ങുന്ന ആദ്യത്തെ ഫ്രെയിം മുതൽ തന്നെ അതൊരു വ്യൂ ആയി കണക്കാക്കും. ഈ പുതിയ നിയമം ലോങ്ങ്-ഫോം വീഡിയോകൾ, ഷോർട്സ്, ലൈവ് സ്ട്രീമുകൾ തുടങ്ങി യുട്യൂബിലെ എല്ലാ വീഡിയോ ഫോർമാറ്റുകൾക്കും ഒരേപോലെ ബാധകമായിരിക്കും.
പുതിയ മാറ്റം ചാനലുകളുടെ വ്യൂസ് വർധിപ്പിക്കുമെങ്കിലും അത് വരുമാനത്തെയോ മോണിറ്റൈസേഷനെയോ ബാധിക്കില്ല എന്ന് യുട്യൂബ് വ്യക്തമാക്കുന്നു. ക്രിയേറ്റർമാരുടെ വരുമാനം പഴയതുപോലെ തന്നെ ‘Engaged Shorts views’, ‘Engaged Watch Hours’ എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും നിശ്ചയിക്കുക.
പുതിയ അപ്ഡേറ്റ് വഴി ക്രിയേറ്റർമാരുടെ ആകെ വ്യൂസ് അതിവേഗം ഉയരുമെന്നതിനാൽ, ബ്രാൻഡുകളുമായും സ്പോൺസർമാരുമായും സഹകരിക്കുമ്പോൾ തങ്ങളുടെ ചാനലിന്റെ യഥാർത്ഥ വ്യാപ്തിയും മൂല്യവും ബോധ്യപ്പെടുത്താൻ ക്രിയേറ്റർമാർക്ക് കൂടുതൽ എളുപ്പമാകും.
