ന്യൂയോര്‍ക്ക്: വാര്‍ത്താ, കായിക വെബ്‌സൈറ്റുകള്‍ സൈബര്‍ സുരക്ഷയുടെ കാര്യത്തില്‍ പിന്നിലെന്ന് പഠന റിപ്പോര്‍ട്ട്.  ജേണല്‍ ഓഫ് സൈബര്‍ സെക്യൂരിറ്റി ടെക്‌നോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് ചില മേഖലകള്‍ മറ്റു ചില മേഖലകളെ അപേക്ഷിച്ച് സൈബര്‍ സുരക്ഷയുടെ കാര്യത്തില്‍ ശ്രദ്ധിക്കുന്നുണ്ടെന്നാണ്. കംപ്യൂട്ടര്‍, സാങ്കേതികവിദ്യ വെബ്‌സൈറ്റുകളും ധനകാര്യ സ്ഥാപനങ്ങളുടെ വെബ് സൈറ്റുകളും സുരക്ഷയില്‍ അതീവ ശ്രദ്ധ പുലര്‍ത്തുമ്പോള്‍ ഷോപ്പിങ്, ഗെയിമിങ് സൈറ്റുകള്‍ ഇക്കാര്യത്തില്‍ പിന്നിലാണ്. ഇതിനേക്കാള്‍ പുറകിലാണ് വാര്‍ത്താ കായിക വെബ് സൈറ്റുകളുടെ സ്ഥാനം. 

പത്ത് ശതമാനത്തില്‍ താഴെ മാത്രം വാര്‍ത്താ, കായിക വെബ്‌സൈറ്റുകള്‍ മാത്രമാണ് അടിസ്ഥാനപരമായ സുരക്ഷയുടെ കാര്യത്തില്‍ പോലും ശ്രദ്ധ ചെലുത്തുന്നതെന്നാണ് പഠനം തെളിയിക്കുന്നത്. കാലം ചെല്ലുമ്പോള്‍ നിലവില്‍ സുരക്ഷിതമെന്ന് കരുതുന്ന പല വെബ് സൈറ്റുകളും സുരക്ഷിതമല്ലാതാകുമെന്ന് സറേ സര്‍വകലാശാലയിലെ സൈബര്‍ സുരക്ഷാ വിദഗ്ധന്‍ പ്രൊഫ. അലന്‍ ബുഡ്വാര്‍ഡ് പറയുന്നു. 

സറേ സര്‍വ്വകലാശാലയുടെ തന്നെ വെബ്‌സൈറ്റ് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് പരിശോധിച്ചപ്പോള്‍ എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയതെങ്കിലും ഇപ്പോള്‍ അതിന് സി സര്‍ട്ടിഫിക്കറ്റിനുള്ള യോഗ്യത മാത്രമേ ഉള്ളൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആക്ഷേപഹാസ്യം കൈകാര്യം ചെയ്യുന്ന ചില വെബ് സൈറ്റുകള്‍ പോലും ഇത്തരം വെബ്‌സൈറ്റുകളേക്കാള്‍ മികച്ച സൈബര്‍ സുരക്ഷ ഉറപ്പുവരുത്തുന്നുണ്ട്.