ന്യൂയോര്‍ക്ക്: നോക്കിയ 3310 3ജി പതിപ്പ് ഒക്ടോബര്‍ 29ന് വില്‍പ്പനയ്ക്ക് എത്തും. ഏറെ കാത്തിരുന്ന ക്ലാസിക് മോഡലിന്‍റെ തിരിച്ചുവരവില്‍ നോക്കിയ ആരാധകരെ നിരാശപ്പെടുത്തിയത് ഫോണില്‍ 2ജി സൌകര്യം മാത്രമേ ലഭ്യമാകൂ എന്നതായിരുന്നു. 

4ജി കാലത്ത് 2ജി ഫോണ്‍ ഉപയോഗിക്കുന്നതല്ല ഈ ഫോണിനെ ചതിച്ചത്.പല രാജ്യങ്ങളിലും 2ജി സേവനം ഇപ്പോള്‍ ലഭ്യമല്ല. മൊബൈല്‍ഫോണ്‍ വ്യാപകമായ കാലത്ത് ഏവരുടെയും ഇഷ്ട മോഡലില്‍ ഒന്നായിരുന്നു നോക്കിയ 3310. കൂടുതല്‍ ഫീച്ചറുകളുള്ള ഫോണുകള്‍ വിപണിയില്‍ സജീവമായതോടെ പിന്‍വലിക്കപ്പെടുകയായിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു നോക്കിയ 3310യുടെ തിരിച്ചുവരവ്.

1200 എംഎഎച്ച് ബാറ്ററി, 2 മെഗാ പിക്‌സല്‍ ക്യാമറ, 6.5 മണിക്കൂര്‍ ടോക്ക് ടൈം തുടങ്ങിയവയാണ് ഫോണിന്‍റെ സവിശേഷതകള്‍. അഷര്‍, ചാര്‍ക്കോള്‍ നിറങ്ങളില്‍ സില്‍വര്‍ നിറത്തിലുള്ള കീപാഡോഡു കൂടി ലഭ്യമാകുന്ന ഫോണിന്റെ ത്രിജി പതിപ്പ് മഞ്ഞ, ചുവപ്പ് നിറങ്ങളിലും ലഭ്യമാകും. 

കൂടാതെ പഴയ മോഡലിനെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ റെട്രോ യൂസര്‍ ഇന്റര്‍ഫേസും ത്രിജി മോഡലിനുണ്ടാകും. ഇന്ത്യയില്‍ ലഭ്യമാകുന്നത് എന്നുമുതലായിരിക്കും എന്ന് പറയാറായിട്ടില്ല. ത്രിജി മോഡലിന് 4000 രൂപയ്ക്കടുത്ത് വില പ്രതീക്ഷിക്കാം.